
സ്വന്തം ലേഖകൻ
മലപ്പുറം
വിദ്യാഭ്യാസ മന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ ഫേസ്ബുക്കിൽ പോസ്റ്റർ പോര്. പ്ലസ്ടു ഫലപ്രഖ്യാപന വേളയിൽ വിദ്യാർഥികളുടെ എണ്ണം തെറ്റായി വായിച്ച മന്ത്രി ശിവൻകുട്ടിയെ പരിഹസിച്ചായിരുന്നു ആദ്യം മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്ന പി.കെ അബ്ദുറബ്ബിന്റെ പോസ്റ്റ്. മഴ നനയാതിരിക്കാൻ സ്കൂൾ വരാന്തയിൽ കയറിയതല്ല.., ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ.. മക്കളേ..എന്ന് സ്കൂൾ വരാന്തയിൽ കയറി നിന്നുള്ള ഫോട്ടോയോടെയാണ് അബ്ദുറബ്ബ് പോസ്റ്റിട്ടത്.
മണിക്കൂറുകൾക്കകം മന്ത്രി വി.ശിവൻകുട്ടി ഇതിന് മറുപടിയുമായി രംഗത്തെത്തി. സ്കൂളിന്റെ വരാന്തയിലല്ല ക്ലാസ് മുറികളിൽ ചെന്ന് കുട്ടികളോട് മാറ്റം ചോദിച്ചറിയണം. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് വിദ്യാർഥികൾ വരാന്തയിൽ പോലുമല്ലായിരുന്നുവെന്നും പാഠഭാഗങ്ങളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പുറത്തായിരുന്നുവെന്നുമായിരുന്നു ശിവൻകുട്ടിയുടെ മറുപടി.
കഴിഞ്ഞ ദിവസം അബ്ദുറബ്ബും മുൻ മന്ത്രി കെ.ടി ജലീലും തമ്മിൽ ഫേസ്ബുക്കിൽ കൊമ്പുകോർത്തിരുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയെച്ചൊല്ലി ജലീൽ കുറിച്ച പരിഹാസ രൂപേണയുള്ള വാചകങ്ങളെ ട്രോളിയായിരുന്നു അബ്ദുറബ്ബ് രംഗത്തെത്തിയത്.