
കൊച്ചി: ഹൈബി ഈഡന് എറണാകുളം പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ ഉജ്ജ്വല വിജയം നേടുമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി വിലയിരുത്തല്‍. ജോര്‍ജ് ഈഡന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തെ ഹൈബി മറികടക്കും. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പു നടന്നിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ വലിയ ഭൂരിപക്ഷം ലഭിക്കുമായിരുന്നു.
വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടാണ് നടന്നിരിക്കുന്നത്. അധികൃതര്‍ ആദ്യം തന്നിരുന്ന വോട്ടര്‍ പട്ടികയും രണ്ടാമത് തന്ന വോട്ടര്‍ പട്ടികയും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയും ഇപ്പോഴും അതേ വീടുകളില്‍ തന്നെ താമസിക്കുകയും ചെയ്യുന്ന നിരവധി പേരുടെ പേരുകള്‍ ആണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ഇതിന്റെ പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ഇതുസംബന്ധിച്ച് ഗൗരവകരമായ അന്വേഷണം നടത്തണം. അല്ലാത്തപക്ഷം നിയമപരമായ നടപടികള്‍ കൈക്കൊള്ളും. വോട്ടിങ്് മെഷീന്റെ വിശ്വാസ്യത കളഞ്ഞുകുളിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍ തുടങ്ങി എല്ലാ വസ്തുക്കളും അടിയന്തരമായി നീക്കം ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി.
80 ശതമാനവും പരിസ്ഥിതി സൗഹൃദമായിരുന്നു ഈ തെരഞ്ഞെടുപ്പെന്നും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയും ജനറല്‍ കണ്‍വീനര്‍ വി.ഡി സതീശന് എം.എല്‍.എയും പറഞ്ഞു. അവലോകന യോഗത്തില്‍ ഹൈബി ഈഡന് എം.എല്‍.എയും കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും നേതാക്കളും പങ്കെടുത്തു.