2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹാദിയ: എഴുത്തും വായനയും നിഷേധിച്ചവര്‍ ഭയക്കുന്നത്

റാശിദ്, മാണിക്കോത്ത്‌

‘വീട്ടുതടങ്കലിലിരിക്കെ പുസ്തകവും പത്രവും നിഷേധിച്ചു. പുറംലോകത്തെക്കുറിച്ച് അറിയാനും അറിവു സ്വായത്തമാക്കാനുമുള്ള അവകാശം നിരാകരിച്ചു. വായനയാണ് എല്ലാ കുഴപ്പത്തിനും കാരണമെന്ന് തനിക്കു സഹായത്തിനു നിയോഗിക്കപ്പെട്ട പൊലിസും വീട്ടുകാരും ഒരേ സ്വരത്തില്‍ കുറ്റപ്പെടുത്തി..’
സ്വന്തം താല്‍പ്പര്യപ്രകാരം ഇസ്‌ലാംമതം സ്വീകരിക്കുകയും ആ മതക്കാരനായ യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തതിന്റെ പേരില്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന ഡോക്ടര്‍ ഹാദിയയുടേതാണ് ഈ വാക്കുകള്‍. പേനയും കടലാസും നിഷേധിച്ചു തന്നെ ഇരുളടഞ്ഞ ലോകത്തേയ്ക്കു തള്ളിയിടാനാണു ബന്ധുക്കളും പൊലിസും ശ്രമിച്ചതെന്നു ഹാദിയ കുറ്റപ്പെടുത്തുന്നു. പ്രായപൂര്‍ത്തിയായ, വിദ്യാസമ്പന്നയായ പെണ്‍കുട്ടിയായിട്ടുപോലും അവളുടെ വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശവും നിഷേധിച്ചവര്‍ ശരിക്കും ആരെയാണു ഭയക്കുന്നത്.
സമൂഹത്തില്‍ എഴുത്തിന്റെയും വായനയുടെയും പുതുലോകത്തിന്റെ നാന്ദി കുറിക്കലിനായി വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഇസ്‌ലാമിനെയാണോ ഇവര്‍ ഭീതിയോടെ കാണുന്നത്. വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശവും മനുഷ്യന്റെ ശ്വാസോച്ഛ്വാസത്തിനു തുല്യമെന്നു വിവക്ഷിച്ച ഇസ്‌ലാമിനെ പൊതുശത്രുവായി കാണാന്‍ ഹേതുവായ ചേതോവികാരമെന്താണ്.
കേവലമൊരു മതമല്ല ഇസ്‌ലാം എന്ന സത്യം ആധുനികപരിതഃസ്ഥിതിയില്‍ വെളിവായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇസ്‌ലാമേതര ചിന്തകള്‍ക്കു ഇസ്‌ലാം പൊതുശത്രുവായിത്തീരുന്നത്. ഇസ്‌ലാമിനു പൊതുശത്രുവില്ല. അതുകൊണ്ടു തന്നെയാണ് ഇസ്‌ലാമിനെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുന്ന സംഘ്പരിവാരത്തെപ്പോലും ഇസ്‌ലാം പൊതുശത്രുവല്ലെന്നു പറഞ്ഞുവരുന്നത്. ശത്രുത പാലിക്കുന്നവനോടും പുഞ്ചിരിയുടെ മുഖവുമായേ സമാഗമം നടത്താവൂവെന്നാണു പ്രവാചകന്റെ ഉദ്‌ബോധനം.
ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ട പാശ്ചാത്യശക്തികളുടെ പാതയിലൂടെ സഞ്ചരിക്കുന്ന ഇന്ത്യയിലെ സംഘ്പരിവാരം രാജ്യത്തെ മുസ്‌ലിംകളെ രണ്ടാം പൗരന്മാരായിപ്പോലും കാണുന്നില്ലെന്ന വസ്തുത ഭീതിതമായ കാലഘട്ടത്തെയാണു സൂചിപ്പിക്കുന്നത്. ഭാരതത്തിന്റെ മതസൗഹാര്‍ദവും ബഹുസ്വരതയും മാത്രമല്ല ഇക്കൂട്ടര്‍ തച്ചുടയ്ക്കുന്നത്. പരിപാവനമായ മതേതരചിന്താഗതിയെപ്പോലും വിഷം കലക്കി മലീമസമാക്കുമ്പോള്‍ നമ്മുടെ രാജ്യം നാള്‍ക്കുനാള്‍ അസഹിഷ്ണുതയുടെ, സംഘര്‍ഷഭരിതമായ കാലാവസ്ഥയുടെ കാര്‍മേഘക്കുടയ്ക്കു കീഴിലായി ഞെരിഞ്ഞമര്‍ന്ന് ഇല്ലാതാവുന്നുവെന്ന സത്യം വിസ്മരിക്കാനാവില്ല.
