
ന്യൂഡല്‍ഹി: 700 മുതല്‍ 2500 മെഗാഹെഡ്സ് വരെ ഏഴു ബാന്‍ഡുകളായുള്ള സ്പെക്ട്രം ലേലം ചെയ്യുന്നതിന് മന്ത്രിസഭായോഗം അനുമതി നല്കി. 700, 800, 900, 1800, 2100, 2300, 2500 മെഗാഹെഡ്സ് സ്പടെക്ട്രങ്ങളാണ് ലേലം ചെയ്യുന്നത്. ഇന്ത്യന്‍ ടെലകോം ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തില്‍ 5.36 ട്രില്യന്‍ രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ആഗ്സ്ത് അവസാനത്തോടെയാവും ലേലം നടക്കുക. 700 മെഗാഹെഡ്സ് സ്പെട്രമാണ് ഇതില്‍ ഏറ്റവും വിലയേറിയത്. ഒരു മെഗാഹെഡ്സിന് 11,485 കോടി വരും.
വസ്ത്ര നിര്‍മ്മാണ മേഖലയ്ക്ക് 6000 കോടിയുടെ പാക്കേജിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. അടുത്ത മൂന്ന് വര്‍ഷത്തിനിടെ ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വസ്ത്ര നിര്‍മ്മാണ മേഖലയ്ക്ക് പ്രഖ്യാപിച്ച പാക്കേജ്. നിലവില്‍ വസ്ത്ര നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് 15 ശതമാനം സബ്സിഡിയാണ് നല്കി വരുന്നത്. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനം വിലിയിരുത്തിയ ശേഷം 10 ശതമാനം സബ്സിഡി കൂടി അധികമായി നല്‍കും. സ്റ്റാര്‍ട്ട് അപ്പ് പദ്ധതിക്കായി 10000 കോടി രൂപ നീക്കിവയ്ക്കാനും തീരുമാനിച്ചതായി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരായ സുബ്രഹ്മണ്യന് സ്വമിയുടെ ആരോപണത്തെ അരുണ്‍ ജെയ്റ്റ്ലി തള്ളി. അദ്ദേഹത്തില്‍ കേന്ദ്രസര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമാണുള്ളതെന്നും ജയ്റ്റ്ലി അഭിപ്രായപ്പെട്ടു.
വസ്ത്ര നിര്‍മ്മാണ മേഖലയ്ക്കുള്ള പാക്കേജ് അടക്കം തയ്യാറാക്കിയതില്‍ അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ ഉപദേശം സ്വീകരിച്ചിട്ടുണ്ടെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.