
പരമരസികനാണ് മുല്ലാ നാസറുദ്ദീന്‍. തമാശകള്‍ പറയും. മറ്റുള്ളവരെ ചെണ്ടകൊട്ടിക്കും. ചിലപ്പോള്‍ സ്വയം മഹാവിഡ്ഢിയാവുകയും ചെയ്യും!! രാജ്യത്തെ സുല്‍ത്താന്‍ വലിയ ഇഷ്ടമാണ് മുല്ലായെ. പലപ്പോഴും സമ്മാനങ്ങളും നല്‍കും.
മുല്ലാ ചിലപ്പോള്‍ സുല്‍ത്താനെയും കളിയാക്കിയെന്നിരിക്കും! സാധാരണയായി അതില്‍ പ്രശ്നമൊന്നുമില്ല. പക്ഷെ ഒരു ദിവസം സംഗതി കുഴപ്പമായി. തന്നെ കളിയാക്കിയതില്‍ സുല്‍ത്താന്‍ വല്ലാതെ ദേഷ്യം വന്നു. കോപം കൊണ്ടു വിറച്ച സുല്‍ത്താന്‍ തല്‍ക്ഷണം മുല്ലായെ തടങ്കലിലിടാന്‍ കല്പ്പിച്ചു. തന്നെയുമല്ല, പിറ്റേന്നുതന്നെ തലവെട്ടിക്കൊല്ലാനും വിധിച്ചു. മുല്ലാ കെഞ്ചിനോക്കിയിട്ടും ഫലമുണ്ടായില്ല. രക്ഷയില്ലാതെ മുല്ലാ അന്ന് രാത്രി അഴിക്കുള്ളില്‍ കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ മുല്ലായെ കാവല്ക്കാര് സുല്‍ത്താന്റെ സന്നിധിയില്‍ ഹാജരാക്കി.
സുല്‍ത്താനെ വണങ്ങിക്കൊണ്ട് മുല്ലാ അഭ്യര്‍ത്ഥിച്ചു: തമ്പുരാനേ, എന്നോട് ക്ഷമിക്കണേ, ഇന്നലെ അങ്ങയെ മുഷിപ്പിക്കാന്‍ ഇടയായതില്‍ ഞാന്‍ ആത്മാര്‍ഥമായി മാപ്പ് ചോദിക്കുന്നു. അങ്ങേക്കറിയുന്നത് പോലെ, അടിയന് ഈ നാട്ടിലെ ഏറ്റവും നല്ല അധ്യാപകനാണ്. ഏത് മരമണ്ടന്‍ കുട്ടിക്കും ഞാന്‍ പഠിപ്പിക്കുന്നത് അസ്സലായി മനസ്സിലാവും. അങ്ങ് ദയവായി എന്റെ വധശിക്ഷ ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കണം. അങ്ങിനെ ചെയ്താല്‍ അതിനകം ഞാന്‍ അങ്ങയുടെ പ്രിയപ്പെട്ട കുതിരയെ പാട്ടു പഠിപ്പിക്കും. ഉറപ്പ്. ഒറ്റവര്‍ഷത്തെ സാവകാശം തന്നാല്‍ മാത്രം മതി.
കുതിരയെക്കൊണ്ട് പാട്ടുപാടിക്കുക!! സുല്‍ത്താന്‍ അത് വിശ്വസിച്ചൊന്നുമില്ല. പക്ഷെ മുല്ലായുടെ അവകാശവാദം കൗതുകത്തോടെ ശ്രദ്ധിച്ചു. മാത്രമല്ല, അദ്ദേഹത്തിന് തലേദിവസത്തെ അത്രദേഷ്യം അപ്പോള്‍ ഉണ്ടായിരുന്നുമില്ല.
സുല്‍ത്താന്‍ പറഞ്ഞു: ശരി. സമ്മതിച്ചിരിക്കുന്നു. വധശിക്ഷ തല്ക്കാലം മാറ്റിവെച്ചിരിക്കുന്നു. പക്ഷെ ഒരു കാര്യം ഓര്‍ത്തോളൂ. ഒരു വര്‍ഷം കഴിഞ്ഞ് എന്റെ കുതിര പാട്ടുപാടിയില്ലെങ്കില്‍ നിങ്ങളുടെ അവസ്ഥ ഭീകരമായിരിക്കും. ഇന്നുതന്നെ തലയറുക്കപ്പെട്ട് മരിക്കുന്നതായിരുന്നു ഭേദമെന്ന് നിങ്ങള്‍ നിലവിളിക്കുന്ന വിധം അത്ര ഭയങ്കരമായ ക്രൂരശിക്ഷയായിരിക്കും ലഭിക്കുക!’അതുപറഞ്ഞ് മുല്ലായെ തടവറയിലേക്ക് മാറ്റി.
