
സ്വന്തം ലേഖകൻ
കാസർകോട്
മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ സ്വർണവ്യാപാരി രാഹുൽ മഹാദേവി ജാവിറിനെ മൊഗ്രാൽപുത്തൂർ കടവത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി കവർന്നത് 1.65 കോടിയാണെന്ന് തെളിഞ്ഞു. കേസിൽ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ രണ്ടു പ്രതികളും 1.65 കോടി രൂപയാണ് തട്ടിയെടുത്തതെന്നും ഇതിൽ 15 ലക്ഷം രൂപ വീതം തങ്ങൾക്ക് ലഭിച്ചതായും പൊലിസിനു മൊഴി നൽകി.
അതേസമയം, കേസിലെ മുഖ്യപ്രതി ആർ.എസ്.എസ് പ്രവർത്തകൻ കതിരൂർ മനോജ് വധക്കേസിലെ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്നു പൊലിസ് കസ്റ്റഡിയിലെടുത്ത കുമ്പള ശാന്തിപ്പള്ളം ബദരിയ നഗറിലെ എ.ജി ഷഹീർ എന്ന ഷഹീർ റഹീം (34), കണ്ണൂർ പുതിയതെരു നായക്കർ നടുക്കണ്ടി വീട്ടിൽ എൻ.എൻ മുബാറക് (27) എന്നിവരുടെ അറസ്റ്റാണ് ഇന്നലെ ഡിവൈ.എസ്.പി പി. ബാലകൃഷണൻ നായർ, പൊലിസ് ഇൻസ്‌പെക്ടർ പി. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കതിരൂർ മനോജ് വധക്കേസിലെ ഒമ്പതാം പ്രതിയായ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി കണ്ണൂർ മാലൂർ തോലമ്പ്ര മടത്തിക്കുന്ന് കുന്നുമ്മൽ സിനിലിനെതിരേ (42) ആണ് പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ഒന്നാംപ്രതിയായ സിനിലിന്റെ നേതൃത്വത്തിലാണു ജയിലിൽവച്ച് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തതെന്നും പൊലിസ് വ്യക്തമാക്കി.
മനോജ് വധക്കേസിൽ ജാമ്യം നേടിയ ഇയാൾ കോഴിക്കോട് വളയത്താണ് താമസം. ജാമ്യവ്യവസ്ഥ പ്രകാരം സിനിലിനു കണ്ണൂർ ജില്ലയിൽ പ്രവേശനമില്ലെന്നും പൊലിസ് അറിയിച്ചു.
2021 സെപ്റ്റംബർ 22നായിരുന്നു പഴയ സ്വർണാഭരണ ഇടപാടുകൾ നടത്തുന്ന രാഹുൽ മഹാദേവ് ജാവിറിനെ ഇന്നോവ കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്നത്.
പൊലിസ് പിന്തുടരുന്ന വിവരമറിഞ്ഞ് സംഘം രാഹുലിനെ പയ്യന്നൂരിൽ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു. കേസിൽ തൃശൂർ സ്വദേശികളായ എഡ്വിൻ, ആന്റപ്പൻ, വയനാട് സ്വദേശികളായ സുജിത്, ജോബിഷ്, കണ്ണൂർ മാലൂർ സ്വദേശി സിനിൽ എന്നിവരെയാണു പിടികിട്ടാനുള്ളതെന്നും പൊലിസ് അറിയിച്ചു.
വയനാട് പനമരം കായക്കുന്നിലെ അഖിൽടോമി (24), തൃശൂർ കുട്ടനെല്ലൂർ എളംതുരുത്തിയിലെ ബിനോയ് സി. ബേബി (25), വയനാട് പുൽപ്പള്ളിയിലെ അനുഷാജു (28) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.