2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇങ്ങനെയും ഉണ്ട് ഇന്ത്യന്‍ ബാല്യം; കുടിവെള്ളത്തിനായി പാത്രങ്ങളുമായി 14 കിലോമീറ്റര്‍ ട്രെയിനില്‍ യാത്രചെയ്ത് 10 ഉം 12ഉം വയസ്സുകാര്‍

 

ഔറംഗാബാദ്: ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടയുടന്‍ വേഗം വീട്ടിലെത്തുക, ശേഷം ബക്കറ്റുകളും വെള്ളം ശേഖരിക്കാന്‍ കഴിയുന്ന മറ്റു പാത്രങ്ങളുമായി മുകുന്ദ്‌വാഡി റെയില്‍വേ സ്റ്റേഷനിലേക്ക് ഓടുക, അവിടെ ഹൈദരാബാദ് പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടുണ്ടാവും, അതില്‍ കയറി ഏഴു കിലോമീറ്റര്‍ ട്രെയിനില്‍ യാത്രചെയ്ത് ഔറംഗാബാദ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുംക, വെള്ളം ശേഖരിച്ച ശേഷം മറ്റൊരു ട്രെയിനില്‍ തിരിച്ചുവീട്ടിലെത്തുക, അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരിക്കും…! ഔറംഗാബാദിലെ പത്തുവയസ്സുകാരനായ സിദ്ധാര്‍ത്ഥിന്റെ പതിവ് ജീവിതമാണിത്.

അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രാദൂരം 14 കിലോമീറ്റര്‍ മാത്രമുള്ളൂവെങ്കിലും ട്രെയിനിന്റെ കുറഞ്ഞ വേഗതയും വണ്ടികളുടെ കുറവുംകാരണം മൂന്നുമണിക്കൂര്‍ പിടിക്കും തിരിച്ചുവീട്ടിലെത്താന്‍. പലപ്പോഴും യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ പോലും സ്ഥലം ലഭിക്കാത്ത പാസഞ്ചര്‍ ട്രെയിനുകളില്‍ വെള്ളം നിറച്ച ബക്കറ്റുകളും പാത്രങ്ങളുമായി കയറുന്ന സിദ്ധാര്‍ത്ഥിന് യാത്രക്കാരുടെ വക ചീത്തയും കേള്‍ക്കണം. ഔറംഗാബാദ് റെയില്‍വേ സ്റ്റേഷനില്‍ പാത്രങ്ങളില്‍ വെള്ളം നിറയ്ക്കാന്‍ 40 മിനിറ്റ് മതി. എന്നാല്‍ അത് തവിയാതെ വീട്ടിലെത്തിക്കാനാണ് പ്രയാസം. എങ്കിലും സിദ്ധാര്‍ത്ഥിന് ഇതെല്ലാം ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

 

ട്രെയിനിലേക്ക് വെള്ളവുമായി കയറുന്ന സിദ്ധാര്‍ത്ഥ്‌

 

കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലംകാരണം രണ്ടാം ക്ലാസിലെത്തിയിട്ടുള്ളൂ ഇപ്പോഴും സിദ്ധാര്‍ത്ഥ്. ട്രെയിനില്‍ സിദ്ധാര്‍ത്ഥിനെ പോലെ വെള്ളം ശേഖരിക്കാനായി കയറിയ 12 കാരിയായ ആയിശ ഗരുഡും അവളുടെ ഒന്‍പത് വയസുള്ള സഹോദരി സാക്ഷിയും ഉണ്ടാവും. മഹാരാഷ്ട്രയിലെ മറാത്ത് വാദ് മേഖലയെ വരള്‍ച്ച എന്തുമാത്രം ബാധിച്ചെന്ന് ഈ ഒന്‍പതും പത്തും പന്ത്രണ്ടും വയസുള്ള കുഞ്ഞുങ്ങളുടെ ജീവിതം പറഞ്ഞുതരുന്നുണ്ട്. ഇവരുടേതുള്‍പ്പെടെ 7,000 ഗ്രാമങ്ങളെയാണ് വരള്‍ച്ച പിടികൂടിയത്.

നിര്‍മലാദേവി നഗറിലാണ് സിദ്ധാര്‍ത്ഥിന്റെ വീടുള്ളത്. സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന ജനങ്ങളാണ് ഇവിടെയുള്ള 300 വീട്ടുകാരില്‍ മഹാഭൂരിഭാഗവും. മുനിസിപ്പാലിറ്റിയുടെ സൗജന്യ ജലവിതരണം ഈ ഭാഗത്ത് എവിടെയും ഇല്ല. ചിലസ്ഥലങ്ങളില്‍ കുഴല്‍കിണര്‍ ഉണ്ടെങ്കിലും ഏപ്രിലിലെ ചൂട് ആവുമ്പോഴേക്ക് അതും വെള്ളംവലിക്കുന്നത് നിര്‍ത്തും.

”ട്രെയിനിലൂടെ വെള്ളവും ശേഖരിച്ചുവരുന്നത് ബുദ്ധിമുട്ട് ആണെന്ന് അറിയാം. പക്ഷേ, ഞങ്ങള്‍ക്ക് വെള്ളം ലഭിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ല”- സിദ്ധാര്‍ത്ഥിന്റെ അമ്മ ജ്യോതി പറയുന്നു. വെള്ളത്തിനു വേണ്ടി ആയിശയുടെയും സാക്ഷിയുടെയും മാതാപിതാക്കള്‍ക്ക് ജോലി ഉപേക്ഷിക്കാന്‍ വയ്യ. കാരണം, തിങ്കളാഴ്ച മേഖലയില്‍ പുതിയ അധ്യായനവര്‍ഷം തുടങ്ങുകയായി. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന ഇവര്‍ക്ക് പുതിയ യൂനിഫോമും പുസ്തകങ്ങളും വേണം. അതിനു വേണ്ടി ഇവര്‍ക്ക് ജോലിക്കു പോയേ പറ്റൂ

എന്നാല്‍, വെള്ളക്കരം കൊടുത്തവര്‍ക്ക് വെള്ളം നല്‍കാന്‍ മാത്രമെ തങ്ങള്‍ക്കു കഴിയൂവെന്നും ഈ കുട്ടികളുടെ കാര്യത്തില്‍ ഞങ്ങള്‍ തീര്‍ത്തും നിസഹായരാണെന്നും ഔറംഗാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ നന്ദകുമാര്‍ ഗെഡെലെ പറഞ്ഞു.

 

10 year old boys 14-km train journey to get two cans of water


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.