
പെരുമ്പാവൂര്‍: സ്വകാര്യ ബസുകള്‍ പെരുമ്പാവൂരില്‍ വണ്‍വേ സമ്പ്രദായം പാലിക്കാത്തത് മൂലം യാത്രക്കാര്‍ വലയുന്നു. സിവില്‍ സ്റ്റേഷന്, സര്‍ക്കാര്‍ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്കു പോകേണ്ട യാത്രക്കാരാണ് കൂടുതലായും വലയുന്നത്.
അങ്കമാലി, കോതമംഗലം ഭാഗങ്ങളില്‍ നിന്നു വരുന്ന ബസുകളാണ് നിയമം ലംഘിച്ചോടുന്നത്. ഇടറോഡുകളിലൂടെ എളുപ്പത്തില്‍ ബസ് സ്റ്റാന്ഡിലെത്തുന്നതിനായി യാത്രക്കാരെ നടുറോഡില്‍ ഇറക്കി വിടുന്നത് സ്ഥിര സംഭവമായിരിക്കുകയാണ്. അങ്കമാലിയില്‍ നിന്നും വരുന്ന ബസുകള്‍ മിനി സിവില്‍ സ്റ്റേഷന്, താലൂക്ക് ആശുപത്രി,മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ചുറ്റി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തണമെന്നാണ് നിയമം.
എന്നാല്‍ ഇവ വണ്‍വേയായ കെ.ഹരിഹരയ്യര്‍ റോഡിലൂടെ പോകാതെ എം.സി റോഡിലെ ടെമ്പിള്‍ ജങ്ഷനില്‍ നിന്നു വലത് തിരിഞ്ഞ് കുഴിപ്പിള്ളിക്കാവ് വഴി സ്റ്റാന്‍ഡിലേക്കു പോകുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ഇതിനാല്‍ താലൂക്ക് ആശുപത്രി, കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, മിനി സിവില്‍ സ്റ്റേഷന് തുടങ്ങിയ സ്ഥലത്തേക്കുള്ള യാത്രക്കാര്‍ ഓട്ടോറിക്ഷകളെ ആശ്രയിക്കണം. കോതമംഗലത്തു നിന്നു വരുന്ന ബസുകള്‍ താലൂക്ക് ആശുപത്രിക്കു മുന്നില്‍ നിന്നു കല്ലുങ്കല്‍ റോഡിലൂടെ കെ.എസ്.ആര്.ടി.സി വേ ഔട്ട് റോഡ് വഴി എം.സി റോഡിലെത്തി സ്റ്റാന്‍ഡിലേക്കു പോകുന്നു. ഇതു മൂലം മിനി സിവില്‍ സ്റ്റേഷന്, വില്ലേജ് ഓഫിസ്, മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്ക് പോകാന്‍ ഓട്ടോറിക്ഷകളെ ആശ്രയിക്കണം.
ടൗണിലെ ഗതാഗത കുരുക്കു മൂലം സമയനഷ്ടം ഭയന്നാണ് സ്വകാര്യ ബസുകള്‍ കുറുക്കു വഴികള്‍ തേടുന്നത്. പെരുമ്പാവൂരിലേക്കു ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ ടൗണിന്റെ ഹൃദയഭാഗത്തെത്താന് അധിക പണം നല്‍കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.