2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനത്തിന് ആറിന പരിപാടി

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനത്തിന് ബജറ്റില്‍ ആറിന പരിപാടി പ്രഖ്യാപിച്ച് ധനമന്ത്രി. 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന 2,500 സ്റ്റാര്‍ട്ടപ്പുകളാണ് 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കാനൊരുങ്ങുന്നത്.
കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി ഒരു വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടിനു രൂപം നല്‍കും. ഇതിലേക്ക് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെ.എസ്.ഐ.ഡി.സിയും കെ.എഫ്.സിയും കേരള ബാങ്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കു നല്‍കുന്ന വായ്പയില്‍ നഷ്ടമുണ്ടാവുമെങ്കില്‍ അതിന്റെ 50 ശതമാനം സര്‍ക്കാര്‍ താങ്ങായി നല്‍കും. ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേരള ഫണ്ട് ഓഫ് ഫണ്ട് സ്‌കീം ഫോര്‍ ടെക്‌നോളജി പ്രൊഡക്ട് സ്റ്റാര്‍ട്ട് അപ്പ് വിപുലീകരിക്കാന്‍ 20 കോടി രൂപ വകയിരുത്തി. സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്റെ 90 ശതമാനം പരമാവധി 10 കോടി രൂപ വരെ പത്തു ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. പര്‍ച്ചേസ് ഓര്‍ഡറുകളാണെങ്കില്‍ ഡിസ്‌കൗണ്ട് ചെയ്യാനും പദ്ധതിയുണ്ടാകും.
കേരള സര്‍ക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെന്‍ഡറുകളില്‍ സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം മോഡല്‍ പ്രോത്സാഹിപ്പിക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ അന്തര്‍ദേശീയ കമ്പോള ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രത്യേക പരിപാടിക്കു രൂപം നല്‍കും.
ഇതിനു പുറമെ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍ സംവിധാനം ശക്തിപ്പെടുത്താന്‍ 10 കോടി രൂപ വകയിരുത്തി. സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിലുള്ള യൂത്ത് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് പരിപാടി, സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍ക്യുബേഷന്‍, ആക്‌സിലറേഷന്‍, ഉല്‍പന്നങ്ങളുടെ വികസനവും മാര്‍ക്കറ്റിങ്ങും, സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രോത്സാഹന പരിപാടി എന്നിവയ്ക്കായി 59 കോടി രൂപ വകയിരുത്തി. കെ.എസ്.ഐ.ഡി.സിയുടെ ഇന്നവേഷന്‍ ആക്‌സിലറേഷന്‍ സ്‌കീമിന് 11 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.