ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂര്‍ കുറ്റമുക്തന്‍.
കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ നല്‍കിയ ഹരജി ഡല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതി ജഡ്ജി ഗീതാഞ്ജലി ഗോയല്‍ അംഗീകരിച്ചു.
തരൂരിനെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ തെളിവില്ലെന്ന് ജഡ്ജി വ്യക്തമാക്കി. രാവിലെ തരൂര്‍, അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷന്‍ വികാസ് പഹുവ, പബ്ലിക് പ്രൊസികൂട്ടര്‍ അതുല്‍ ശ്രീവാസ്തവ എന്നിരുടെ സാന്നിധ്യത്തിലാണ് ജഡ്ജി വിധി വായിച്ചത്. കുറ്റകൃത്യനിയമത്തിലെ 306, 198എ വകുപ്പുകളും ഐ.പി.സിയിലെ 302ഉം (കൊലക്കുറ്റം) ചുമത്തണമെന്ന പ്രോസികൂഷന്‍ ആവശ്യം കോടതി തള്ളി. ശശി തരൂര്‍ ഈ കേസില്‍ പ്രതിയല്ല.
അദ്ദേഹത്തെ ഉള്‍പ്പെടുത്തി വിചാരണയുമായി മുന്നോട്ടുപോകാനാവില്ല. അതിനാല്‍ തരൂരിനെ കുറ്റവിമുക്തനാക്കുന്നു- ജഡ്ജി വിധി വായിച്ചു.
കുറ്റക്കാരനെന്നു തെളിയിക്കപ്പെട്ടാല്‍ തരൂരിന് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമായിരുന്നു. കേസില്‍ ഏപ്രില്‍ 12ന് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയായിരുന്നു.
2014 ജനുവരി 17നാണ് സുനന്ദയെ ഡല്‍ഹിയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2015 ജനുവരി ഒന്നിന് ഡല്‍ഹി പൊലിസ് കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി 2018 മെയ് 15നാണ് ഡല്‍ഹി പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗാര്‍ഹിക പീഡനവും കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നു.
Comments are closed for this post.