
കാളികാവ്: വിഡിയോ ചാറ്റ് കെണിയൊരുക്കി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സംസ്ഥാനത്ത് സജീവം. കാളികാവ് പൊലിസ് സ്റ്റേഷന് പരിധിയില്‍ ഓണ്‍ലൈന്‍ ചതിയില്‍ അകപ്പെട്ട അവിവാഹിതനായ ചെറുപ്പക്കാരന് സ്വന്തം ജീവനാണ് നഷ്ടമായത്.
ഓണ്‍ലൈനിലൂടെ സ്ത്രീയാണെന്ന പേരില്‍ പരിചയപ്പെട്ട് സ്നേഹപ്രകടനം നടത്തുകയാണ് തട്ടിപ്പുസംഘത്തിന്റെ ആദ്യതന്ത്രം. ആഴ്ചകള്‍ കൊണ്ടുതന്നെ യുവാക്കളുടെ സ്നേഹം പിടിച്ചുപറ്റും. പിന്നീട് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിക്കും. ശേഷം ബ്ലാക്മെയിലിങ് തുടങ്ങും. നഗ്നദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണി. പ്രചരിപ്പിക്കാതിരിക്കാന്‍ ആവശ്യപ്പെടുന്ന പണം നല്‍കണം എന്നതാണ് വ്യവസ്ഥ. കാളികാവില്‍ കെണിയില്‍ അകപ്പെട്ട യുവാവ് 5000 രൂപ നല്കി. പിന്നീടും നിരന്തരം പണം ആവശ്യപ്പെട്ടപ്പോഴാണ് യുവാവ് കുടുക്കിലായത്. ദൃശ്യം പ്രദര്‍ശിപ്പിക്കുമെന്ന ഭീഷണി കടുത്തതോടെ യുവാവ് ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്ന് പൊലിസ് പറഞ്ഞു.
സ്ത്രീകളെന്ന വ്യാജേന പുരുഷന്മാരുടെ നേതൃത്വത്തിലുള്ള വലിയസംഘമാണ് ചാറ്റ് ചെയ്ത് തട്ടിപ്പുനടത്തുന്നതെന്ന് പൊലിസ് പറഞ്ഞു. സ്ത്രീകളുടെ റെക്കോഡ് ചെയ്ത ദൃശ്യങ്ങള്‍ നല്‍കിയാണ് ഇരകളെ കെണിയിലകപ്പെടുത്തുന്നത്.ആത്മാഭിമാനം ഭയന്ന് കെണിയില്‍ അകപ്പെട്ടവര്‍ പരാതി നല്കാന് തയാറാകുന്നില്ലെന്നും പൊലിസ് പറഞ്ഞു. കാളികാവില്‍ യുവാവ് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് കേസെടുത്ത് അന്വേഷണം ഉര്‍ജിതമാക്കി.