ഇസ്‌ലാം ഒരിക്കലും അംഗീകരിക്കാത്ത മനുഷ്യകുലത്തിന്റെ നാശത്തിനു ഹേതുവാകുന്ന സലഫിസമെന്ന വിഷത്തിന്റെ പുതിയ പതിപ്പായ ഐ.എസ്സും ഇന്ത്യയിലെ സംഘ്പരിവാരവും മതരാഷ്ട്ര വാദത്തിലൂന്നിയാണ് വര്‍ഗീയതയുടെ, വിവേചനത്തിന്റെ വിത്തുകള്‍ പാകി മനുഷ്യരെ കൊന്നൊടുക്കി മുന്നേറുന്നതെന്നു വ്യക്തമാകുമ്പോള്‍ ഈ ക്ഷുദ്രശക്തികളായ രണ്ടിനെയും ഒരേ തൂവല്‍പ്പക്ഷികളായി കാണേണ്ടി വരും.
ഹിന്ദുരാഷ്ട്രവാദവുമായി സംഘ്പരിവാര്‍ അജന്‍ഡ ഒന്നൊന്നായി നടപ്പിലാക്കുമ്പോള്‍ ബഹുസ്വരതയെ മാനിക്കുന്ന അയല്‍പക്കത്തെ ഇതര മതസ്ഥനെ സ്‌നേഹിക്കുകയും നെഞ്ചോടു ചേര്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരന്റെ ഹൃദയങ്ങളിലാണു കഠാരയിറങ്ങുന്നത്.
ഹാദിയ വിഷയത്തില്‍ ഇത്രയേറെ ഇടപെടാന്‍ സംഘ് പരിവാരങ്ങളെ പ്രചോദിപ്പിക്കുന്ന ഘടകം ഇസ്‌ലാമിനോടുള്ള ശത്രുത ഒന്നുമാത്രമാണെന്നു മനസ്സിലാക്കാന്‍ ഭാരതം മുഴുക്കെ സഞ്ചരിക്കണമെന്നില്ല. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നു വീട്ടിലായപ്പോള്‍ തടങ്കലിലെന്നപോലെ നിരവധി പരീക്ഷണഘട്ടങ്ങളെയാണു ഹാദിയയ്ക്ക് നേരിടേണ്ടി വന്നത്. മസ്തിഷ്‌ക പ്രക്ഷാളനത്തിനായി തന്റെ അടുക്കലെത്തിയവരെല്ലാം ഇസ്‌ലാം ചീത്തമതമാണെന്നും തീവ്രവാദമാണ് അതിന്റെ മുഖമുദ്രയെന്നും പറഞ്ഞു ബോധ്യപ്പെടുത്താനാണു ശ്രമിച്ചതെന്നു ഹാദിയ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ശിരോവസ്ത്രം ബലമായി വലിച്ചു നീക്കാന്‍ ശ്രമിച്ചവര്‍ മഹറായി നല്‍കിയ സ്വര്‍ണം കോടതി വിധിയുടെ പിന്‍ബലത്തിലാണെന്നു തെറ്റിദ്ധരിപ്പിച്ച് അഴിച്ചുമാറ്റുകയും ചെയ്തു. പരിവര്‍ത്തനം മറ്റേതെങ്കിലും മതത്തിലേക്കായിരുന്നുവെങ്കില്‍ ഇത്രത്തോളം കോലാഹലങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഭാരത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് ഇസ്‌ലാമിന്റെ സംഭാവന എത്രത്തോളമാണെന്നു ചരിത്രപുസ്തങ്ങളിലെങ്കിലും ചികഞ്ഞു നോക്കിയിരുന്നെങ്കില്‍ ഇത്രത്തോളം ‘തൊട്ടുകൂടായ്മ’ ഉണ്ടാവില്ലായിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.