ഫൈസൽ കോങ്ങാട്
പാലക്കാട്
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സപ്ലൈകോയിൽനിന്ന് അരി ലഭിച്ചില്ലെങ്കിൽ പൊതുവിപണിയിൽനിന്ന് വാങ്ങാമെന്ന് ഡി.പി.ഐ സർക്കുലർ. അരി ലഭിക്കാത്ത സാഹചര്യത്തെക്കുറിച്ച് സുപ്രഭാതം കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി അധികൃതർ രണ്ട് ദിവസമായി എഫ്.സി.ഐ ഗോഡൗണുകളിൽ അരിക്ക് പോയെങ്കിലും സ്‌റ്റോക്കില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു.
സ്‌കൂളുകൾക്ക് ചെലവഴിക്കേണ്ടി വരുന്ന അധികതുക ഡി.പി.ഐ ഓഫിസ് അനുവദിക്കും. കേരളത്തിൽ 12,327 വിദ്യാലയങ്ങളിലായി 26,54,807 വിദ്യാർഥികളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്.
1984 മുതൽ സംസ്ഥാനം സ്വന്തം ഫണ്ട് ഉപയോഗിച്ച് നടപ്പാക്കി വന്നിരുന്ന പദ്ധതി 1995 മുതൽ കേന്ദ്ര/സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ചാണ് നടപ്പാക്കുന്നത്.
കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശ പ്രകാരം പ്രൈമറി വിദ്യാർഥികൾക്ക് പ്രതിദിനം 100 ഗ്രാം അരി വീതവും യു.പി വിദ്യാർഥികൾക്ക് 150 ഗ്രാം, പ്രീ പ്രൈമറി വിദ്യാർഥികൾക്ക് 30 ഗ്രാം അരി വീതവും പാചകം ചെയ്ത് നൽകണം.
വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ എന്നിവർ ആഴ്ചയിലൊരിക്കൽ തങ്ങളുടെ അധികാരപരിധിയിൽ വരുന്ന ഏതെങ്കിലും ഒരു സ്‌കൂൾ സന്ദർശിച്ച് ഉച്ചഭക്ഷണ പദ്ധതി പ്രവർത്തനം മോണിറ്റർ ചെയ്യണമെന്നും കുട്ടികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കണമെന്നും നിർദേശമുണ്ട്.
Comments are closed for this post.