2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സ്‌പെഷൽ മാര്യേജ് ആക്ട്സ്‌പെഷൽ മാര്യേജ് ആക്ട് ;

വിവാഹവും രജിസ്‌ട്രേഷനും
പിന്തുടർച്ചാവകാശങ്ങളും

സ്വതന്ത്ര ഭാരതം പരമാധികാര റിപ്പബ്ലിക്കായതിനുശേഷം ആരംഭത്തിൽതന്നെ പാർലമെന്റ് പാസാക്കി നടപ്പാക്കിയ മതേതര നിയമമാണ് 1954ലെ സ്‌പെഷൽ മാര്യേജ് ആക്ട്. നാനാവിധ ജാതി, മത ആചാരങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്ത് മതത്തിനും ആചാരത്തിനും അതീതമായി വ്യത്യസ്ത ജാതി, മത വിഭാഗങ്ങളിൽപ്പെട്ടവർ തമ്മിൽ നടക്കുന്ന വിവാഹങ്ങളിലെ ദാമ്പത്യങ്ങളിൽ പിറക്കുന്ന സന്താനങ്ങളുടെയും അനന്തരാവകാശികളുടെയും പിന്തുടർച്ചാവകാശത്തിന് നിയമപരിരക്ഷ നൽകുന്ന നിയമമാണ് 1954ലെ സ്‌പെഷൽ മാര്യേജ് ആക്ട്. മാത്രമല്ല, ഈയടുത്ത കാലംവരെ മുസ്‌ലിം മതാചാരപ്രകാരം നടക്കുന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ നിയമാനുസൃതം നിയമിക്കപ്പെട്ട യുക്താധികാരി ഉണ്ടായിരുന്നില്ല. ഖാസി നൽകുന്ന വിവാഹ സാക്ഷ്യപത്രങ്ങൾ മാത്രമാണ് വിവാഹം സംബന്ധിച്ച ആധികാരിക രേഖ. സുപ്രിംകോടതി വിധിയെത്തുടർന്നാണ് മുസ്‌ലിം വിവാഹമടക്കം എല്ലാ വിവാഹങ്ങളും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ നിയുക്ത യുക്താധികാരികളുടെ മുമ്പാകെ രജിസ്റ്റർ ചെയ്തിരിക്കണമെന്ന വ്യവസ്ഥയുണ്ടായത്. മുൻകാലങ്ങളിൽ ഇന്ത്യക്കകത്തും പുറത്തും പാസ്‌പോർട്ട്, എമിഗ്രേഷൻ തുടങ്ങി വിവിധ അധികാരസ്ഥാനങ്ങളിൽ മുസ്‌ലിം വിവാഹം സംബന്ധിച്ച ആധികാരിക രേഖ 1954ലെ സ്‌പെഷൽ മാര്യേജ് ആക്ട് അനുസരിച്ചുള്ള സാക്ഷ്യപത്രങ്ങളായിരുന്നു.


