2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹൈഡൽ ടൂറിസം ഭൂമി വിവാദം നോട്ടിസ് കാലാവധി കഴിഞ്ഞു; രേഖകൾ ഹാജരാക്കാതെ കെ.എസ്.ഇ.ബി

സ്വന്തം ലേഖകൻ
തൊടുപുഴ
പൊന്മുടി അണക്കെട്ടിനോട് ചേർന്നുള്ള 21 ഏക്കർ ഭൂമി സംബന്ധിച്ച് റവന്യൂ വകുപ്പ് നൽകിയ നോട്ടിസ് കാലാവധി കഴിഞ്ഞിട്ടും രേഖകൾ ഹാജരാക്കാതെ കെ.എസ്.ഇ.ബി. 15 ദിവസത്തികം രേഖ ഹാജരാക്കാനായിരുന്നു നിർദേശം. ഈ ഭൂമി 2019 ൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ ഹൈഡൽ ടൂറിസം പദ്ധതിക്കായി രാജാക്കാട് സർവിസ് സഹകരണ ബാങ്കിന് കൈമാറിയത് വിവാദമായിരുന്നു.
21 ഏക്കറിൽ റവന്യൂ പുറമ്പോക്ക് ഭൂമിയുമുണ്ടെന്ന് 2019 ൽ ഉടുമ്പൻചോല തഹസിൽദാർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇത് തെറ്റാണെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. തുടർന്ന് രേഖകൾ ഹാജരാക്കാൻ ഭൂരേഖ തഹസിൽദാർ നോട്ടിസ് നൽകി. കെ.എസ്.ഇ.ബിയുടെ കല്ലാർകുട്ടി ജനറേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്കും ഡാം സുരക്ഷ വിഭാഗത്തിലെ പാംബ്ല എക്‌സിക്യൂട്ടീവ് എൻജിനീയർക്കും രാജാക്കാട് സർവിസ് സഹകരണ ബാങ്കിനുമാണ് നോട്ടിസ് നൽകിയത്. പദ്ധതി നടപ്പാക്കാൻ കേരള ഹൈഡൽ ടൂറിസം സെന്ററുമായി ഉണ്ടാക്കിയ കരാറിന്റെ പകർപ്പ് മാത്രമാണ് ബാങ്ക് കൈമാറിയത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഭൂരേഖ തഹസിൽദാർ തുടർനടപടികൾക്കായി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കലക്ടറുടെ ഉത്തരവ് കിട്ടിയ ശേഷം സർവേ നടപടികളുമായി മുന്നോട്ട് പോകാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.
പൊന്മുടി അണക്കെട്ട് നിർമാണത്തിനായാണ് നേരത്തെ ഈ ഭൂമി കൈമാറിയത്. വിലകൊടുത്ത് വാങ്ങിയ ഭൂമി അല്ലാത്തതിനാൽ കെ.എസ്.ഇ.ബിക്ക് ഈ സ്ഥലം മറ്റൊരാൾക്ക് കൈമാറാനാകില്ല. ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാൻ വൈദ്യുതി ബോർഡിന് കഴിയാത്തതിനാൽ ഇത് തിരികെ ഏറ്റെടുക്കാനുളള നടപടിയുണ്ടായേക്കും. സ്ഥലത്ത് പരിശോധന നടത്താൻ എത്തിയ റവന്യൂ സർവേ സംഘത്തെ കഴിഞ്ഞ മാസം ബാങ്ക് പ്രസിഡന്റ് വി.എ കുഞ്ഞുമോന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.