
ന്യൂഡല്‍ഹി: കേരളത്തിലെ ബി.ജെ.പി തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൊമാലിയ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി അഹമ്മദ് പട്ടേല്‍, പാര്‍ട്ടി വക്താവ് അഭിഷേക് മനുസിങ്വി, ട്രഷറര്‍ മോത്തിലാല്‍ വോറ, ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് എന്നീ നേതാക്കളാണ് കമ്മിഷനില്‍ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മിഷന് സമയം അനുവദിച്ചതിനെ തുടര്‍ന്നാണ് നേതാക്കള്‍ എത്തിയത്.
മോദിയുടെ പരാമര്‍ശം തികച്ചും വാസ്തവ വിരുദ്ധവും ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതുമാണെന്ന് അഭിഷേക് മനുസിങ്വി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ചട്ടവിരുദ്ധമാണ്. മാനവ വികസന സൂചിക അനുസരിച്ച് കേരളം ഗുജറാത്തിനേക്കാള്‍ മുകളിലാണ്. മോദി കേരളത്തിലെ ജനങ്ങളെ മനപ്പൂര്‍വ്വം അപമാനിക്കുകയായിരുന്നു. മാനവ വികസന സൂചികയില്‍ മുകളില്‍ നില്ക്കുന്ന എല്ലാ സംസ്ഥാനങ്ങളേയും മോദി അപമാനിച്ചതായും സിങ്വി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ നിയമ നടപടി ആലോചിക്കുന്നുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ ജനങ്ങളെ അപമാനിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശം അപലപനീയമാണെന്നും പ്രധാനമന്ത്രിയില്‍ നിന്നും വിശദീകരണവും ക്ഷമാപണവും പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.