2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സെക്രട്ടേറിയറ്റിലെ തീപിടിത്തം:  അട്ടിമറിയില്ലെന്ന് ഉദ്യോഗസ്ഥ സമിതി

 
 
 
 
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിനു പിന്നില്‍ അട്ടിമറിയില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുണ്ടായ തീപിടിത്തമെന്നാണ് ഡോ. എ. കൗശികന്‍ അധ്യക്ഷനായ സമിതിയുടെയും നിഗമനം. 
പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകീട്ടാണ് തീപിടിത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീവയ്പ്പാണിതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത്. 
നേരത്തെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗവും ഫയര്‍ ഫോഴ്‌സും സമാനമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിനു നല്‍കിയത്. തീപിടിത്തത്തില്‍ 25 ഫയലുകള്‍ക്കു മാത്രമാണ് നാശനഷ്ടമുണ്ടായതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ഈ ഫയലുകള്‍ പൂര്‍ണമായും നശിച്ചിട്ടില്ലെന്ന കണ്ടെത്തലിലേക്കാണ് സമിതി എത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്. ഗസറ്റ് വിജ്ഞാപനങ്ങളുമായി ബന്ധപ്പെട്ട ഫയലുകളും അതിഥി മന്ദിരങ്ങളില്‍ മുറി വാടകയ്ക്കു നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകളുമാണ് കത്തിയതെന്നാണ് കണ്ടെത്തല്‍. ഭാവിയില്‍ സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഒഴിവാക്കാനുളള ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. തീപിടിത്തമുണ്ടായ വകുപ്പിലെയടക്കം സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതും നേരത്തെ വിവാദമായിരുന്നു.
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.