2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ചെറുകിട വ്യാപാരികളുടെ ആത്മഹത്യകള്‍ക്ക് സാഹചര്യമുണ്ടാക്കരുത്


കൊവിഡിനെത്തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ ഏറ്റവുമധികം പ്രയാസം അനുഭവിക്കുന്നത് കൂലിപ്പണിക്കാരും ചെറുകിട വ്യാപാരികളുമാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി കൊവിഡ് കാരണം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നതും ചെറുകിട വ്യാപാരികളാണ്. വ്യാപാരികളോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ചെറുകിട വ്യാപാരികള്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കടയടപ്പ് സമരം നടത്തുകയാണ്. നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാ ചെറുകിട വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികള്‍ കടയടപ്പ് സമരം നടത്തുന്നത്.

ന്യായമാണവരുടെ ആവശ്യങ്ങള്‍. ചെറിയ മുതല്‍ മുടക്കില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് അതു മുടങ്ങുമ്പോള്‍ പറയാനാകാത്ത മനഃസംഘര്‍ഷമായിരിക്കും അനുഭവിക്കേണ്ടിവരിക. അവരുടെ ദൈനംദിന ജീവിതമാണ് ഇതിലൂടെ വഴിമുട്ടുന്നത്. ചെറുകിട വ്യാപാരങ്ങളില്‍ നിന്നു ലഭിക്കുന്ന പരിമിത ലാഭം കൊണ്ടാണ് അവര്‍ നിത്യവൃത്തി നടത്തുന്നത്. ദിവസങ്ങളും ആഴ്ചകളും പിന്നിട്ട് ഒന്നര വര്‍ഷത്തോളം കട പൂട്ടിയിടേണ്ടിവരുന്ന ഒരവസ്ഥ ചെറുകിട വ്യാപാരികളെ സംബന്ധിച്ചിടത്തോളം എത്രമാത്രം പരിതാപകരമായിരിക്കുമെന്ന് സര്‍ക്കാര്‍ ചിന്തിച്ചിട്ടുണ്ടോ? കടയില്‍ സൂക്ഷിച്ചിരുന്ന പലവിധ സാധനങ്ങളും ഇതിനകം ഉപയോഗശൂന്യമായിട്ടുണ്ടാകും. രൊക്കം പണം കൊടുത്തായിരിക്കില്ല അവര്‍ മൊത്ത വില്‍പന സ്ഥാപനങ്ങളില്‍ നിന്നു ചരക്കുകള്‍ വാങ്ങിയിട്ടുണ്ടാവുക. ഓരോ തവണയുമെടുക്കുന്ന സാധനങ്ങളുടെ വില അടുത്ത തവണ ചരക്കെടുക്കുന്ന വേളയിലായിരിക്കും അവര്‍ കൊടുത്തുവീട്ടുക. അതും മുഴുവനായും ഇടപാട് തീര്‍ത്തുകൊള്ളണമെന്നില്ല. ഇത്തരമൊരു പരസ്പരബന്ധിതമായ വ്യാപാര ശൃംഖലയിലൂടെയാണ് ചെറുകിട വ്യാപാരികള്‍ അവരുടെ വ്യാപാരം മുന്‍പോട്ടു കൊണ്ടുപോയിരുന്നതും അതിലൂടെ അവരുടെ നിത്യജീവിതം പുലര്‍ന്നുപോന്നിരുന്നതും. കഴിഞ്ഞ ഒന്നര വര്‍ഷമായി അതെല്ലാം മുടങ്ങിക്കിടക്കുകയാണ്. കടമുറികളുടെ വാടക മാസങ്ങളായി അവര്‍ക്ക് കുടിശ്ശികയാണ്. വൈദ്യുതി ചാര്‍ജും കുടിശ്ശികയാണ്. തൊഴില്‍ ചെയ്യാനാവാതിരുന്ന ഈ ദിനങ്ങളില്‍ ഒരു വരുമാനവുമില്ലാതെ ഇവര്‍ എങ്ങനെയാണ് ജീവിച്ചതെന്ന് സര്‍ക്കാര്‍ അന്വേഷിച്ചിട്ടുണ്ടോ?

