2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

സ്‌കൂള്‍ പഠനം പുനരാരംഭിക്കണം


 

ദീര്‍ഘകാലം സ്‌കൂളുകള്‍ അടച്ചിടുന്നത് വലിയ അപകടം വരുത്തുമെന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശരിയായ വിദ്യാഭ്യാസമല്ലെന്നും പാര്‍ലമെന്ററി സമിതി സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. നീണ്ടകാലം സ്‌കൂളുകള്‍ അടച്ചിടുന്നതുവഴി വലിയ മാനസിക സമ്മര്‍ദമാണ് കുട്ടികള്‍ അനുഭവിക്കുന്നത്. രാജ്യത്തെ 11.5 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് വേഗതയുള്ള ഇന്റര്‍നെറ്റും ആന്‍ഡ്രോയിഡ് ഫോണ്‍ സൗകര്യവുമുള്ളതെന്നും 34 ശതമാനം കുട്ടികളും 29 ശതമാനം അധ്യാപകരും 27 ശതമാനം രക്ഷിതാക്കളും മാത്രമേ ഓണ്‍ലൈന്‍ ക്ലാസില്‍ തൃപ്തരായുള്ളൂവെന്നുമാണ് ബി.ജെ.പി രാജ്യസഭാംഗം ഡോ. വിനയ് സഹസ്രബുദ്ധേ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശരിയായ വിദ്യാഭ്യാസമല്ലെന്ന് പാര്‍ലമെന്ററി സമിതി വിലയിരുത്തിയ സ്ഥിതിക്ക് സ്‌കൂള്‍ പഠനത്തിലേക്ക് എത്രയും പെട്ടെന്ന് കുട്ടികളെ മടക്കിക്കൊണ്ടുവരികയാണു വേണ്ടത്. ഡിജിറ്റല്‍ പഠനം കുട്ടികളില്‍ കടുത്ത ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നുവെന്ന് എസ്.സി.ഇ.ആര്‍.ടി നടത്തിയ പഠനവും വ്യക്തമാക്കുന്നു. 36 ശതമാനം കുട്ടികള്‍ക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേരില്‍ കണ്ണിന്
ആരോഗ്യപ്രശ്‌നങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയും ഉണ്ടാകുന്നതായി പഠനത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജന്‍സികളുടെയും അനുമതി ലഭിച്ചാല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്നലെ നിയമസഭയെ അറിയിച്ചുകഴിഞ്ഞു.

ഓണ്‍ലൈന്‍ പഠനത്തിലെ സമ്മര്‍ദം കാരണം പാതിവഴിയില്‍ പഠനം അവസാനിപ്പിക്കുന്നവര്‍ വര്‍ധിക്കുകയാണ്. വീടകങ്ങളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന പഠനം കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധവും ശിഥിലമാക്കുന്നു. ഇതിനെല്ലാത്തിനുമുപരി മൊബൈല്‍ ഫോണ്‍ സ്വതന്ത്രമായി കിട്ടിയതോടെ കുട്ടികള്‍ അവര്‍ക്കാവശ്യമില്ലാത്ത ഓണ്‍ലൈന്‍ സഞ്ചാരപഥങ്ങളിലൂടെ രാവേറെച്ചെന്നും സഞ്ചരിക്കുന്നു എന്നതും സമീപകാലത്തെ ഏറ്റവും വലിയ അപകടമായിരിക്കുകയാണ്. നേരത്തെ മൊബൈല്‍ ഫോണുകള്‍ കുട്ടികളില്‍നിന്ന് പിടിച്ചെടുത്തിരുന്ന രക്ഷിതാക്കള്‍ ഇപ്പോള്‍ അവര്‍ക്ക് അതു വാങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിതരായി.
ഒരു മുന്‍പരിചയവുമില്ലാത്ത പഠനരീതി ദീര്‍ഘകാലം മുന്നോട്ടുകൊണ്ടുപോവുക എന്നത് ഒരിക്കലും ആശാസ്യമല്ല. കൊവിഡിനൊപ്പം ജീവിക്കുക എന്ന നയം സ്വീകരിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതിനൊത്ത് പൊതുജീവിതം രൂപപ്പെടുത്തുമ്പോള്‍ വിദ്യാര്‍ഥി സമൂഹം അതില്‍നിന്നു പുറന്തള്ളപ്പെടാന്‍ പാടില്ല. വിദ്യാര്‍ഥികളും അധ്യാപകരും പരസ്പരം സംവദിക്കുന്നത് ഇന്നില്ലാതായി. ഇത് ഇരുവിഭാഗത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ഈ വര്‍ഷം സ്‌കൂള്‍ പഠനം പുനരാരംഭിക്കാന്‍ ആലോചന നടക്കുന്നുണ്ടെന്നും തിരക്കിട്ട് തീരുമാനം എടുക്കില്ലെന്നും സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ പഠനം വിജയകരമായിരുന്നോ, പരാജയമായിരുന്നോ എന്നും കൂടി സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ട്. വിജയമായിരുന്നില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

