
ന്യൂഡല്‍ഹി: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ ‘രണ്ടില’ ചിഹ്നം ലഭിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാനുള്ള നീക്കത്തിനിടെ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖരന്റെ ജാമ്യം പരിഗണിക്കുന്നത് മാറ്റി.
എ.ഐ.എ.ഡി.എം.കെ (അമ്മ) വിഭാഗം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്റെ ഉറ്റകൂട്ടാളിയായ സുകേഷ് തന്റെ അടിസ്ഥാന അവകാശങ്ങള്‍ അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് പ്രത്യേക കോടതി 25ലേക്ക് മാറ്റിയത്.
പൊലിസ് കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക് ഹരജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അതേസമയം, കസ്റ്റഡിയിലിരിക്കെ സുകേഷിനു വസ്ത്രം കൈമാറാന്‍ പ്രത്യേക ജഡ്ജി പൂനം ചൗധരി കുടുംബത്തെ അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ, സുകേഷിന്റെ കസ്റ്റഡി കാലയളവ് മുഴുവന്‍ വിഡിയോയില്‍ പകര്‍ത്തണമെന്ന് പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊലിസ് കസ്റ്റഡിയില്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അടിസ്ഥാന അവകാശങ്ങള്‍ പോലും ഹനിക്കുകയാണെന്നും പറഞ്ഞ് അഭിഭാഷകന് അശ്വിനി കുമാര്‍ മുഖേനയാണ് സുകേഷ് ചന്ദ്രശേഖരന് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സുകേഷിന് ജീവനു ഭീഷണിയുണ്ടെന്നും ദിനകരനുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ലെന്നും രാഷ്ട്രീയലാഭത്തിനു വേണ്ടി സുകേഷിനെ ബലിയാടാക്കുകയാണെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ 16നാണ് ഡല്‍ഹിയില്‍ വച്ച് സുകേഷ് അറസ്റ്റിലായത്. ദിനകരന്റെ മധ്യസ്ഥനായി തെര. ഉദ്യോഗസ്ഥര്‍ക്ക് 50 കോടി രൂപ കോഴ നല്കാന് ശ്രമിച്ചെന്നാണ് സുകേഷിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.