
കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ മൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം. കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ച് അക്കാര്യം മുദ്രവച്ച കവറില്‍ കോടതിയെ അറിയിക്കണമെന്ന് എറണാകുളം അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. കൂടാതെ, കേസിലെ അന്വേഷണ പുരോഗതി മൂന്നുമാസം കൂടുമ്പോള്‍ കോടതിയെ അറിയിക്കുകയും വേണം.
മൊഴി ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്ന കോടതിയെ സമീപിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് കാക്കനാട്ടെ ജില്ല ജയിലില്‍ കഴിയവേയാണ് കസ്റ്റംസ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തുമ്പോള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലും ക്ഷീണിതയുമായിരുന്നുവെന്ന് ഹരജിയില്‍ സ്വപ്ന വിശദീകരിക്കുന്നു. കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയ മൊഴിയുടെ പകര്‍പ്പ് തേടി ആഗസ്റ്റ് 17ന് കോടതിയെ സമീപിച്ചെങ്കിലും അതീവ രഹസ്യ രേഖയായതിനാല്‍ പകര്‍പ്പ് നല്‍കാനാവില്ലെന്ന് പറഞ്ഞ് ആവശ്യം കോടതി തള്ളി.
അതീവ രഹസ്യമെന്ന് വിശേഷിപ്പിച്ച് തനിക്കുപോലും നല്‍കാത്ത മൊഴിയുടെ വിശദാംശങ്ങള്‍ ദിവസങ്ങള്‍ക്കുശേഷം ചില ദൃശ്യമാധ്യമങ്ങളില്‍ വന്നു. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരാണ് മൊഴി ചോര്‍ത്തിയതെന്ന് സ്വപ്ന ആരോപിച്ചു.
വാര്‍ത്ത പ്രസിദ്ധീകരിച്ച ദൃശ്യമാധ്യമങ്ങള്ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ഹരജിക്കാരിയുടെ ആവശ്യം കോടതി തള്ളി. അതേസമയം, റിപ്പോര്‍ട്ട് ചോര്‍ന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ച് അക്കാര്യം മുദ്രവച്ച കവറില്‍ കോടതിയെ അറിയിക്കാന്‍ കസ്റ്റംസ് ചീഫ് കമ്മിഷണര്‍ക്ക് (പ്രിവന്റീവ്) കോടതി നിര്‍ദേശം നല്കി.