2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹരിതയ്ക്ക് നീതി കിട്ടിയില്ലെന്ന് ഫാത്തിമ തഹ്‌ലിയ

 

കോഴിക്കോട്: സ്വാഭാവികമായ നീതി ഹരിതയ്ക്ക് കിട്ടിയില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ. എന്നാല്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെതിരേ ഹരിത ഭാരവാഹികള്‍ വനിതാ കമ്മിഷന് പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ വിശ്വാസമില്ലാത്തതുകൊണ്ടല്ല വനിതാ കമ്മിഷനെ സമീപിച്ചത്. ഇതൊരു ക്രിമിനല്‍ കുറ്റമായതുകൊണ്ടാണ്. പാര്‍ട്ടി വേദികളില്‍ മാത്രം പരിഹരിക്കാനാവില്ല. മുസ്‌ലിം ലീഗ് സ്ത്രീവിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ വിലപ്പോകില്ല. പരാതി ഉന്നയിച്ച ഹരിത പ്രവര്‍ത്തകരുടെ കൂടെയാണ് താന്‍. പ്രതിസ്ഥാനത്തുള്ളവര്‍ക്ക് നിലപാട് വ്യക്തമാക്കാന്‍ പാര്‍ട്ടി സമയം കൊടുത്തിട്ടുണ്ട്. എന്നാല്‍ ഹരിതയുടെ സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ചതില്‍ വേദനയുണ്ട്.
ലീഗ് നേതൃത്വം ഈ വിഷയം തികച്ചും ജനാധിപത്യ രീതിയില്‍ നീതിയുക്തമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇത്രയും വൈകിയതില്‍ പ്രയാസമുണ്ട്. അതെല്ലാം പാര്‍ട്ടി വേദികളില്‍ ഉന്നയിക്കും. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാമുമായി സംസാരിച്ചിട്ടുണ്ട്.
ലീഗിന്റെ കൂടെയാണ് ഹരിത. പിടിച്ച കൊടി തെറ്റിയിട്ടില്ല. വ്യക്തികളെ നോക്കിയല്ല മുന്നോട്ടുപോകുന്നത്. പാര്‍ട്ടിയാണ് വലുത്. വനിതാ കമ്മിഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ആരുടെയും സമ്മര്‍ദമുണ്ടായിട്ടില്ല.
ലീഗില്‍ ജനാധിപത്യമുണ്ട്. അതുകൊണ്ടാണ് പരാതി ഉന്നയിച്ച ഹരിത നേതാക്കള്‍ ഇപ്പോഴും പ്രസ്ഥാനത്തില്‍ തുടരുന്നത്. സി.പി.എമ്മിലാണെങ്കില്‍ പരാതിക്കാര്‍ പുറത്തായേനേയെന്നും ഫാത്തിമ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.