2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സോളാര്‍ കേസ്: ഒറ്റക്കെട്ടായി നേരിടുമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: സോളാര്‍ കേസിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് കോണ്‍ഗ്രസ്. കേസില്‍ ഇടതു സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ ഇന്നലെ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സോളാര്‍ കേസിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളെ തേജോവധം ചെയ്യാനും പാര്‍ട്ടിയെ തകര്‍ക്കാനുമാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസെടുത്തുകൊണ്ടുള്ള പ്രഖ്യാപനം രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് ഇപ്പോള്‍ വ്യക്തമായി. വേണ്ടത്ര ആലോചനയോ നിയമപരമായ പരിശോധനയോ ഇല്ലാതെയാണ് തീരുമാനമെന്നും വ്യക്തമായി. ആദ്യത്തെ നിയമോപദേശം ശരിയായിരുന്നില്ലെന്ന സര്‍ക്കാരിന്റെ കുറ്റസമ്മതമാണ് വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനത്തില്‍ കാണുന്നത്. മുന്‍കൂട്ടി തീരുമാനമെടുത്തതുപ്രകാരം നിയമോപദേശം എഴുതി വാങ്ങിയതാണോ എന്ന് സംശയിക്കേണ്ടതുണ്ട്.
ഉമ്മന്‍ചാണ്ടിയെയും കെ.സി.വേണുഗോപാലിനെയും പോലെ ഉന്നതരായ നേതാക്കള്‍ക്കെതിരേ ലൈംഗികപീഡനത്തിനും ബലാത്സംഗത്തിനുമടക്കം കേസെടുത്ത ശേഷം നിരവധി കേസുകളിലെ പ്രതിയും സൗകര്യം പോലെ മൊഴിമാറ്റുന്നയാളുമായ ഒരു വ്യക്തിയില്‍ നിന്ന് പരാതി എഴുതിവാങ്ങാന്‍ നടത്തിയ ശ്രമം അപഹാസ്യവും ബാലിശവുമാണ്. റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ വികൃതമായ മുഖം രക്ഷിക്കാനുള്ള ശ്രമമാണ്. റിപ്പോര്‍ട്ട് കിട്ടി വിശദമായി പഠിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ പ്രതികരണം പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുകയുള്ളൂ. അതിനു ശേഷം നിയമനടപടികള്‍ സ്വീകരിക്കും.
കലാലയരാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി കാമ്പസുകളില്‍ വര്‍ഗീയ ശക്തികളുടെ സ്വാധീനത്തിനും മയക്കുമരുന്നിന്റെ വ്യാപനത്തിനും മാത്രമായിരിക്കും ഉപകരിക്കുകയെന്ന് യോഗം വിലയിരുത്തി.
കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണം. യു.ഡി.എഫ് പടയൊരുക്കം വിജയിപ്പിക്കാന്‍ രാഷ്ട്രീയകാര്യ സമിതി ആഹ്വാനം ചെയ്തതായും ഹസ്സന്‍ പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.