2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ഹര്‍ത്താല്‍ ഉപേക്ഷിക്കണം


കേന്ദ്രസര്‍ക്കാരിന്റെ നോട്ട് മരവിപ്പിക്കലിനെതിരേ ഇടതുപക്ഷ ജനാധിപത്യമുന്നണി ഈ മാസം 28നു ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരേ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സര്‍ക്കാരും ഇതുവരെ നടത്തിവന്ന പ്രതിഷേധസമരങ്ങളെല്ലാം പൊതുസമൂഹത്തിന്റെ അനുഭാവം നേടിയെടുത്തിരുന്നു. എന്നാല്‍, ഹര്‍ത്താല്‍ ആഹ്വാനം ഈ സമരങ്ങളെയെല്ലാം അപ്രസക്തമാക്കുന്നതും നേരത്തേ നടത്തിയ സമരങ്ങളുടെ വിശ്വാസ്യത ചോര്‍ത്തിക്കളയുന്നതുമാണ്.
ഇതറിഞ്ഞിട്ടും ഈ സമരാഭാസവുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ചാടിപ്പുറപ്പെടരുതായിരുന്നു. ഏതെങ്കിലും ഹര്‍ത്താലുകള്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കിയിട്ടുണ്ടോ. കുറേ പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നു എന്നതൊഴിച്ചാല്‍, കുറേപേരുടെ അന്നം മുടക്കുന്നു എന്നതൊഴിച്ചാല്‍ ആര്‍ക്ക് എന്തുഗുണമാണ് ഹര്‍ത്താലുകള്‍ നല്‍കുന്നത്.
നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നു പൊതുജനം വേണ്ടുവോളം ദുരിതമനുഭവിക്കുന്നുണ്ട്. ഇതിനു പുറമെ ഹര്‍ത്താല്‍ പ്രഹരവുംകൂടി അവനു നല്‍കേണ്ടതുണ്ടോ. 28 നു ഹര്‍ത്താല്‍ നടത്തിയാല്‍ 29 നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം തിരുത്തുമെന്നതിന് ഒരുറപ്പുമില്ല. എന്നിരിക്കെ എന്തിനാണു ജനങ്ങളെ തീരാദുരിതത്തിലാഴ്ത്തുന്നത്. വറചട്ടിയില്‍ കിടക്കുന്ന ജനത്തെ എരിതീയിലേയ്ക്ക് എറിയലായിരിക്കും അത്.  ആഹ്വാനംചെയ്യുന്നവര്‍ക്കു പോലുമറിയാം ഈ സമരമുറ ഗുണം ചെയ്യില്ലെന്ന്. എന്നിട്ടും തേഞ്ഞുപോയ ഈ രാഷ്ട്രീയായുധം ഉപയോഗിക്കാന്‍ പാര്‍ട്ടികള്‍ക്കു ലജ്ജയില്ല.  
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാക്ഷിനിര്‍ത്തി കഴിഞ്ഞദിവസം രാജ്യസഭയില്‍ നടത്തിയ ഹൃദയസ്പര്‍ശിയായ പ്രസംഗത്തിന്റെ നാലിലൊന്നു ഗുണംചെയ്യുമോ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഹര്‍ത്താല്‍. ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കാന്‍ മാത്രമേ ഈ കാടന്‍ സമരമുറ ഉപകരിക്കൂ.
ഹര്‍ത്താലുകള്‍ വഴിപാടു സമരമുറകളായി മാറിയതിന്റെ ദുരന്തമനുഭവിക്കാന്‍ വിധിക്കപ്പെടുന്നത് കൂലിത്തൊഴിലാളികളും പാവപ്പെട്ട ജനങ്ങളുമാണ്. സര്‍ക്കാരിനോടുള്ള അരിശം തീര്‍ക്കാനാണ് ഹര്‍ത്താലിനോടനുബന്ധിച്ചു പൊതുമുതല്‍ നശിപ്പിക്കലെങ്കിലും സര്‍ക്കാരിനു ഒരു പോറലുമേല്‍ക്കാറില്ല. പൊതുമുതല്‍ ജനങ്ങളുടെ മുതലാണ്.
ഹര്‍ത്താല്‍ മനുഷ്യാവകാശലംഘനമാണ്. പൗരന്റെ സ്വാതന്ത്ര്യത്തിനു നേരേയുള്ള കൈയേറ്റംകൂടിയാണത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സെക്രട്ടേറിയറ്റ് നടയില്‍ ഇടതുപക്ഷം നടത്തിയ വഴിതടയല്‍ സമരം തന്റെ സഞ്ചാരസ്വാതന്ത്ര്യത്തെ തടയുന്നതാണെന്നാരോപിച്ച് ഒരു വീട്ടമ്മ പ്രതിഷേധിച്ചതും അതിനെത്തുടര്‍ന്നു  സമരം ഉപേക്ഷിക്കേണ്ടിവന്നതും എല്‍.ഡി.എഫ്  ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം.
അത്യാസന്നനിലയിലുള്ള രോഗികളെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ നിര്‍ബന്ധപൂര്‍വം വാഹനത്തില്‍ നിന്നിറക്കുന്ന സമരമുറ ജനദ്രോഹമല്ലാതെ മറ്റെന്താണ്. അത്യാവശ്യത്തിനു പണമില്ലാതെ ജനം നട്ടംതിരിയുന്ന അവസരത്തില്‍ ഹര്‍ത്താലെന്ന മാരകായുധംകൊണ്ടു നിസ്സഹായരായ അവരെ ആക്രമിക്കുന്ന നിലപാടിലേയ്ക്കാണു ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്നത്.  
ഹര്‍ത്താലുകളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ എന്തു നടപടിയെടുക്കാനാവുമെന്നതു സംബന്ധിച്ച് ശുപാര്‍ശ നല്‍കാന്‍ ജസ്റ്റിസ് കെ.ടി തോമസിന്റെ നേതൃത്വത്തിലുള്ള സമിതിയെ സുപ്രിംകോടതി നിയോഗിച്ചിരുന്നു. 1984ല്‍ ഇതുസംബന്ധിച്ച ശുപാര്‍ശ ജസ്റ്റിസ് കെ.ടി തോമസ് സമര്‍പ്പിച്ചതുമാണ്. ഹര്‍ത്താലുകള്‍ക്കും ബന്ദുകള്‍ക്കും ആഹ്വാനം ചെയ്യുന്നവര്‍ക്കുകൂടി ശിക്ഷയുറപ്പാക്കുംവിധമുള്ള അദ്ദേഹത്തിന്റെ ശുപാര്‍ശ നടപ്പാക്കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. ഇത് എത്രയും പെട്ടെന്നു പ്രാവര്‍ത്തികമാവേണ്ടതുണ്ട്. ഇടതുപക്ഷസമരങ്ങളുടെ ഉദ്ദേശ്യശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്നതാണ് 28 ന് അവര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. അതിനാല്‍ ഈ സമരമുറയില്‍നിന്നു പിന്മാറാന്‍ ഇടതുപക്ഷ  ജനാധിപത്യ മുന്നണി തയാറാകണം.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.