
കൊച്ചി: സ്മാര്‍ട്സിറ്റി കൊച്ചിയില്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍ ഇന്ത്യയില്‍തന്നെ ഇത്തരത്തില്‍പ്പെട്ട ആദ്യത്തേതായിരിക്കും. വലിപ്പംകൊണ്ടു മാത്രമല്ല, ഓയില്‍, ഗ്യാസ് ഉല്പാദനമില്ലാത്ത ഒരു പ്രദേശത്തു സ്ഥാപിക്കപ്പെടുന്നുവെന്നതു കൂടി കണക്കിലെടുക്കുമ്പോള്‍, പദ്ധതി അതുല്യമായ സവിശേഷതകകള്‍ ഉള്ളതാണ്.
4.37 ഏക്കറില്‍ 7.61 ലക്ഷം ചതുരശ്ര അടിയില്‍ വിഭാവനം ചെയ്യപ്പെടുന്ന നിര്‍ദിഷ്ട എനര്‍ജി ക്ലസ്റ്റര്‍ ഊര്‍ജ മേഖലയിലെ അന്താരാഷ്ട്ര ഭീമന്മാരെ ആകര്ഷിക്കുമെന്നു മാത്രമല്ല, യോഗ്യരായ പതിനായിരത്തോളം പ്രൊഫഷണലുകള്‍ക്ക് ഉന്നത തൊഴിലവസരങ്ങളും ലഭ്യമാക്കും.
താഴ്ന്ന ചെലവില്‍ തലമുറകളോളം ഊര്ജോല്പാദനം നടത്തുന്നതിനു സഹായകമായ നൂതനാശയങ്ങളും സംരംഭങ്ങളും വികസിപ്പിക്കുകയെന്നതാകും ക്ലസ്റ്ററിന്റെ പ്രധാന ലക്ഷ്യം. എണ്ണ, വാതക കമ്പനികളും റിന്യൂവബിള്‍ എനര്‍ജി സ്ഥാപനങ്ങളും ഓയില്‍ ഫീല്‍ഡ് സര്‍വിസ് കമ്പനികളും സാങ്കേതികവിദ്യാ ദാതാക്കളുമായിരിക്കും ക്ലസ്റ്ററിലെത്തുന്ന ആഗോള സംരംഭങ്ങള്‍.
അമേരിക്കയില്‍ ടെക്സാസിലുള്ള ടെക്നോളജി കമ്പനിയും ഇന്ത്യയിലെ പ്രമുഖ ബില്‍ഡറും തമ്മിലുള്ള സംയുക്ത സംരംഭമായ കെന്സെല് ഇന്‍ഫ്രാടെക് നടപ്പാക്കുന്ന ഈ ക്ലസ്റ്റര്‍, താഴ്ന്ന ചെലവില്‍ തലമുറകളോളം ഊര്ജോല്പാദനം സാധ്യമാക്കുന്ന സംരംഭങ്ങള്‍ക്കാവശ്യമായ നൂതന അടിസ്ഥാന സൗകര്യമൊരുക്കുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക.
ഊര്‍ജ വ്യവസായ മേഖലയ്ക്കു ക്ലീന്‍ എനര്‍ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്ന വ്യവസായങ്ങളും സാങ്കേതിക പരിശീലനകേന്ദ്രങ്ങളും ക്ലസ്റ്ററിലുണ്ടാകും.
ഡിജിറ്റല്‍ ടെക്നോളജി ലാബുകള്‍, ടെസ്റ്റിങ് സെന്ററുകള്‍, സാങ്കേതികവിദ്യകളും സേവനങ്ങള്‍ ലഭ്യമാക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍, ക്ലൗഡ് പോലുള്ള വീദുരസ്ഥ (റിമോട്ട്) പ്രവര്‍ത്തന സഹായം ലഭ്യമാക്കുന്ന സംവിധാനങ്ങള്‍, അടിസ്ഥാനസൗകര്യ സേവനങ്ങള്‍, എന്‍ജിനിയറിങ് സേവനങ്ങള്‍, വിതരണ ശൃംഖലകളുടെ കൈകാര്യം തുടങ്ങിയ സേവനങ്ങളും ക്ലസ്റ്റര്‍ നല്‍കും.
ആഗോള ഊര്‍ജ ഭീമന്മാര്ക്കായി റിയല്‍ടൈം ഓപറേഷന് സപ്പോര്‍ട്ട് സെന്ററുകളും ഇതിലുള്‍പ്പെടും.
റിന്യൂവബിള്‍ എനര്‍ജി, ഐ.ടി ഉള്‍പ്പെടെയുള്ള ഊര്‍ജമേഖലയിലെ ആഗോള പ്രമുഖരുടെ സംയുക്ത ശക്തിയും അനുഭവസമ്പത്തും കേരളത്തിലെ പരിശീലനയോഗ്യരായ തൊഴില്സമ്പത്തും ഒത്തുചേരുന്നത് ആഗോള എനര്‍ജി കമ്പനികള്‍ക്ക് കേരളത്തിന്റെ വാതിലുകള്‍ തുറന്നിടുമെന്ന്്് സ്മാര്‍ട്സിറ്റി കൊച്ചി ഇടക്കാല സി.ഇ.ഒ ഡോ. ബാജു ജോര്‍ജ് പറഞ്ഞു.