
പാരിസ്: യമനിലെ വിമത വിഭാഗമായ ഹൂതികള്‍ തങ്ങളുടെ അയല്‍ക്കാരാണെന്ന് സഊദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഫ്രാന്‍സ് സന്ദര്‍ശനത്തിലുള്ള മന്ത്രി ഒരു ഫ്രഞ്ച് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഹൂതികളുമായുള്ള നിലപാടുമാറ്റം വ്യക്തമാക്കിയത്.
ഹൂതികളോട് സഊദി ഇതുവരെ സ്വീകരിച്ച കടുത്ത നിലപാടുകള്‍ മയപ്പെടുത്തുന്നതിന്റെ ഭാഗമായാണു വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. യമനിലെ തങ്ങളുടെ ശത്രുക്കള്‍ വിമത വിഭാഗമായ ഹൂതികളെല്ലെന്നും അല്‍ ഖാഇദയും ഐ.എസുമാണു തങ്ങളുടെ മുഖ്യശത്രുവെന്നും അദ്ദേഹം പറഞ്ഞു.
ഹൂതികളും യമനികളും തങ്ങളുടെ അയല്‍ക്കാരാണ്. അല്‍ ഖാഇദയും ഐ.എസും രണ്ടു തീവ്രവാദ ഗ്രൂപ്പുകളാണ്. അവരെ തുരത്തലാണു ലക്ഷ്യം-ആദില്‍ അല്‍ ജുബൈര്‍ പത്രത്തോട് വ്യക്തമാക്കി.
യമനില്‍ നിലവിലെ അവസ്ഥയില്‍ മാറ്റംവരുത്താന്‍ സഊദി അറേബ്യ ആഗ്രഹിക്കുന്നതായി മന്ത്രിയുടെ വാക്കുകളെ ഉദ്ധരിച്ചു പത്രം വെളിപ്പെടുത്തി. കുവൈത്തില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ച വിജയം കാണുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഹൂതികളെ അംഗീകരിച്ചാലും ഇല്ലെങ്കിലും യമനിന്റെ സാമൂഹ്യവളര്‍ച്ചയുടെ ഭാഗമാണ് അവരെന്ന് മന്ത്രി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
യമനിലെ വിമത വിഭാഗമായ ഹൂതി സൈന്യവുമായി സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഒരു വര്‍ഷത്തിലധികമായി യുദ്ധം ചെയ്തുവരികയാണ്.