2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സെല്യാങ്ങ് രാജിവെച്ചു; നെഫ്യൂ റിയോ നാഗാലാന്റിന്റെ പുതിയ മുഖ്യമന്ത്രിയായേക്കും

കൊഹിമ: നാഗാലാന്‍ഡ് മുഖ്യമന്ത്രി ടി.ആര്‍ സെല്യാങ്ങ് രാജിവെച്ചു. ഇന്നലെ വൈകുന്നേരം നാഗാ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.എഫ്) എം.എല്‍.എമാരുടെ യോഗം വിളിച്ചാണ് അദ്ദേഹം വിവരം അറിയിച്ചത്.

പുതിയ മുഖ്യമന്ത്രി ആരാവുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ മുന്‍മുഖ്യമന്ത്രി നെഫ്യൂ റിയോ പുതിയ മുഖ്യമന്ത്രിയായേക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോർട്ടുകള്‍

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഭരണകക്ഷിയായ എന്‍.പി.എഫിലെ 40 എം.എല്‍.എമാര്‍ ശനിയാഴ്ച അര്‍ധരാത്രി കാസിരംഗ നാഷനല്‍ പാര്‍ക്കിന് അടുത്തുള്ള റിസോര്‍ട്ടിലേക്ക് താമസം മാറ്റിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനമാണ് നാഗാലാന്‍ഡിലെ വിവിധ ഗോത്രവര്‍ഗക്കാരുടെ പ്രക്ഷോഭത്തിന് കാരണമായത്. ഇതോടെയാണ് ഭരണകക്ഷിയായ എന്‍.പി.എഫും അധികാര കൈമാറ്റം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. നാഗാലാന്‍ഡ് ജനാധിപത്യ സഖ്യം ഭരിക്കുന്ന 60 അംഗ നിയമസഭയില്‍ എന്‍.പി എഫിന് 48 അംഗങ്ങളാണുള്ളത്.

എന്‍.പി.എഫ് സംസ്ഥാന പ്രസിഡന്റ് ഷുര്‍ഹൊസേലി ലീസെയ്ത്സുവിനെ പുതിയ മുഖ്യമന്ത്രിയാക്കണമെന്ന് ഗവര്‍ണര്‍ പി.ബി ആചാര്യയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ വിമത എം.എല്‍.എമാര്‍ റിസോര്‍ട്ടിലേക്ക് മാറിയത്. പുതിയ രാഷ്്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത വ്യാഴാഴ്ച സെല്യാങും ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ഇന്നലെ ഭരണകക്ഷി എം.എല്‍.എമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി രാജി സന്നദ്ധത അറിയിച്ചത്.

നാഗാ ട്രൈബല്‍ ആക്ഷന്‍ കമ്മിറ്റിയും ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുമാണ് ഫെബ്രുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് തുടരുന്ന പ്രതിഷേധത്തിന് പിന്നില്‍. ഭരണഘടനാ പ്രകാരം നാഗാ ഗോത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അവകാശങ്ങളുടെ ലംഘനമാണ് സ്ത്രീ സംവരണമെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ജനുവരി 31ന് ദിമാപൂരിലുണ്ടായ പ്രതിഷേധത്തിന് നേരെയുണ്ടായ പൊലിസ് വെടിവയ്പില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. കൊഹിമയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കത്തിച്ചാണ് പ്രതിഷേധക്കാര്‍ ഇതിനോട് പ്രതികരിച്ചത്.

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി ഒന്നിന് നടക്കാനിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ മാറ്റിവച്ചിരുന്നു. നാഗാലാന്‍ഡ് നിയമസഭയില്‍ ബി.ജെ.പിയ്ക്ക് ഒരു സീറ്റും. ജെ.ഡി.യു, എന്‍.സി.പി എന്നിവര്‍ക്ക് ഒരോന്നുവീതവും എട്ട് സ്വതന്ത്രരും എന്നിങ്ങനെയാണ് സീറ്റ് നില.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.