സ്‌പെഷൽ മാര്യേജ് ആക്ട് 4-ാം വകുപ്പനുസരിച്ച് വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലും ഒരേ മതവിഭാഗത്തിൽ പെട്ടവർ തമ്മിലുമുള്ള വിവാഹകർമാനുഷ്ഠാനത്തിനുള്ള(solemnization of marriage) പരമപ്രധാന നിബന്ധന മുമ്പ് വിവാഹം കഴിച്ചവരായിരിക്കരുതെന്നാണ്. അതായത് ഏതെങ്കിലും മതാചാരപ്രകാരം ഒരിക്കൽ വിവാഹിതരായ ദമ്പതികൾക്ക് വൈവാഹിക ബന്ധം നിലനിൽക്കുമ്പോൾ സ്‌പെഷൽ മാര്യേജ് ആക്ട് 4-ാം വകുപ്പനുസരിച്ച് വിവാഹിതരാകാൻ നിയമപരമായി സാധ്യമല്ല. 4-ാം വകുപ്പനുസരിച്ച് വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്ന വധൂവരന്മാർ അതത് പ്രദേശത്തെ മാര്യേജ് ഒാഫിസർക്ക് 5-ാം വകുപ്പനുസരിച്ച് നൽകേണ്ട നോട്ടിസിൽ വിവാഹിതരാകാൻ ഉദ്ദേശിക്കുന്ന കക്ഷികൾ അവിവാഹിതർ, വിവാഹമോചനം ചെയ്യപ്പെട്ടവർ, അല്ലെങ്കിൽ വിധവ അല്ലെങ്കിൽ ഭാര്യ മരിച്ച വിധുരൻ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. അതായത് ഒരിക്കൽ വിവാഹിതരായി ഭാര്യാഭർത്താക്കന്മാരായി ജീവിക്കുന്ന ദന്പതികൾക്ക് വൈവാഹികബന്ധം നിലനിൽക്കുമ്പോൾ 4-ാം വകുപ്പനുസരിച്ച് വീണ്ടും വിവാഹിതരാകാൻ നിയമപരമായി കഴിയില്ലെന്നർഥം. മാത്രമല്ല, നിർദിഷ്ട വധൂവരന്മാർ ബുദ്ധിസ്ഥിരതയുള്ളവരും സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുള്ളവരുമായിരിക്കണമെന്നും മാനസികരോഗമോ ചിത്തഭ്രമമോ ഉള്ളവരായിരിക്കരുതെന്നും 4(ബി) വകുപ്പിൽ പ്രത്യേകം നിഷ്‌കർഷിച്ചിട്ടുണ്ട്. കൂടാതെ വരന് 21 വയസും വധുവിന് 18 വയസും അടിസ്ഥാന പ്രായപരിധിയും 4(സി) ഉപവകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.


മേൽ വിവരിച്ചപ്രകാരം വ്യത്യസ്ത മതവിഭാഗങ്ങളിൽ പെടുന്നവരാണെങ്കിലും ഒരേ മതവിഭാഗത്തിൽപ്പെടുന്നവരാണെങ്കിലും സ്‌പെഷൽ മാര്യേജ് ആക്ട് 4-ാം വകുപ്പനുസരിച്ച് വിവാഹിതരാവുന്ന ദമ്പതികളുടെ അനന്തരാവകാശം അവരുൾപ്പെടുന്ന വ്യക്തിനിയമം അനുസരിച്ചായിരിക്കില്ല, മറിച്ച് ഇന്ത്യൻ പിന്തുടർച്ചാവകാശമായിട്ടായിരിക്കണമെന്ന് സ്‌പെഷൽ മാര്യേജ് 21-ാം വകുപ്പിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ ഹിന്ദു, ബുദ്ധ, സിഖ്, ജൈന മതവിശ്വാസികൾ തമ്മിലാണ് വിവാഹം നടക്കുന്നതെങ്കിൽ അവരുൾപ്പെട്ട മതമനുസരിച്ചായിരിക്കും പിന്തുടർച്ച ബാധകമായിരിക്കുകയെന്ന് 21(എ) വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.