ചെറുകിട വ്യാപാരികള്‍ മധ്യവര്‍ത്തികളാണെന്ന തെറ്റായ ധാരണയിലാണ് സര്‍ക്കാര്‍ അവര്‍ക്ക് മാത്രം കടയടപ്പ് ബാധകമാക്കിയതെന്ന് വേണം കരുതാന്‍. ചെറുകിട വ്യാപാരികളുടെ പുറംമോടി കണ്ട് സര്‍ക്കാര്‍ അവരെ മധ്യവര്‍ഗത്തോട് തുലനം ചെയ്യരുത്. അന്നന്ന് വില്‍ക്കുന്ന സാധനങ്ങളില്‍ നിന്നു കിട്ടുന്ന തുച്ഛമായ ലാഭം ഉപയോഗിച്ചാണ് അവരും ഇന്നാട്ടില്‍ പുലര്‍ന്നുപോരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും രോഗ ചികിത്സയും തുടങ്ങി ഒരു കുടുംബത്തിന്റെ ആവശ്യമായ എല്ല കാര്യങ്ങളും അവര്‍ക്ക് നിര്‍വഹിക്കേണ്ടത് ഈ ചെറിയ വരുമാനത്തില്‍ നിന്നാണ്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളും തുടങ്ങുന്നത് ചെറുകിട വ്യാപാര സ്ഥാപനങ്ങളാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവാസകാലത്ത് അവരില്‍ ഭൂരിഭാഗവും പരിചയിച്ചത് അവിടങ്ങളിലെ വ്യാപാരങ്ങളില്‍ തൊഴിലെടുത്തു കൊണ്ടായിരിക്കും. അതുകൊണ്ടുതന്നെ, നാട്ടില്‍ തിരിച്ചെത്തിയ അവര്‍ സ്വാഭാവികമായും സ്വയം തൊഴില്‍ എന്ന നിലയില്‍ ഏര്‍പ്പെടുക വിദേശത്ത് ചെയ്തുപോന്ന, പ്രായോഗിക പരിശീലനത്താലാര്‍ജിച്ച ചെറുകിട വ്യാപാരമായിരിക്കും. അതുവരെ സ്വരുക്കൂട്ടിവച്ച സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചായിരിക്കും ചെറിയ തോതിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ പ്രവാസികള്‍ ആരംഭിച്ചിട്ടുണ്ടാവുക. കഴിഞ്ഞ ഒന്നര വര്‍ഷമായി അവരും ദുരിതത്തിലാണ്.
സര്‍ക്കാര്‍ ഡോര്‍ ഡെലിവറി അനുവദിച്ചിട്ടുണ്ടെങ്കിലും ഒറ്റമുറി പീടികയില്‍ കച്ചവടം നടത്തുന്ന ഒരു തുണിക്കച്ചവടക്കാരന്‍ എങ്ങനെയാണ് വീട്ടുപടിക്കല്‍ സാധനങ്ങളെത്തിക്കുക. സര്‍ക്കാരിന്റെ അശാസ്ത്രീയ തീരുമാനത്താല്‍ നിത്യവൃത്തിക്കായി ചെറുകിട വ്യാപാരം തുടങ്ങിയവര്‍ പട്ടിണിയിലാവുകയും വന്‍കിട ബിസിനസ് ഭീമന്മാര്‍ ഡോര്‍ ഡെലിവറിയിലൂടെയും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെയും തഴച്ചുവളരുകയുമാണ്.