അന്ന് വൈകുന്നേരം, മുല്ലായുടെ ഏതാനും സുഹൃത്തുക്കള്‍ ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. പ്രതീക്ഷിച്ചതിന് വിരുദ്ധമായി മുല്ലാ വളരെ ഉന്മേഷവാനായി ഇരിക്കുന്നതാണവര് കണ്ടത്.
‘മുല്ലാ, അങ്ങ് എന്തു ധൈര്യത്തിലാണ് ഇങ്ങിനെയിരിക്കുന്നത്? സുല്‍ത്താന്റെ കുതിരയെക്കൊണ്ട് പാട്ടു പാടിക്കാന്‍ കഴിയുമെന്ന് അങ്ങ് വിചാരിക്കുന്നുണ്ടോ…? ‘ഒരിക്കലും കഴിയില്ല, അതെനിക്കറിയാം’ മുല്ലാ പറഞ്ഞു. ‘പക്ഷെ ഇന്നലത്തെ അവസ്ഥയിലല്ല ഇന്നത്തെ ഞാന്‍. എനിക്കിനിയും ഒരു വര്‍ഷത്തെ സമയമുണ്ട്. അതിനിടയില്‍ എന്തൊക്കെ സംഭവിക്കാം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?’
‘സുല്‍ത്താന്റെ ദേഷ്യം മാറിയേക്കാം. എന്നെ മോചിപ്പിച്ചേക്കാം. അദ്ദേഹം യുദ്ധത്തിലോ രോഗം ബാധിച്ചോ മരണമടഞ്ഞേക്കാം എന്ന മറ്റൊരു സാധ്യതയുമുണ്ട്. അപ്പോള്‍ പുതിയൊരു സുല്‍ത്താന്‍ സ്ഥാനമേല്‍ക്കും.
പുതിയ ചക്രവര്‍ത്തിമാര്‍ അധികാരമേല്‍ക്കുമ്പോള്‍ ജയിലിലുള്ളവരെ മാപ്പുനല്കി മോചിപ്പിക്കുന്നത് പതിവാണല്ലോ. എനിക്കും മോചനം കിട്ടും. അതുമല്ലെങ്കില്‍ രാജഭരണം അട്ടിമറിച്ച് അധികാര മാറ്റമുണ്ടായിക്കൂടെന്നില്ലല്ലോ. അപ്പോഴുമുണ്ടാവും മോചനം!!’മുല്ലാ തുടരുകയായി.
‘ഇതിനെല്ലാം പുറമെ മറ്റൊരു സാധ്യത കൂടിയുണ്ട്. മന്ദഹാസത്തോടെ മുല്ലാ പറഞ്ഞു; ‘അഥവാ ഈ പറഞ്ഞതൊന്നും സംഭവിച്ചില്ലെന്നിരിക്കട്ടെ. കുതിര ഒരുപക്ഷെ പാട്ട് പാടുകയാണെങ്കിലോ!!’
അതെ. പ്രതീക്ഷകളാണ്, അഥവാ പോസിറ്റീവ് ചിന്തകളാണ് നമ്മെ മുന്നോട്ട് വഴിനടത്തുക. ഇന്നത്തെ ദുരവസ്ഥ ഒരിക്കലും മാറാനിടയില്ല എന്ന് ആരെത്ര തവണ പറഞ്ഞാലും അത് നാം മനസ്സിലേക്കെടുക്കേണ്ടതില്ല.
ഒന്നല്ലെങ്കില്‍ മറ്റൊന്ന്. വഴികള്‍ അനേകമാണ്. ഏതെങ്കിലുമൊന്ന് തുറക്കാതിരിക്കില്ല.
മഹാ ദുരന്തങ്ങളിലെ സങ്കടങ്ങളിലും അകലെയെങ്ങാനും ഉണ്ടായേക്കാവുന്ന പ്രകാശ കണിക തിരയുന്നവരാണ് സമാധാനം അനുഭവിക്കുകയെന്ന് ജ്ഞാനികളും ദാര്‍ശനികരും പറയുന്നത് എത്ര പ്രസക്തം.
ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന ലോകപ്രശസ്ത നോവലിലെ വാക്യം കാണുക,
The darker the night,
the brighter the stars,
The deeper the grief,
the closer is God!’
‘രാവിനിരുട്ടേറെയെങ്കില്, താരകങ്ങള്‍ക്ക് തിളക്കമേറെയാം
വേദനയഗാധമെങ്കില്, ദൈവം അത്രമേലരികിലുണ്ടാം’