
മനാമ: കരിപ്പൂര്‍ വിമാനത്താവളേത്തോട് അധികൃതര്‍ തുടരുന്ന അവഗണനക്കെതിരേ ബഹ്റൈനിലും പ്രതിഷേധമുയര്‍ന്നു. ബഹ്റൈനിലെ മനാമ യതീം സെന്ററിലെ അല്‍ ഉസ്റ റസ്റ്റോറന്റ് ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലും മനുഷ്യചങ്ങലയിലും നിരവധി പ്രവാസികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
‘ സേവ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ‘ എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ ദിവസം കോഴിക്കോട് മാനാഞ്ചിറയില്‍ നടന്ന മലബാര്‍ ഡവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള കരിദിനാചരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ പ്രതിഷേധ പരിപാടികള്‍ നടന്നത്.
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം, യൂത്ത് വിങ്ങ്, യാത്ര ബഹ്റൈന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.കോഴിക്കോട് എയര്‍പോര്‍ട്ടിനോട് അധികൃതര്‍ തുടരുന്ന അനാസ്ഥക്കെതിരേ പ്രവാസികള്‍ ശക്തമായി രംഗത്തിറങ്ങുമെന്നും ഈ സമരം സൂചന മാത്രമാണെന്നും പ്രതിഷേധ സംഗമത്തിന്റെ സംഘാടകര്‍ സുപ്രഭാതത്തോട് പറഞ്ഞു.
തുടര്‍ പോരാട്ടങ്ങളില്‍ ബഹ്റൈനില്‍ നിന്നു പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും റണ്‍വേ വികസനം, വലിയ വിമാനങ്ങളുടെ തിരിച്ചുവരവ്, ഹജ്ജ് ടെര്‍മിനല്‍, മലബാറില്‍ നിന്നുള്ള പച്ചക്കറികര് അടക്കള്ള സാധനങ്ങളുടെ കയറ്റുമതി തുടങ്ങിയവ നേടിയെടുക്കുന്നതിന് സമാന മനസ്കര്‍ക്കൊപ്പം ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.ചടങ്ങില്‍ ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി സ്വാഗതം പറഞ്ഞു. യാത്ര സമിതി ചെയര്മാന് കെ.ടി.സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ നാസര്‍ മഞ്ചേരി , സാനി പോള്‍, ഒ.കെ കാസിം , ജോണ്‍ ഫിലിപ്പ് , ഷമീര്‍ ഹംസ, എന്‍.കെ. മുഹമദലി, നസീര്‍, യു.കെ ബാലന് എന്നിവര്‍ സംസാരിച്ചു. എ.സി.എ ബക്കര്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി. പ്രശാന്ത്, അഷ്റഫ് മായഞ്ചേരി , മിഹ്റാസ് , ഷവാദ്, മുനീസ് , സനു സ്റ്റാര്‍ ലൈന്‍ , സാദിഖ് , നാസര്‍ ടെക്സിം, ശിഹാബ് പ്ലസ് എന്നിവര്‍ നേതൃത്വം നല്കി.