സ്വന്തം ലേഖകൻ
കൊണ്ടോട്ടി
ഇന്ത്യയിൽനിന്ന് ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കു കീഴിൽ ഹജ്ജിനു പോകാനായി അപേക്ഷച്ചവരുടെ എണ്ണം അര ലക്ഷം കടന്നു. കഴിഞ്ഞ നവംബറിലാണ് ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരുന്നത്. ഇന്നലെ വരെ കേരളത്തിൽനിന്ന് 7,044 പേരാണ് അപേക്ഷിച്ചത്. നിലവിൽ കേരളത്തിൽനിന്നാണ് കൂടുതൽ അപേക്ഷകരുള്ളത്.
കേരളം, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് കൂടുതൽ അപേക്ഷകരുള്ളത്. ഈ മാസം 31വരെ ഹജ്ജ് അപേക്ഷ സ്വീകരിക്കും. കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയിൽനിന്ന് ഹജ്ജ് സർവിസുകളുണ്ടായിട്ടില്ല. ഈ വർഷവും സഊദി ഭരണകൂടത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
ഇന്ത്യയിൽനിന്ന് ഹജ്ജ് സർവിസിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഴുവൻ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഹജ്ജ് ട്രെയിനർമാരുടെ പരിശീലനം പൂർത്തിയായിട്ടുണ്ട്. കേരളത്തിൽനിന്ന് 53 ട്രെയിനർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്. കൊവിഡ് മൂലം ഇവരിൽ 13 പേർ മാത്രമാണ് മുംബൈയിലെത്തി നേരിട്ട് പരിശീലനത്തിൽ പങ്കെടുത്തത്. ശേഷിച്ചവർ ഓൺലൈനിലാണ് സംബന്ധിച്ചത്.
Comments are closed for this post.