2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സ്വന്തം അണികളെയും കൊന്ന് ഐ.എസ്

ബാഗ്ദാദ്: ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയത്തില്‍ സ്വന്തം അണികളെയും ഐ. എസ് കൊന്നൊടുക്കുന്നു. ഇതുവരെ 38 പേരെ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പായി കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഐ.എസ് നേതാക്കളെ കൃത്യമായി ലക്ഷ്യംവച്ച് നടന്ന വ്യോമാക്രമണങ്ങളാണ് ചാരവൃത്തി നടക്കുന്നുണ്ടെന്ന സംശയം ബലപ്പെടാന്‍ കാരണമാക്കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ഐ.എസ് നേതാവായ അബു ഹയ്ജ അല്‍ തുന്‍സി വടക്കന്‍ സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
തങ്ങള്‍ക്കിടയില്‍ തന്നെയുള്ള ചാരവൃത്തി ഐ.എസ് നേതൃത്വം ഏറെ ഭയക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവരെ സംശയത്തോടെയാണ് നേതൃത്വം കാണുന്നത്. വ്യോമാക്രമണ ഭീഷണി ഭയന്ന് ഐ.എസ് കമാന്‍ഡര്‍മാരില്‍ പലര്‍ക്കും ഇറാഖില്‍ നിന്ന് സിറിയയിലേക്ക് വരാന്‍പോലും ഭയമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഐ.എസിന്റെ ഉന്നത ശ്രേണിയിലുള്ള പല കമാന്‍ഡര്‍മാരെയും കൊലപ്പെടുത്തിയതായി അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.

ഇറാഖിലും സിറിയയിലും ഐ.എസിനുള്ള സ്വാധീനം നഷ്ടപ്പെട്ടുവരികയാണ്. പടിഞ്ഞാറന്‍ നഗരമായ റമാദി ഈ വര്‍ഷം ആദ്യം ഐ.എസില്‍ നിന്നും ഇറാഖ് സേന പിടിച്ചെടുത്തിരുന്നു. ഇപ്പോള്‍ ഫല്ലുജ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇറാഖ് സേന. അതിനിടെ, ഐ.എസിന്റെ നീക്കങ്ങളെക്കുറിച്ച് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ക്ക് വിവരം ചോര്‍ത്തിനല്‍കുന്ന പ്രവണത ഭീകരസംഘടനയ്ക്കുള്ളില്‍ വര്‍ധിക്കുന്നുണ്ടെന്ന് സിറിയന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍. ജി.ഒകളും വ്യക്തമാക്കുന്നുണ്ട്. ഭീകരസംഘടനയുടെ നിയന്ത്രണത്തിലുള്ള എണ്ണപ്പാടങ്ങളില്‍ സഖ്യകക്ഷികളും റഷ്യയും ആക്രമണം നടത്തിയതോടെ സാമ്പത്തിക ഞെരുക്കത്തിലായ ഐ.എസ് അണികളുടെ ശമ്പളം വെട്ടിക്കുറച്ചിട്ടുമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.