2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആന്ധ്രപ്രദേശിലെ എല്ലൂരുവില്‍ അജ്ഞാതരോഗം പടരുന്നു; ഒരു മരണം

350 അധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

അമരാവതി: ആന്ധ്രപ്രദേശിലെ എല്ലൂരുവില്‍ അജ്ഞാതരോഗം പടരുന്നു. ഒരാള്‍ മരിച്ചു. 350 അധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച മാത്രം 76 പേരാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്.
ഇവരില്‍ 186 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 164 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികള്‍ അപസ്മാരം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ബോധരഹിതരാവുകയാണ്. ഇതേ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45കാരനാണ് മരിച്ചത്.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ ഭൂരിഭാഗം പേരും വേഗം തന്നെ രോഗമുക്തരാകുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന ആരോഗ്യ കമ്മിഷണര്‍ കതമനേനി ഭാസ്‌കര്‍ എല്ലൂരുവില്‍ എത്തി.
മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി എല്ലൂരുവില്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രി സന്ദര്‍ശിക്കും. ആശുപത്രിയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ച ശേഷം ജില്ലാ ഭരണകൂടുവുമായി അവലോകനയോഗം നടത്തും. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലൂരുവിലെ വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എല്ലൂരു മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫിസില്‍ ഹെല്‍പ് ഡസ്‌ക് തുറന്നിട്ടുണ്ട്. പ്രദേശത്തുനിന്നു പാല്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. രോഗകാരണത്തേക്കുറിച്ച് പഠനം നടത്തുന്നതിനായി മംഗല്‍ഗിരി എയിംസ്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി എന്നിവിടങ്ങില്‍ നിന്നുള്ള സംഘത്തെ അയച്ചിട്ടുണ്ട്. ഞായറാഴ്ച ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ഉപമുഖ്യമന്ത്രി നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.