
ന്യൂഡല്‍ഹി: ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 22 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. ഗുജറാത്ത് ലയണ്സുമായിട്ടാണ് ഹൈദരാബാദിന്റെ രണ്ടാം ക്വാളിഫയര്‍ പോരാട്ടം. ആവേശകരമായ രണ്ടാം സെമിയില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മനീഷ് പാണ്ഡെ(36) ഗൗതം ഗംഭീര്‍(28) എന്നിവരൊഴികെയുള്ളവര്‍ക്ക് സ്കോര്‍ പിന്തുടര്ന്നപ്പോള് മികവിലേക്കുയരാനായില്ല. ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു.
നേരത്തെ യുവരാജ് സിങ്(44) മോയ്സസ് ഹെന്റിക്സ്(31) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്.
ടോസ് നേടിയ കൊല്‍ക്കത്ത ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ ബൗളിങ് നിരയെ തുടക്കത്തില്‍ പിന്തുണച്ച ഫിറോഷ് ഷാ കോട്ലയില് മികച്ച തുടക്കം ഹൈദരാബാദിന് ലഭിച്ചില്ല. ഓപണര്‍ ശിഖര്‍ ധവാ(10)ന് കഴിഞ്ഞ കളിയിലെ മികവ് കൊല്‍ക്കത്തയ്ക്കെതിരേ പ്രകടിപ്പിക്കാന്‍ സാധിച്ചില്ല. എന്നാല്‍ അവസരോചിതമായി കളിച്ച ഹെന്റിക്സ്-ഡേവിഡ് വാര്‍ണര്‍(28) സഖ്യം മൂന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ തിരിച്ചുകൊണ്ടുവന്നു.
എന്റിക്സ് 21 പന്ത് നേരിട്ട് രണ്ടു സിക്സറും ഒരു ബൗണ്ടറിയും അടിച്ചു. 10ാം ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവിന്റെ പന്തില്‍ സിക്സര്‍ അടിച്ച ശേഷം മറ്റൊരു ഷോട്ടിന് മുതിര്‍ന്ന് ഹെന്റിക്സ് പുറത്തായതോടെ ടീമിന്റെ റണ്‍നിരക്കിന് തിരിച്ചടിയേറ്റു. ഹെന്റിക്സ് പുറത്തായതിന് ശേഷമുള്ള അടുത്ത പന്തില്‍ വാര്‍ണറും പുറത്തായതോടെ ടീം ചെറിയ തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ പതിയെ ടീമിനെ തിരിച്ചുകൊണ്ടുവരാന്‍ യുവരാജ് സിങ്(44) ദീപക് ഹൂഡ(21) സഖ്യത്തിന് സാധിച്ചു. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ടില്‍ 49 റണ്‍സ് ടീം സ്കോറിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു.
കൊല്‍ക്കത്തയ്ക്കെതിരേ യുവരാജിന്റെ ഉയര്‍ന്ന സ്കോര്‍ കൂടിയാണിത്. എന്നാല്‍ അവസാന ഓവറുകളില്‍ റണ്‍ കണ്ടെത്താന്‍ ഹൈദരാബാദിന് സാധിച്ചില്ല. 19ാം ഓവറില്‍ യുവരാജും ബെന്‍ കട്ടിങ(0)ും തുടരെ പുറത്തായത് ടീമിന് തിരിച്ചടിയായി.
ബിപുല്‍ ശര്‍മ(14*) അവസാന ഓവറില്‍ നേടിയ രണ്ടു സിക്സറാണ് ടീം സ്കോര്‍ 160 കടത്തിയത്. കൊല്‍ക്കത്തയ്ക്കായി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റെടുത്തു. മോണ്‍ മോര്‍ക്കലിനും ഹോള്‍ഡര്‍ക്കും രണ്ടു വിക്കറ്റ് ലഭിച്ചു.