ഹിറാത്: അഫ്ഗാന്‍ ജനതയ്ക്കായി ഇന്ത്യ നിര്‍മിച്ച ഡാം പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുകൊടുത്തു. ഇന്ത്യ-അഫ്ഗാന്‍ സൗഹൃദ ഡാം എന്നറിയപ്പെടുന്ന സല്‍മ ഡാമിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും ചേര്‍ന്നു നിര്‍വഹിച്ചത്. 1,700 കോടി ചെലവിട്ട് ചിസ്‌തേ ശരീഫ് നദിക്കു കുറുകെ നിര്‍മിച്ചിരിക്കുന്ന ഡാം 75,000 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യം ഒരുക്കുന്നതിനും 42 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും ശേഷിയുള്ളതാണ്. ഇന്ത്യയില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നുമുള്ള 1,500 ലധികം എന്‍ജിനീയര്‍മാര്‍ ചേര്‍ന്ന് ഏറെ ദുര്‍ഘട സാഹചര്യങ്ങള്‍ അതിജീവിച്ചാണ് ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഡാമിന്റെ നിര്‍മാണത്തിനാവശ്യമായ പല വസ്തുക്കളും ഇന്ത്യയില്‍നിന്നു കപ്പലുകള്‍വഴി ഇറാനിലെ ബന്ദറേ അബ്ബാസ് തുറമുഖത്തെത്തിച്ച് അവിടെനിന്നു റോഡുമാര്‍ഗം അഫ്ഗാനിസ്ഥാനിലെത്തിക്കുകയായിരുന്നു. സിമന്റ് ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ സമീപ രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്തു. കല്ലുകൊണ്ടല്ല, മറിച്ച് ഇന്ത്യയിലെയും അഫ്ഗാനിലെയും ജനങ്ങളുടെ സൗഹൃദംകൊണ്ട് പണിതതാണ് ഡാമെന്ന് ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഫ്ഗാനിസ്ഥാനു പുറമേ ഖത്തര്‍, സ്വിറ്റ്‌സര്‍ലാന്റ്, യു.എസ്, മെക്‌സിക്കോ എന്നിവ ഉള്‍പ്പെടെ അഞ്ചു രാഷ്ട്രങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി ഇവിടെയെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലും അഫ്ഗാന്‍ സന്ദര്‍ശിച്ച മോദി കാബൂളില്‍ 90 ദശലക്ഷം ഡോളര്‍ ചെലവിട്ട് ഇന്ത്യ നിര്‍മിച്ച പാര്‍ലമെന്റ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തിരുന്നു. യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിനായി രണ്ടു ബില്യണ്‍ യു.എസ് ഡോളര്‍ ചെലവുവരുന്ന പദ്ധതികളാണ് ഇന്ത്യ നടപ്പാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഫ്ഗാനിസ്ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ അമിര്‍ അമാനുല്ലാ ഖാന്‍ അവാര്‍ഡ് സമ്മാനിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഡാമിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷമായിരുന്നു ഇത്.
Comments are closed for this post.