വിവാഹ രജിസ്‌ട്രേഷൻ


സ്‌പെഷൽ മാര്യേജ് ആക്ട് അനുസരിച്ചല്ലാതെ, മറ്റേതെങ്കിലും മതാചാരപ്രകാരം നടന്ന വിവാഹങ്ങൾ 15-ാം വകുപ്പനുസരിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. അതായത് ഏതെങ്കിലും മതാചാരപ്രകാരം വിവാഹിതരായി ഭാര്യഭർത്താക്കന്മാരായി ജീവിക്കുന്ന ദമ്പതികൾക്ക് മേൽവിവരിച്ച പ്രകാരം 15-ാം വകുപ്പനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളിൽ ആർക്കുംതന്നെ ഒന്നിൽ കൂടുതൽ ഭാര്യയോ ഭർത്താവോ ഉണ്ടാവാൻ പാടില്ലായെന്നും ദമ്പതികളിൽ ഇരുവരിൽ ആരുംതന്നെ ബുദ്ധിസ്ഥിരത ഇല്ലാത്തവരായിരിക്കരുതെന്നും ഭർത്താവിന് 21 വയസും ഭാര്യക്ക് 18 വയസും പൂർത്തീകരിച്ചിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ ഏതെങ്കിലും സമുദായാചാരപ്രകാരം നടന്ന വിവാഹം 15-ാം വകുപ്പനുസരിച്ച് രജിസ്റ്റർ ചെയ്യുന്നതോടുകൂടി ദമ്പതികൾക്ക് അവരുടെ സ്വത്തുക്കളുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച് അവരുൾപ്പെടുന്ന വ്യക്തിനിയമങ്ങൾ ബാധകമല്ലാതാവുന്നില്ല. കാരണം, 21-ാം വകുപ്പനുസരിച്ച് സ്‌പെഷൽ മാര്യേജ് ആക്ട് 4-ാം വകുപ്പ് അനുശാസിക്കുന്നവിധം വിവാഹം നടത്തപ്പെട്ട ദമ്പതികളുടെ പിന്തുടർച്ചാവകാശം 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരമാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇൗ സാഹചര്യത്തിൽ ഏതെങ്കിലും സമുദായാചാരപ്രകാരം നടന്നതും പിന്നീട് 15-ാം വകുപ്പനുസരിച്ച് രജിസ്റ്റർ ചെയ്തതുമായ വിവാഹങ്ങളെ സംബന്ധിച്ച് 21-ാം വകുപ്പിൽ യാതൊന്നും സൂചിപ്പിച്ചിട്ടില്ലാത്തതിനാൽ 15-ാം വകുപ്പനുസരിച്ച് രജിസ്റ്റർ ചെയ്ത വിവാഹത്തിലെ ദന്പതികളുടെ പിന്തുടർച്ചാവകാശം അവരുൾപ്പെട്ട വ്യക്തിനിയമമനുസരിച്ച് മാത്രമായിരിക്കുമെന്നും അല്ലാതെ 1925 ലെ ഇന്ത്യൻ പിന്തുടർച്ചാവകാശം അനുസരിച്ചല്ലെന്നതും വളരെ വ്യക്തമാണ്. സ്‌പെഷൽ മാര്യേജ് ആക്ട് 13-ാം വകുപ്പനുസരിച്ച് 4-ാം പട്ടികയിൽ വിവരിച്ചിരിക്കുന്ന സാക്ഷ്യപത്രമനുസരിച്ച് സ്‌പെഷൽ മാര്യേജ് ആക്ട് 4-ാം വകുപ്പനുസരിച്ച് നടന്ന വിവാഹത്തെ സംബന്ധിച്ചുള്ളതും അത്തരം വിവാഹത്തിലെ ദമ്പതികളുടെ പിന്തുടർച്ചാവകാശം 1925 ലെ ഇന്ത്യൻ പിന്തുടർച്ചാവകാശം അനുസരിച്ചായിരിക്കുമെന്നതും സ്‌പെഷൽ മാര്യേജ് ആക്ട് 16-ാം വകുപ്പനുസരിച്ച് 5-ാം പട്ടികയിൽ വിവരിച്ചിരിക്കുന്ന സാക്ഷ്യപത്രമനുസരിച്ച് സ്‌പെഷൽ മാര്യേജ് ആക്ട് 15-ാം വകുപ്പനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്തത് സംബന്ധിച്ചുള്ള ആധികാരിക രേഖയായി കണക്കാക്കാവുന്നതുമാണ്. പക്ഷേ 21-ാം വകുപ്പിൽ വിവരിച്ചപ്രകാരം അതനുസരിച്ചുള്ള ദമ്പതികൾക്ക് ഇന്ത്യൻ പിന്തുടർച്ചാ നിയമമനുസരിച്ചുള്ള അവകാശം ലഭിക്കാനർഹതയില്ലാത്തതാണ്.
