
തിരുവനന്തപുരം: സൈനികന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് റിമാന്‍ഡിലായി. ഭരതന്നൂര്‍ സ്വദേശിയായ സൈനികന് വിശാഖ് ജോലിസ്ഥലത്തു സ്വയം വെടിവച്ചു മരിച്ച സംഭവത്തിലാണ് ഭാര്യയുടെ സുഹൃത്തായ അമിതാബ് ഉദയിനെ(26) അറസ്റ്റു ചെയ്തതും പിന്നീട് കോടതി റിമാന്‍ഡില്‍ ജയിലിലാക്കിയതും. വിശാഖിന്റെ ഭാര്യ നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശി അഞ്ജന(22)ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫിസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനാണ് റിമാന്‍ഡിലായ അമിതാബ്. വിവാഹശേഷം വിശാഖ് ജോലിസ്ഥലത്തേക്കു പോയപ്പോള്‍ അഞ്ജന സ്വന്തം വീട്ടിലേക്കുവന്നു. ഭര്‍ത്തൃവീട്ടില്‍ നിന്നുകൊണ്ടുവന്ന 17 പവന് സ്വര്‍ണം അമിതാബിനു നല്കി. അഞ്ജനയുമായി അടുത്ത സൗഹൃദത്തിലായിരിക്കെ വിശാഖിനെ അമിതാബ് ഫോണില്‍ വിളിച്ചു. അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നുമാണ് അറിയിച്ചതെന്നു വിശാഖിന്റെ സഹോദരന് പൊലിസിനു നല്കിയ പരാതിയില്‍ പറയുന്നത്. അമിതാബിന്റെ ഫോണ്‍ വിളിക്കു ശേഷമാണ് അഹമ്മദാബാദിലെ ജാംനഗറില്‍ ജോലി ചെയ്തിരുന്ന വിശാഖ് ആത്മഹത്യ ചെയ്തതെന്നു പൊലിസ് കണ്ടെത്തി. സര്‍വിസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തായിരുന്നു വിശാഖിന്റെ ആത്മഹത്യ. തുടര്‍ന്നാണ് നെടുമങ്ങാട് ഡിവൈ.എസ്.പി. ഓഫിസില്‍ വിളിച്ചുവരുത്തിയ ശേഷം അമിതാബിനെ പൊലിസ് അറസ്റ്റ് ചെയ്തത്. വെള്ളാനട് സ്വദേശിയായ മറ്റൊരു യുവതിയുമായി അമിതാബ് പ്രണയത്തിലായിരുന്നു. ഈ യുവതിയുമായുള്ള വിവാഹ നിശ്ചയം നടത്തിയതിനു ശേഷം അതില്‍നിന്നും പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തിരുന്നു. യുവതി ആത്ഹത്യ ചെയ്ത സംഭവത്തില്‍ അമിതാബിനെതിരായ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. അന്വേഷണ വിധേയമായി ഇയാള്‍ സസ്പെന്‍ഷനിലായിരുന്നു. ആ കേസില്‍ അറസ്റ്റില്‍നിന്നു രക്ഷപ്പെടാന്‍ അമിതാബ് ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഈ കേസിന്റെ ജാമ്യവ്യവസ്ഥകള്ക്കു വിരുദ്ധമായി സമാനമായ മറ്റൊരു കേസില്‍ പെട്ടതാണ് അമിതാബിന്റെ അറസ്റ്റിലേക്ക് എത്തിച്ചത്. മറ്റു ചില യുവതികളുമായും അമിതാബിന് ഇത്തരത്തില്‍ ബന്ധമുണ്ടായിരുന്നതായും അവരില്‍നിന്നും ഇയാള്‍ പണം ഉള്‍പ്പെടെ വാങ്ങിയിട്ടുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ അക്കാര്യവും പൊലിസ് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്.