2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സുകേഷിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 70 കേസുകള്‍

കോഴ വാഗ്ദാനം: സൂത്രധാരന്‍ സുകേഷ് ചന്ദ്രശേഖറെന്ന് പൊലിസ്

ബംഗളൂരു: അണ്ണാ ഡി.എം.കെ, രണ്ടില ചിഹ്നം ലഭിക്കുന്നതനായി തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതില്‍ പൊലിസ് കേസെടുത്ത ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനെതിരേ പൊലിസ് കേസെടുത്തിരുന്നു. എന്നാല്‍ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറാണെന്ന് പൊലിസ്. ഇയാളുടെ തട്ടിപ്പ് രീതികള്‍ പൊലിസിനെ പോലും ഞെട്ടിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യ മുഴുവന്‍ അറിയപ്പെടുന്ന തട്ടിപ്പ് വീരനാണ് സുകേഷ്. 27 വയസേ ആയിട്ടുള്ളുവെങ്കിലും സിനിമയെ വെല്ലുന്നതാണ് സുകേഷിന്റെ ജീവിതം. പല സംസ്ഥാനങ്ങളില്‍ നിരവധി പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. സുകി, ബാലാജി, ശേഖര്‍ റെഡ്ഡി എന്നിവ ഇവയില്‍ ചിലത് മാത്രമാണ്. ബംഗളൂരുവിലെ ചന്ദ്ര ലേ ഔട്ട് നിവാസിയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമായി 70 കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഇതില്‍ പലതും വന്‍ തട്ടിപ്പ് കേസുകളാണ്. ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, കൊച്ചി എന്നിവിടങ്ങളിലാണ് ഇവയിലേറെയും.
ചെറുപ്പത്തില്‍ മാതാപിതാക്കള്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയിലെ യന്ത്രത്തില്‍പ്പെട്ട് ഇയാളുടെ കൈ ചതഞ്ഞരഞ്ഞിരുന്നു. പിന്നീട് പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണ് ഇത് ശരിയാക്കിയതെന്ന് പൊലിസിനോട് സുകേഷ് വ്യക്തമാക്കി. ഇടത് കൈ ഇക്കാരണത്താല്‍ പോക്കറ്റിലിട്ടാണ് നടപ്പ്. മാന്യമായ ഇടപെടലിലൂടെയാണ് ഇയാള്‍ ആളുകളെ ആകര്‍ഷിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. ഇതോടൊപ്പം സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെ ബന്ധുവാണെന്നും സുഹൃത്താണെന്നുമുള്ള വാദങ്ങള്‍ വേറെയും.
19ാം വയസിലാണ് സുകേഷ് ആദ്യമായി അറസ്റ്റിലാവുന്നത്. പിന്നീടങ്ങോട്ട് തട്ടിപ്പ് തൊഴിലായി സ്വീകരിക്കുകയായിരുന്നു. ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ കടുത്ത ആരാധകനായ ഇദ്ദേഹം 13 ആഢംബര കാറുകള്‍ സ്വന്തമാക്കിയിരുന്നു. 2013ല്‍ ഡല്‍ഹി, ചെന്നൈ പൊലിസ് ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ അറസ്റ്റിലായപ്പോഴാണ് ഈ രഹസ്യങ്ങള്‍ പുറത്തെത്തിയത്. ഫെരാരി, റോള്‍സ് റോയ്‌സ് തുടങ്ങിയ കാറുകള്‍ ശേഖരത്തിലുണ്ടായിരുന്നു.
മലയാള സിനിമാ നടിയുമായും ഇടക്കാലത്ത് ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ മകന്‍ നിഖില്‍ ഗൗഡയുടെ ആത്മസുഹൃത്താണെന്ന് പ്രചരിപ്പിച്ചും സുകേഷ് തട്ടിപ്പ് നടത്തിയിട്ടുണ്ട്. ബംഗളൂരുവിലെ ബിസിനസുകാരന്റെ കൈയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത കേസില്‍ ബംഗളൂരു പൊലിസും ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. രാഷ്ട്രീയക്കാരുടെ ബന്ധുവാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതാണ് സുകേഷിന്റെ രീതിയെന്ന് പൊലിസ് വ്യക്തമാക്കി. കൊച്ചിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധുവായ സംവിധായകനാണെന്ന് പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. തമിഴ്‌നാട്ടില്‍ ഇത് കരുണാനിധിയുടെ കൊച്ചു മകനായി. കൊല്‍ക്കത്തയില്‍ വച്ച് അറസ്റ്റിലായപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി മല്ലികാര്‍ജുന്‍ കാര്‍ഖെയുടെ കൊച്ചുമകനാണെന്നായിരുന്നു ഇയാള്‍ പൊലിസിനോട് പറഞ്ഞിരുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.