ഏതെങ്കിലും മുസ്‌ലിം ദമ്പതികൾ വർഷങ്ങൾക്കുമുമ്പ് നടന്ന വിവാഹം സ്‌പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്താൽ 16-ാം വകുപ്പനുസരിച്ചുള്ള സാക്ഷ്യപത്രം ലഭിക്കുകയും വിവാഹം രജിസ്റ്റർ ചെയ്തതായി രേഖപ്പെടുത്തപ്പെടുകയും ചെയ്യും. പക്ഷേ അത്തരം ദമ്പതിമാരുടെ പിന്തുടർച്ച മുസ്‌ലിം വ്യക്തിനിയമം(ശരീഅത്ത്) ആക്ട് അനുസരിച്ചായിരിക്കും. കാരണം 21-ാം വകുപ്പിൽ വിവരിക്കുംപ്രകാരം 1925 ലെ ഇന്ത്യൻ പിന്തുടർച്ചാ നിയമം ബാധകമാകണമെങ്കിൽ 4-ാം വകുപ്പനുസരിച്ച് വിവാഹകർമാനുഷ്ഠാനം നടത്തിയവരായിരിക്കണം എന്നത് നിർബന്ധമാണ്.
വർഷങ്ങൾക്ക് മുമ്പ് മുസ്‌ലിം മതാചാരപ്രകാരം വിവാഹിതരായി, ഭാര്യ ഭർത്താക്കന്മാരായി ജീവിക്കുന്ന മുസ്‌ലിം ദമ്പതിമാർ പെൺകുട്ടികൾ മാത്രം ജനിച്ചതുകൊണ്ട് ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് തങ്ങളുടെ മരണശേഷം സ്വത്തുക്കൾ അവകാശികളായ ശേഷക്കാർക്കും വിദൂരബന്ധുക്കൾക്കും സിദ്ധിക്കുന്നത് ഒഴിവാക്കാനും സ്വത്തുക്കളിലെ മുഴുവൻ അവകാശവും മരണാനന്തരം മക്കൾക്ക് തന്നെ ലഭിക്കുവാനും ശരീഅത്ത് നിയമം അനുശാസിക്കുന്നവിധം ജീവിതദശയിൽ വസ്തുവിൽനിന്ന് ആദായമെടുക്കുവാനും നോക്കിനടത്തുവാനുമുള്ള അവകാശം നിലനിർത്തിക്കൊണ്ട് പെൺമക്കളുടെ പേരിൽ ദാനാധാരമെഴുതാവുന്നതാണ്. ഇപ്രകാരം ദാനാധാരമെഴുതുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ വൻതുക നൽകേണ്ടിവരുന്നത് ഒഴിവാക്കാൻ പെൺമക്കൾ മാത്രമുള്ള ദമ്പതികൾ വർഷങ്ങൾക്ക് മുമ്പ് മുസ്‌ലിം മതാചാരപ്രകാരം നടന്ന വിവാഹം സ്‌പെഷൽ മാര്യേജ് ആക്ട് 15-ാം വകുപ്പനുസരിച്ച് രജിസ്റ്റർ ചെയ്തുകൊണ്ട്, സ്‌പെഷൽ മാര്യേജ് ആക്ട് 21-ാം വകുപ്പനുസരിച്ച് മക്കളുടെ പിന്തുടർച്ചാവകാശം 1925 ലെ ഇന്ത്യൻ പിന്തുടർച്ചാവകാശമനുസരിച്ച് തങ്ങളുടെ പെൺകുട്ടികൾക്ക് മാത്രം ലഭിക്കണമെന്ന വാദം നിയമപരമായി നിലനിൽക്കില്ല. കാരണം സ്‌പെഷൽ മാര്യേജ് ആക്ട് 21-ാം വകുപ്പനുസരിച്ച് 1925 ലെ ഇന്ത്യൻ പിന്തുടർച്ചാവകാശമനുസരിച്ചുള്ള പരിരക്ഷ ലഭിക്കണമെങ്കിൽ 1954 ലെ സ്‌പെഷൽ മാര്യേജ് ആക്ട് 