കോഴിക്കോട്
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് സെന്റ് വിൻസെന്റ് സ്‌കൂൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിലെ പാചകപ്പുര ഉൾപ്പെടെ സന്ദർശിച്ച് മന്ത്രി മടങ്ങി. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ മിന്നൽ പരിശോധന തുടരും. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുക.
ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാൻ ജനകീയ ഇടപെടൽ വേണം. ആറു മാസത്തിലൊരിക്കൽ കുടിവെള്ളം പരിശോധിക്കണം. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിൽ ശുചീകരണം നടത്തും. കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായ സ്ഥലങ്ങളിലെ അരി പരിശോധിച്ചതിൽ പ്രാഥമികമായി പ്രശ്‌നങ്ങളില്ലെന്നാണ് കണ്ടെത്തൽ. ഭക്ഷണം കഴിക്കാത്ത കുട്ടികൾക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ല. പരിശോധനാ ഫലം വന്നശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂവെന്നും മന്ത്രി പറഞ്ഞു.
Comments are closed for this post.