2021 September 26 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്ഥാനക്കയറ്റത്തിന് സംവരണം ; പഴയ ഉത്തരവുകള്‍ പുനഃപരിശോധിക്കില്ല

 

ആശയക്കുഴപ്പം പരിഹരിക്കണമെന്ന് കേന്ദ്രവും സംസ്ഥാനങ്ങളും
ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട പഴയ ഉത്തരവുകള്‍ പുനഃപരിശോധിക്കില്ലെന്ന് സുപ്രിംകോടതി. സംവരണം നല്‍കുന്നതിനുള്ള മാനദണ്ഡം എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് അതത് സംസ്ഥാനങ്ങളാണെന്നും ജസ്റ്റിസുമാരായ എല്‍. നാഗേശ്വരറാവു, സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജര്‍ണെയ്ല്‍ സിങ്, എം. നാഗരാജ് കേസുകളിലെ വിധികളിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ടുള്ള 133 ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ഓരോ സംസ്ഥാനത്തും വ്യത്യസ്ത സാഹചര്യങ്ങളാണുള്ളതെന്നും അതെല്ലാം കണക്കിലെടുത്ത് മാനദണ്ഡം രൂപീകരിക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കോടതി വ്യക്തമാക്കി. ഓരോ വിഭാഗത്തിന്റെയും പിന്നോക്കാവസ്ഥ വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ പഠിച്ചാണ് മാനദണ്ഡം തയാറാക്കേണ്ടത്.

അത് എങ്ങനെയാണ് തയാറാക്കേണ്ടതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കില്ല. സര്‍ക്കാരുകളോട് നയം രൂപീകരിക്കാനും നടപ്പാക്കാനും നിര്‍ദേശം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. നാഗരാജ്, ജര്‍ണെയ്ല്‍ സിങ് കേസുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ സുപ്രിംകോടതി തീര്‍പ്പാക്കിയതാണ്.
അതിനാല്‍ കേസ് വീണ്ടും തുറക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
മാനദണ്ഡങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ നിരവധി സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റം സ്തംഭനാവസ്ഥയിലാണെന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത വിധികളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 1,400 തസ്തികകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ സംവരണം പാലിച്ചിട്ടില്ല. സ്റ്റാറ്റസ്‌കോ ഉത്തരവുള്ളതിനാല്‍ 2,500 തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റം തീരുമാനമാകാതെ കിടക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ ക്രിമിലെയര്‍ പരിഗണിക്കണമോയെന്ന ആവശ്യവും പരിശോധിക്കപ്പെടണമെന്ന് ഹരജിക്കാരിലൊരാളുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഹരജിയില്‍ ഒക്ടോബര്‍ അഞ്ചിന് വിശദമായി വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.