2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സോഷ്യല്‍ മീഡിയയില്‍ ശംസുദ്ദീന്‍ കുതിക്കുന്നു.. മുഖ്യ എതിരാളിയേക്കാള്‍ 16,556 ലൈക്കിന്റെ ലീഡുമായി

പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വോട്ടടെപ്പും ഫലവും പൂര്‍ത്തിയാകും മുമ്പെ സ്ഥാനാര്‍ഥികളുടെ ലീഡ് നിലകള്‍ വ്യക്തമാകുന്നു. ഇതു പക്ഷെ സോഷ്യല്‍ മീഡിയയിലാണെന്ന് മാത്രം. മണ്ണാര്‍ക്കാട്ടെ മുഖ്യ സ്ഥാനാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയാ പ്രചാരണത്തിലാണ് ശക്തമായ മുന്നേറ്റത്തിന്റെ ലീഡ് വ്യക്തമായിരിക്കുന്നത്.
മുഖ്യ എതിരാളിയായ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി. സുരേഷ് രാജിനേക്കാള്‍ 16,556 ലൈക്കിന്റെ ലീഡിലാണിപ്പോള്‍ ശംസുദ്ദീന്‍ ശക്തമായി മുന്നേറുന്നത്. കെ.പി. സുരേഷ് രാജിന്റെ ഫെയ്‌സ്ബുക്ക് പേജിന് കഴിഞ്ഞ ദിവസം വരെ 1,549 പേരുടെ ലൈക്കുകളാണുള്ളത്. അതേ സമയം Adv. N Shamsudheen MLA Friends എന്ന പേജിന് കഴിഞ്ഞ ദിവസം വരെ 18,105 പേരുടെ ലൈക്കുകളുണ്ട്.
പോളിംഗ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണിപ്പോള്‍ പ്രചരണ കോലാഹലങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ശക്തമായിരിക്കുന്നത്.

ഇതിനിടെയാണ് ശക്തമായ മത്സരം നടക്കുന്ന ഒരേ മണ്ഡലത്തിലെ പ്രമുഖ സ്ഥാനാര്‍ഥികളുടെ ഫെയ്‌സ്ബുക്ക് പേജുകള്‍ പിന്തുണക്കുന്നവരുടെ എണ്ണം ശ്രദ്ധിക്കപ്പെടുന്നത്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ശംസുദ്ദീനിലൂടെ യാഥാര്‍ത്ഥ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, കാന്തപുരം വിഭാഗം സുന്നികളുടെ എതിര്‍പ്പും കൂടിയായപ്പോഴാണ് ശംസുദ്ധീനെ പിന്തുണക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇക്കാര്യം ശംസുദ്ദീന്റെ പേജ് നിയന്ത്രിക്കുന്ന മണ്ണാര്‍ക്കാട് മണ്ഡലത്തിലെ നെച്ചുള്ളി സ്വദേശി മുഹമ്മദ് സഹദും ശരിവയ്ക്കുന്നുണ്ട്. റാസല്‍ഖൈമയില്‍ മൊബൈല്‍ മെക്കാനിക്കായി ജോലി നോക്കുകയാണ് സഹദ്. ബഹ്‌റൈനില്‍ ഡിസൈനറായി ജോലി ചെയ്യുന്ന തെങ്കര സ്വദേശി ശനൂപും സഹദിനെ സഹായിക്കുന്നുണ്ട്. ഈയിടെയായി പ്രതിദിനം ആയിരക്കണക്കിന് ലൈക്കുകളാണ് ശംസുദ്ധീന്റെ തിരഞ്ഞെടുപ്പ് പേജിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ശംസുദ്ധീനെതിരായ കാന്തപുരം വിഭാഗത്തിന്റെ കുപ്രചരണങ്ങള്‍ ശക്തമാക്കുന്നതിനനുസരിച്ച് അദ്ദേഹത്തെ പിന്തുണക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നതും കമന്റുകള്‍ കുറിക്കുന്നതും.
അട്ടപ്പാടി യതീംഖാനയിലെ പീഢന സംഭവങ്ങളുമായി ബന്ധപ്പെട്ട് ശംസുദ്ധീന്‍ എം.എല്‍.എ തങ്ങളെ സഹായിക്കാത്തതിലുള്ള അമര്‍ഷമാണ് വാസ്തവത്തില്‍ കാന്തപുരം വിഭാഗത്തെ ചൊടിപ്പിച്ചിട്ടുള്ളത്.
എന്നാല്‍ ഇക്കാര്യം സമൂഹമധ്യേ പറയാന്‍ പറ്റാത്തതിനാല്‍ തൊട്ടടുത്തുള്ള മണ്ഢലമായ കല്ലാംകുഴില്‍ കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ ഇരട്ടകൊലപാതകത്തില്‍ പ്രതികളെ സഹായിച്ചുവെന്ന കുറ്റം ശംസുദ്ധീനുമേലെ ചുമത്തുകയായിരുന്നു. ഇക്കാര്യത്തിലെ കാന്തപുരം വിഭാഗത്തിന്റെ ഒളിച്ചുകളിയും ബി.ജെ.പിയുമായുള്ള കുതിര കച്ചവടവും കൂടി പുറത്തായതോടെയാണിപ്പോള്‍ ജാതിമതരാഷ്ട്രീയങ്ങള്‍ക്കതീതമായി ശംസുദ്ധീനെ പിന്തുണക്കുന്നവരുടെ എണ്ണം സോഷ്യല്‍ മീഡിയയിലും വര്‍ധിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ ശക്തമായ പോരാട്ടമാണ് ഓണ്‍ലൈന്‍ മേഖലയിലിപ്പോഴും തുടരുന്നത്. പ്രതിദിനം ആയിരക്കണക്കിന് ലൈക്കുകളാണ് താന്‍ നിയന്ത്രിക്കുന്ന Adv. N Shamsudheen MLA Friends   എന്ന പ്രസ്തുത പേജിന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് മുഹമ്മദ് സഹല്‍ സുപ്രഭാതത്തോട് വിശദീകരിച്ചു.

നിലവില്‍ വോയ്‌സ് ഓഫ് ലീഗ് മണ്ണാര്‍ക്കാട് എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പും ഇദ്ദേഹമുള്‍പ്പെട്ട മണ്ണാര്‍ക്കാട്ടിലെ ലീഗ് പ്രവര്‍ത്തകര്‍ക്കുണ്ട്. ഇതിന്റെ കീഴില്‍ പാട്ടുവണ്ടി അടക്കമുള്ള പ്രചരണവും മണ്ഢലത്തില്‍ നടത്തിയിരുന്നു. ഇത്തവണ ശംസുദ്ദീന് ലഭിക്കുന്ന വോട്ടുകളുടെ ഭൂരിപക്ഷത്തിനനുസരിച്ച് ഓരോ നൂറു വോട്ടിനും ഓരോ തണല്‍ മരം തങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുമെന്നും ഈ ഗ്രൂപ്പിന് വേണ്ടി സഹദ് അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലാണെങ്കിലും ശംസുദ്ധീന് വര്‍ദ്ധിച്ചു വരുന്ന ഈ പിന്തുണയുടെ ലീഡ് വോട്ടെണ്ണലിലെ ലീഡ് ആയി മാറുമെന്ന പ്രതീക്ഷയാണ് ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ക്കുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.