നിത്യോപയോഗവസ്തുക്കള്‍ വില്‍ക്കാമെന്നതിന്റെ മറവില്‍ വന്‍കിടക്കാര്‍ പച്ചക്കറിയും അരിയും വില്‍ക്കുന്നതോടൊപ്പം തന്നെ മറ്റു പല വീട്ടുപകരണങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍ക്കുന്നു. ഇതിനെതിരേ അധികൃതരില്‍നിന്നു യാതൊരു തടസവും ഉണ്ടാകുന്നുമില്ല. ഇത്തരം വ്യാപാര സ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ സാമൂഹ്യ അകലം പാലിച്ചല്ല സാധനങ്ങള്‍ വാങ്ങുന്നത്. സ്ഥാപനങ്ങളെ നിരീക്ഷിച്ചാല്‍ തന്നെ ഇത് ബോധ്യപ്പെടും. എന്നാല്‍ കൊവിഡ് നിബന്ധനകള്‍ പാലിച്ചു മാത്രം തങ്ങള്‍ വ്യാപാരം നടത്തിക്കൊള്ളാമെന്ന് പറയുന്ന ചെറുകിട കച്ചവടക്കാരെ സര്‍ക്കാര്‍ ഗൗനിക്കുന്നുമില്ല. നീതിരഹിതവും അശാസ്ത്രീയവുമാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്.

ഓണ്‍ലൈന്‍ കച്ചവടം നടത്തുന്ന വന്‍കിട കുത്തകകള്‍ കൊവിഡിന്റെ മറവില്‍ തഴച്ചുവളരുന്നു എന്ന യാഥാര്‍ഥ്യവും സര്‍ക്കാര്‍ കാണാതെ പോവുകയാണ്. വന്‍കിട ഹോട്ടലുടമകളും മാളുകളുടെ ഉടമകളും കൊവിഡ് അവസരമാക്കി ഒരു ഫോണ്‍ കോളില്‍ എല്ലാ സാധനങ്ങളും വീട്ടുപടിക്കല്‍ എത്തിക്കുമ്പോള്‍ സാധാരണക്കാര്‍ വരെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഉപഭോക്താക്കളായി മാറേണ്ടിവരുന്നു. ഡെലിവറി നടത്തുന്നതിന്റെ സര്‍വിസ് ചാര്‍ജുവരെ ഉപഭോക്താക്കളില്‍ നിന്നു വന്‍കിടക്കാര്‍ ഈടാക്കുമ്പോള്‍ ഈ കൊവിഡ് കാലം അവര്‍ക്ക് വന്‍ ലാഭമാണ് ഉണ്ടാക്കി കൊടുക്കുന്നത്. സ്ഥാപനങ്ങളില്‍ സഹായികളെയോ, സ്ഥാപനങ്ങളുടെ പ്രൗഢി നിലനിര്‍ത്താനാവശ്യമായ ചെലവുകളോ ഇവര്‍ക്ക് ഉണ്ടാകുന്നുമില്ല. സര്‍ക്കാരിന്റെ അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങളാല്‍ വന്‍കിട കുത്തക വ്യാപാരികള്‍ കൊഴുക്കുകയും സാധാരണക്കാരായ ചെറുകിട വ്യാപാരികള്‍ കുത്തുപാളയെടുക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണുള്ളത്

സര്‍ക്കാര്‍ യാഥാര്‍ഥ്യ ബോധത്തോടെ പ്രശ്‌നത്തെ അഭിമുഖീകരിക്കുകയാണുവേണ്ടത്. എല്ലാ കടകളും എല്ലാ ദിവസവും ഒരു നിശ്ചിത സമയംവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. ഇതുവഴി വലിയ തിരക്ക് ഒഴിവാക്കാന്‍ കഴിയും. മാസ്‌ക് ധരിച്ചും അകലം പാലിച്ചും ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. മദ്യശാലകളില്‍ തിക്കിത്തിരക്കി മദ്യം വാങ്ങാമെന്നും കടകളില്‍ അകലം പാലിച്ചുപോലും സാധനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്നതും യുക്തിക്ക് നിരക്കുന്നതല്ല. സര്‍ക്കാര്‍ ഇനിയും ചെറുകിട വ്യാപാരികളെ പരീക്ഷിക്കരുത്. കര്‍ഷക ആത്മഹത്യകള്‍ കേട്ട് വേദനിക്കുന്ന കേരളീയ സമൂഹത്തെ, ചെറുകിട വ്യാപാരികളുടെ ആത്മഹത്യാവാര്‍ത്തകള്‍ കൂടി കേള്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഇടവരുത്തരുത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.