
സ്മാര്‍ട്ഫോണ്‍ കാലത്തിനു മുന്‍പ് ഏറ്റവും ജനപ്രിയമായ ഫോണ്‍ ഏതാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു -നോക്കിയ. എല്ലാവരും ഏറെ വിശ്വാസത്തോടെ വാങ്ങിയിരുന്ന ബ്രാന്‍ഡ്. ഇന്നും നോക്കിയ ഫോണിന്റെ ജനപ്രീതി നഷ്ടപ്പെട്ടിട്ടില്ല. സ്മാര്‍ട്ഫോണുകളുടെ വരവോടെ ആപ്പിളും സാംസങും വിപണി കീഴടക്കിയപ്പോള്‍ അത് നോക്കിയ ഫോണുകളുടെ കാലം അവസാനിക്കുന്നതിലേക്ക് വഴിവെച്ചു. ഏറെ വൈകാതെ നോക്കിയ ഫോണുകള്‍ അതിന്റെ ഉത്പാദനവും നിര്‍ത്തി.
എന്നാല്‍ നോക്കിയയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു ശുഭവാര്‍ത്തയാണ് ഈയിടെ കേള്‍ക്കുന്നത്. കിടിലന്‍ സ്മാര്‍ട്ഫോണുകളുമായി നോക്കിയ തിരിച്ചുവരാന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ തിരിച്ചുവരവ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു മുതല്‍ നാല് ഉത്പന്നങ്ങല്‍ വരെയുണ്ടാവുമെന്നാണ് ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്മാര്‍ട്ഫോണുകളെ കൂടാതെ ടാബ്ലറ്റുകളുമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
ഈ വര്‍ഷം അവസാനമാണ് മൈക്രോസോഫ്റ്റുമായുള്ള നോക്കിയയുടെ കരാര്‍ അവസാനിക്കുന്നതിന്. അതിനു ശേഷം മാത്രമേ വിപണിയിലേക്കുള്ള തിരിച്ചുവരവ് സാധ്യമാവുകയുള്ളു.