2020 മാര്‍ച്ചില്‍ ആണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് കുട്ടികള്‍ക്ക് രോഗം വരാതിരിക്കാനും പഠനം മുടങ്ങാതിരിക്കാനും ഓണ്‍ലൈന്‍ പഠനം ആരംഭിക്കുകയായിരുന്നു. ലോക്ക്ഡൗണില്‍ കുട്ടികള്‍ പഠനത്തില്‍നിന്ന് അകലാതിരിക്കാന്‍ ഒരു താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണിത് ആരംഭിച്ചത്. ഇതിന്റെ പരാധീനതകള്‍ പലവിധത്തില്‍ സംഭവിക്കുന്നത് ഇതിനകം തന്നെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധ്യപ്പെട്ടുകഴിഞ്ഞു. സാധാരണ ക്ലാസ്മുറിയില്‍നിന്ന് കുട്ടികള്‍ക്ക് മനസിലാകുന്നതുപോലെ ഓണ്‍ലൈന്‍ പഠനങ്ങളിലൂടെ പാഠ ഭാഗങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നില്ല. അധ്യാപകര്‍ക്ക് അധ്യാപനവും ശരിയാംവണ്ണം നടത്താന്‍ കഴിയുന്നില്ല. 77 ശതമാനത്തിനും ഓണ്‍ലൈന്‍ പഠനഭാഗങ്ങള്‍ ഗ്രാഹ്യമാകുന്നില്ല എന്നതാണ് വസ്തുത. ഓണ്‍ലൈന്‍ ക്ലാസുകളിലെ പഠന വേഗതയാണിതിനു കാരണം. നോട്ട്‌സുകള്‍ കുറിച്ചിടാന്‍ പോലും വിദ്യാര്‍ഥികള്‍ക്കു കഴിയുന്നില്ല. നിലവിലുള്ള സിലബസ് ക്ലാസ്‌റൂമുകള്‍ക്കു വേണ്ടി രൂപപ്പെടുത്തിയതാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു വേണ്ടി ഉണ്ടാക്കിയതല്ല. അതിന്റെ ന്യൂനതകള്‍ ഓണ്‍ലൈന്‍ പഠനത്തിനുണ്ടാകും. ഇതേ കാരണങ്ങള്‍ കൊണ്ടാണ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തോട് താല്‍പര്യം കുറയുന്നതും. കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പഠിക്കുക എന്നത് ദുഷ്‌കരമാണ്. പഠിപ്പിക്കുക, ക്ലാസുകള്‍ കാണുക, ഹോം വര്‍ക്ക് നല്‍കുക. അവ പരിശോധിക്കുക, ഫീഡ്ബാക്ക് നല്‍കുക എന്നിങ്ങനെ ഭാരിച്ച ഉത്തരവാദിത്വം അധ്യാപകര്‍ക്കുമുണ്ട്. ഓണ്‍ലൈന്‍ പഠനം ഒരു സ്ഥിരം സംവിധാനമാക്കുന്നത് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ.

ചെറിയ ക്ലാസുകളില്‍ കുട്ടികളെ രക്ഷിതാക്കള്‍ക്ക് സഹായിക്കാന്‍ കഴിയുമെങ്കിലും ഹയര്‍ സെക്കന്‍ഡറി ക്ലാസിലെ കുട്ടികളെ അങ്ങനെ സഹായിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും പരിമിതിയുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ മൊബൈല്‍ ഫോണുകളില്‍ റീചാര്‍ജ് ചെയ്യാന്‍ മാസത്തില്‍ നല്ലൊരു തുക ചെലവാകുന്നു. ഒരു വീട്ടില്‍ രണ്ടും മൂന്നും കുട്ടികള്‍ പഠിക്കുമ്പോള്‍ രക്ഷിതാക്കളുടെ സാമ്പത്തികഭാരം വര്‍ധിക്കുകയാണ്.

ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിച്ചിട്ട് ഒരുവര്‍ഷം കഴിയുന്നു. അവരുടെ പഠനപുരോഗതി എത്രത്തോളമെന്ന് വിലയിരുത്തിയാണ് അതിന്റെ ദൈന്യത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് കുട്ടികള്‍ക്ക് സ്‌കൂള്‍ പഠനം സാധ്യമാക്കാനുള്ള നടപടികള്‍ എങ്ങനെ രൂപപ്പെടുത്താമെന്നാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. തിരക്കിട്ട് തീരുമാനം ഉണ്ടാവണമെന്നല്ല, അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനും പാടില്ല. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സാഹചര്യം ഈ വര്‍ഷമെങ്കിലും ഉണ്ടാകണം. പൊതുജീവിതം സാധാരണ ഗതിയിലാക്കാന്‍ സര്‍ക്കാര്‍ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം നടപ്പാക്കുന്ന നിബന്ധനകളും ഇളവുകളും മറ്റും വിമര്‍ശനങ്ങളും പരിഹാസ ട്രോളുകളും വരാത്തവിധം സ്‌കൂളുകളില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് പരിശോധിക്കണം. തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ കേരളത്തിലാണുള്ളതെന്ന സ്ഥിതിക്ക്, ഈ പ്രതിസന്ധിയെ അതിജീവിച്ച് എങ്ങനെ സ്‌കൂള്‍ പഠനം പുനരാരംഭിക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ അവരുടെ സ്‌കൂളുകളില്‍ വച്ചുതന്നെ നല്‍കി അവരുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതു പോലുള്ള തീരുമാനങ്ങള്‍ ഉണ്ടാകുന്നത് ഉചിതമായിരിക്കും. എന്തായാലും സ്‌കൂള്‍ പഠനം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ഒരു തലമുറയോട് ചെയ്യുന്ന അനീതിയായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.