2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സെക്രട്ടേറിയറ്റിലെ തീപിടിത്തം പ്രത്യേക പൊലിസ് സംഘത്തിന്റെ അന്വേഷണത്തെ ‘പാര്‍ട്ടി ഫ്രാക്ഷന്‍’ സഹായിക്കും

 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ സെക്ഷനിലുണ്ടായ തീപിടിത്തം അന്വേഷിക്കുന്ന പ്രത്യേക പൊലിസ് സംഘത്തെ സഹായിക്കാന്‍ സി.പി.എം ‘പാര്‍ട്ടി ഫ്രാക്ഷനെ’ നിയോഗിച്ചു. സി.പി.എം സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്റെ അംഗങ്ങളായ 13 പേരെയാണ് അന്വേഷണ സംഘത്തെ സഹായിക്കാനായി നിയോഗിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. 
തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ദുരന്തനിവാരണ കമ്മിഷണര്‍ എ.കൗശികന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍തന്നെ കോടിയേരി മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ആള്‍ ഉള്‍പ്പെടെയാണ് ഉള്ളതെന്ന ആക്ഷേപം ഉയരുന്നിരുന്നു. ഇത് നിലനില്‍ക്കുമ്പോഴാണ് പൊലിസ് അന്വേഷണത്തിനു സഹായിക്കാനും പാര്‍ട്ടി സഖാക്കളെ നിയോഗിച്ചിരിക്കുന്നത്. 
അന്വേഷണം പൂര്‍ണമായി അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നതെന്ന ആക്ഷേപമാണ് ഇതിലൂടെ ഉയരുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രാ രേഖകള്‍ സംബന്ധിച്ച ഫയലുകളാണ് കത്തിനശിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതിനിടെയാണ് പാര്‍ട്ടി സംഘടനയില്‍നിന്നുള്ളവരെ അന്വേഷണത്തെ സഹായിക്കാനും നിയോഗിച്ചിരിക്കുന്നത്. 
പൊലിസ് ആസ്ഥാനത്തുനിന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റിലെ ജീവനക്കാരെ, അന്വേഷണത്തില്‍ പൊലിസിനെ സഹായിക്കുന്നതിനായി നിയോഗിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇറക്കിയ രണ്ട് ഉത്തരവുകളിലൂടെ 13 സഖാക്കള്‍ അന്വേഷണ സംഘത്തെ സഹായിക്കും. പൊതുഭരണം(പൊളിറ്റിക്കല്‍), ടൂറിസം(എ,ബി) വകുപ്പുകളിലെ ഫയലുകളുടെ പട്ടിക തയാറാക്കുന്നതിനും കിട്ടാവുന്ന എല്ലാ ഫയലുകളും ശേഖരിക്കുന്നതിനും ഈ വകുപ്പുകളില്‍ തന്നെ നടക്കുന്ന പൊലിസ് അന്വേഷണത്തെ സഹായിക്കുന്നതിനുമായാണ് ഇവരെ നിയോഗിച്ചിരിക്കുന്നതെന്ന് ഉത്തരവില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
 
 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.