
സൂര്യനു മുന്നിലൂടെ ഇന്ന് ബുധന്‍ കടന്നുപോകും
വാഷിങ്ടണ്‍: സൗരയൂഥത്തിലെ കുഞ്ഞന്‍ ഗ്രഹമായ ബുധന്‍ ഇന്നു സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നുപോകും. ബുധസംതരണം (ൃേമിശെ േീള ങലൃരൗൃ്യ ) എന്നു വിളിക്കുന്ന ഈ ‘കുഞ്ഞന്‍ നടത്തം’ 100 വര്‍ഷത്തില്‍ 13 തവണ മാത്രമാണു നടക്കുക. ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നുപോകുമ്പോള്‍ ബുധന്‍ ഒരു പൊട്ടുപോലെ ദൃശ്യമാകും. ബുധസംതരണം കാണാന്‍ പക്ഷേ സൂര്യനെ നേരിട്ടു നോക്കാന്‍ പാടില്ല. സോളാര്‍ ടെലിസ്കോപ്പോ അല്ലെങ്കില്‍ ഫില്‍ട്ടര്‍ ഉപകരണങ്ങള്‍ വഴിയോ മാത്രമേ ബുധസംതരണം നിരീക്ഷിക്കാന്‍ പാടുള്ളൂ. നാസയുടെ വെബ്സൈറ്റില്‍ തത്സമയ ചിത്രങ്ങള്‍ കാണാന്‍ അവസരമുണ്ട്. ബുധന്റെ പരിക്രമണകാലം 88 ദിവസമാണ്. 2006ലാണ് ഒടുവില്‍ ഈ പ്രതിഭാസമുണ്ടായത്.
ഇന്നു കഴിഞ്ഞാല്‍ പിന്നെ ബുധന്‍ സൂര്യനു മുന്നിലൂടെ പോകുന്നതു കാണാന്‍ 2019 വരെ കാത്തിരിക്കണം. സൂര്യനു മുന്നിലൂടെ ബുധന്‍ കടന്ന് പോകുന്നത് വൈകുന്നേരം 4.41 മുതല്‍ ഇന്ത്യയില്‍ നിന്നു കാണാനാകുമെന്നും, രാജ്യത്താകമാനം ഇതു ദൃശ്യമാകുമെന്നും അസ്ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഏഷ്യ കൂടാതെ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും ബുധന്‍ സൂര്യനു മുന്നിലൂടെ പോകുന്നതു കാണാന്‍ കഴിയും. സൂര്യനു മുന്നിലൂടെ ബുധന്‍ കടന്നുപോകുമ്പോള്‍ സൂര്യപ്രകാശത്തിനു തടസ്സമോ പ്രകാശക്കുറവോ അനുഭവപ്പെടില്ല.