തിരുവനന്തപുരം • സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ബി.ജെ.പി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി കേന്ദ്ര നേതൃത്വം. സംസ്ഥാനഘടകത്തിലെ ഏറ്റവും ഉയർന്ന ബോഡിയായ കോർ കമ്മിറ്റിയിലേക്ക് പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മാത്രമാണ് ഇതുവരെ എത്തിയിരുന്നത്. ഇതിൽ മാറ്റംവരുത്തിയാണ് സുരേഷ് ഗോപിക്ക് ചുമതല നൽകിയത്. സുരേഷ് ഗോപിയെ മുൻനിർത്തി കേരളത്തിൽ കളംപിടിക്കാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തന്ത്രമാണ് ഇതിനുപിന്നിലെന്നാണ് വിലയിരുത്തൽ. സുരേന്ദ്രനെ മാറ്റി സുരേഷ് ഗോപിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു.
കഴിഞ്ഞതവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തിയപ്പോൾ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. പതിവുമുഖങ്ങൾക്ക് പകരം പുതുമുഖങ്ങൾ വരേണ്ടതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. അന്ന് സുരേഷ് ഗോപിയെ മോദി അന്വേഷിച്ചിരുന്ന വിവരവും പുറത്തുവന്നിരുന്നു. ഹിന്ദു ഐക്യവേദി നേതാവായിരുന്ന കുമ്മനം രാജശേഖരൻ നേരത്തെ കോർ കമ്മിറ്റിയിലെത്തിയതും അപ്രതീക്ഷിതമായാണ്. അദ്ദേഹം പിന്നീട് സംസ്ഥാന അധ്യക്ഷനുമായി. നിലവിലെ അധ്യക്ഷൻ സുരേന്ദ്രന്റെ കാലാവധി അടുത്തവർഷം തീരും. സുരേന്ദ്രനെ തുടരാൻ അനുവദിച്ചില്ലെങ്കിൽ സുരേഷ് ഗോപി ആ പദവിയിൽ എത്താനും സാധ്യതയുണ്ട്. അതേസമയം, സുരേഷ് ഗോപിക്ക് ഏറെ സംഭാവനകൾ ചെയ്യാൻ കഴിയുമെന്നും കോർ കമ്മിറ്റിയിൽ അദ്ദേഹം വന്നാൽ സന്തോഷമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചു.
Comments are closed for this post.