4-ാം വകുപ്പനുസരിച്ച് വിവാഹ കർമാനുഷ്ഠാനം(solemnization of marriage) നടത്തിയ ദമ്പതികൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അല്ലാതെ സമുദായചാരപ്രകാരം വർഷങ്ങൾക്ക് മുമ്പ് വിവാഹം നടക്കുകയും ഒരുമിച്ച് ഭാര്യഭർത്താക്കന്മാരായി ജീവിക്കുകയും ചെയ്ത ദമ്പതികൾ സ്‌പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്താൽ അവരെ 21-ാം വകുപ്പിൽ വിവരിച്ച സ്‌പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹകർമാനുഷ്ഠാനംനടത്തിയവരുടെ ഗണത്തിൽ പെടുത്താനാവില്ല. അതുകൊണ്ടുതന്നെ അത്തരം ആളുകൾക്ക് 1925 ലെ ഇന്ത്യൻ പിന്തുടർച്ചാ നിയമത്തിന്റെ പരിരക്ഷ ലഭിക്കാൻ നിയമപരമായി അർഹതയില്ല. സ്‌പെഷൽ മാര്യേജ് ആക്ട് 15-ാം വകുപ്പനുസരിച്ചുള്ള വിവാഹ രജിസ്‌ട്രേഷനിൽനിന്ന് 4-ാം വകുപ്പനുസരിച്ച് വിവാഹകർമാനുഷ്ഠാനം ചെയ്യപ്പെട്ട ദമ്പതികളെ ഒഴിവാക്കപ്പെട്ടതിൽ നിന്നുതന്നെ സ്‌പെഷൽ മാര്യേജ് ആക്ട് 18-ാം വകുപ്പിൽ വിവരിക്കുന്ന പ്രകാരം സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള സർട്ടിഫിക്കറ്റ് പുസ്തകത്തിൽ വിവാഹം സംബന്ധിച്ച് രജിസ്റ്റർ ചെയ്താൽ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹകർമാനുഷ്ഠാനം നടത്തിയതായി കരുതാനാവില്ല. അതിനാൽ 21-ാം വകുപ്പനുസരിച്ച് ഇന്ത്യൻ പിന്തുടർച്ചാനിയമത്തിന്റെ പരിരക്ഷ അത്തരം ദമ്പതികളുടെ സന്താനങ്ങൾക്ക് ലഭിക്കാൻ നിയമപരമായി അർഹതയില്ല.


മതേതര രാജ്യമായ ഇന്ത്യയിൽ വിവിധ ജാതി, മത വിഭാഗങ്ങളുടെ മതപരമായ അവകാശങ്ങളെപ്പോലെത്തന്നെ പ്രധാനമാണ് മരണാനന്തരമുള്ള പിന്തുടർച്ചാവകാശങ്ങളും. ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്നവിധം വ്യത്യസ്ത ജാതി, മതവിഭാഗങ്ങൾ പിന്തുടരുന്ന ആചാരനുഷ്ഠാനങ്ങളെ അനുസരിക്കേണ്ടത് ഓരോ വ്യക്തിയുടെയും ചുമതലയും കടമയുമാണ്. അവ ആർക്കും വിസ്മരിച്ചുകൊണ്ട് പ്രവർത്തിക്കാനാവില്ല.

(മുൻ കേരള ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ലേഖകൻ)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.