2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഹൈദരാബാദിന്  ലോക്കിട്ടു

 
 
 
അബൂദബി: ഉദിച്ചുയര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ലോക്കിടാന്‍ കൊല്‍ക്കത്ത ന്യൂസിലന്‍ഡില്‍ നിന്നും ഇറക്കിയ താരമായിരുന്നു ലോക്കി ഫെര്‍ഗൂസനെന്ന ഫാസ്റ്റ് ബൗളര്‍. കൊല്‍ക്കത്തന്‍ ബൗളിങ് നിരയെ ഫെര്‍ഗൂസന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ഹൈദരാബാദിനെതിരേ കൊല്‍ക്കത്തയ്ക്ക് ജയം. നേരത്തേ ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത അഞ്ചിന് 163 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്‌സും നിശ്ചിത ഓവറില്‍ ആറിന് 163 റണ്‍സ് കണ്ടെത്തി. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. 
സൂപ്പര്‍ ഓവറില്‍ ഫെര്‍ഗൂസനെ പന്തേല്‍പ്പിച്ച നായകന്‍ മോര്‍ഗന്റെ തീരുമാനം തികച്ചും ശരിയായിരുന്നുവെന്ന് കാണിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ വാര്‍ണറെ ആദ്യ പന്തിലും തുടര്‍ന്ന് മൂന്നാം പന്തില്‍ അബ്ദുല്‍ സമദിനെയും കുറ്റി തെറിപ്പിച്ചു. ഇതോടെ മറുപടിയില്‍ കൊല്‍ക്കത്തയുടെ ലക്ഷ്യം മൂന്നായി കുറഞ്ഞു. കൊല്‍ക്കത്തയ്ക്കായി ബാറ്റേന്തിയ നായകന്‍ മോര്‍ഗനും മുന്‍ നായകന്‍ കാര്‍ത്തികും ചേര്‍ന്ന് വിജയതീരത്തെത്തിച്ചു. കൊല്‍ക്കത്തയ്ക്കായി നാലോവറില്‍ വെറും 15 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ഫെര്‍ഗൂസന്‍ സ്വന്തമാക്കിയത്. ഫെര്‍ഗൂസന്‍ തന്നെയാണ് കളിയിലെ താരവും.
നേരത്തേ ശുഭ്മാന്‍ ഗില്ലും (37 പന്തില്‍ 36) രാഹുല്‍ ത്രിപാതിയും (16 പന്തില്‍ 23) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. ഇരുവരും ആദ്യ ആറോവറില്‍ കൂട്ടിച്ചേര്‍ത്തത് 48 റണ്‍സ്. പിന്നീടെത്തിയ നിധീഷ് റാണയും (20 പന്തില്‍ 29) തിളങ്ങി. ആേ്രന്ദ റസല്‍ (9) ഇത്തവണയും നിരാശപ്പെടുത്തി. തുടര്‍ന്ന് ഒത്തുചേര്‍ന്ന മോര്‍ഗനും(23 പന്തില്‍ 34) കാര്‍ത്തികുമാണ്(14 പന്തില്‍ പുറത്താവാതെ 29) ടീമിന്റെ സ്‌കോറിങ് കുത്തനെ ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് അവസാന അഞ്ചോവറില്‍ കൂട്ടിച്ചേര്‍ത്തത് 58 റണ്‍സ്. സണ്‍റൈസേഴ്‌സിനായി തങ്കരാജ് നടരാജന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. 
164 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സണ്‍റൈസേഴ്‌സില്‍ ഇത്തവണ നായകന്‍ വാര്‍ണര്‍ ഓപ്പണിങ്ങില്‍ നിന്നും മാറിനിന്നു. 
പകരം കെയിന്‍ വില്യംസിനെ ആ ദൗത്യം ഏല്‍പിച്ചു. ആ പരീക്ഷണം വിജയിക്കുകയും ചെയ്തു. ആദ്യ ആറോവറില്‍ വില്യംസണും (19 പന്തില്‍ 29) ബെയര്‍‌സ്റ്റോയും(28 പന്തില്‍ 36) ചേര്‍ന്ന് അടിച്ചെടുത്തത് 58 റണ്‍സ്. എന്നാല്‍ വില്യംസന്‍ വീണതോടെ തുടര്‍ന്നുള്ള ഇടവേളകളില്‍ ബാറ്റ്‌സ്മാന്‍മാര്‍ ഫോം കണ്ടെത്താനാവാതെ പവലിയനിലേക്ക് ഘോഷയാത്ര തന്നെ നടത്തി. 
പ്രിയം ഗാര്‍ഗ്(4), മനീഷ് പാണ്ഡെ(6), വാഷിങ്ടന്‍ സുന്ദര്‍ (7) എന്നിവര്‍ പെട്ടെന്ന് മടങ്ങി. പിന്നീട് കൂട്ടുകെട്ടിയ വാര്‍ണറും (33 പന്തില്‍ പുറത്താവാതെ 47), അബ്ദുല്‍ സമദുമാണ് (15 പന്തില്‍ 23) ടീമിനെ സമനിലയില്‍ എത്തിച്ചത്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.