2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സൗജന്യ സംഭാര വിതരണം നടത്തി ചേച്ചിയും അനുജനും

വൈക്കം: അവധിക്കാലം സമൂഹനന്മക്കായി വിനിയോഗിച്ച് ചേച്ചിയും അനുജനും പുതുതലമുറക്ക് മാതൃകയാകുന്നു. തലയോലപ്പറമ്പ് പുലിക്കോട്ടില്‍ വീട്ടില്‍ പി.പി ജോസഫ്-ഡെയ്‌സി ജോസഫ് ദമ്പതികളുടെ മക്കളായ റോസ്മരിയ ജോസഫ്, റോണി ജോസഫ് എന്നിവരാണ് മറ്റ് കുട്ടികളില്‍ നിന്നും വ്യത്യസ്തരായത്.
വഴിയോരത്ത് സൗജന്യസംഭാരം വിതരണം ചെയ്താണ് ഇവര്‍ തിളങ്ങിയത്്. വൈക്കം-കോട്ടയം റോഡില്‍ തലയോലപ്പറമ്പ് പഞ്ചായത്ത് പാലത്തിന് സമീപം താമസിക്കുന്ന വാടകവീടിനു മുന്‍വശത്താണ് ഇവരുടെ ദാഹമകറ്റാനുള്ള കൈത്താങ്ങെത്തിയത്. സംഭാരം കുടിക്കുവാന്‍ ദിവസവും വഴിയാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് എത്തുന്നത്. സ്റ്റോറില്‍ നിന്നും ദിവസവും 20 ലിറ്റര്‍ പാല്‍ വാങ്ങി തൈരാക്കിയാണ് സംഭാരത്തിനായി ഉപയോഗിക്കുന്നത്.
രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2.30 വരെയുള്ള സമയങ്ങളിലാണ് സംഭാരവിതരണം നടക്കുന്നത്. മക്കളുടെ ആഗ്രഹപ്രകാരം അച്ഛനമ്മമാര്‍ മോര് തയാറാക്കിക്കൊടുക്കും. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഈ കുട്ടികള്‍ മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് ദാഹമകറ്റാന്‍ മോരുവെള്ളം നല്‍കുന്നത്. തലയോലപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്റെ ആംബുലന്‍സ് ഡ്രൈവറായ അച്ഛന്‍ ജോസഫാണ് കുട്ടികള്‍ക്ക് എന്നും പ്രചോദനം.
പാലിയേറ്റീവ് കെയര്‍ ഓട്ടത്തിനായി പോകുമ്പോള്‍ ചില പ്രദേശത്ത് കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടായ സന്ദര്‍ഭം കുട്ടികളോട് പറഞ്ഞതോടെയാണ് ഇവര്‍ ഈ ആശയം മുന്‍നിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ചത്. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ റോസ് മരിയയും പൊതി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ റോണിയും പഠനത്തിലും ഒരുപോലെ സമര്‍ഥരാണ്.
അമ്മ ഡെയ്‌സിയും കുട്ടികള്‍ നടത്തുന്ന ഈ കാരുണ്യ പ്രവൃത്തിയില്‍ കൈത്താങ്ങായി ഒപ്പമുണ്ട്. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് ഓഫിസുകളിലും എത്തുന്ന വഴിയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവിടുത്തെ സൗജന്യ സംഭാരവിതരണം ചുട്ടുപൊള്ളുന്ന വെയിലത്ത് ഏറെ ആശ്വാസമാണ് നല്‍കുന്നത്.
തുടര്‍ വര്‍ഷങ്ങളിലും ഈ കാരുണ്യ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും സഹോദരങ്ങള്‍ അടിവരയിടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.