2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സി.യു.ഇ.ടി: പരീക്ഷാ ഘടന ഇങ്ങനെ

കേന്ദ്രസർവകലാശാലകളിൽ പ്രവേശനത്തിനുള്ള പരീക്ഷയാണെങ്കിലും സ്വകാര്യ സർവകലാശാലകളും വിവിധ സംസ്ഥാന സർവകലാശാലകളും സി.യു.ഇ.ടി സ്‌കോർ ഉപയോഗപ്പെടുത്തിയേക്കാം. അതുകൊണ്ടുതന്നെ മികച്ച ഉപരിപഠനം ആഗ്രഹിക്കുന്നവർ നിർബന്ധമായും പൊതുപരീക്ഷ എഴുതണം.
ആഗ്രഹിക്കുന്ന കോളജിൽ പഠിക്കാൻ ഒരുപക്ഷേ സി.യു.ഇ.ടി സ്‌കോർ ആവശ്യമായി വന്നേക്കാം. കർണാടകയിലെ 25 സർവകലാശാലകൾ സി.യു.ഇ.ടി സ്‌കോർ പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബി.എ, ബി.എസ്.സി, ബി.കോം പ്രോഗ്രാമുകളിലേക്കുള്ള യു.ജി പ്രവേശനത്തിനാണ് സർവകലാശാലകൾ സി.യു.ഇ.ടി സ്‌കോർ പരിഗണിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സർവകലാശാലകളും സമാന രീതിയിൽ സി.യു.ഇ.ടി സ്‌കോർ പരിഗണിക്കാനായി ഭാവിയിൽ മുന്നോട്ടുവന്നേക്കും.
ജൂലൈ ആദ്യവാരം പൊതുപരീക്ഷ നടത്തിയേക്കും. കൃത്യമായ തീയതി നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിക്കും. മൾട്ടിപ്പിൾ ചോയ്‌സ് രീതിയിൽ ഓൺലൈനായാണ് പരീക്ഷ. രാവിലേയും ഉച്ചയ്ക്കുമായി രണ്ട് സെഷനുകൾ .
ആദ്യ സെക്ഷനിൽ രണ്ട് ഭാഗങ്ങളുണ്ട്.
സെക്ഷൻ 1 എ: വിദ്യാർഥിയുടെ ഭാഷാപരമായ കഴിവുകൾ വിലയിരുത്തുന്നു. 13 ഭാഷകളിൽനിന്ന് തിരഞ്ഞെടുക്കാം.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി, ഒഡിയ, ബംഗാളി, ആസാമീസ്, പഞ്ചാബി, ഇംഗ്ലിഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾ. 50 ചോദ്യങ്ങൾ. 40 എണ്ണത്തിന് ഉത്തരം എഴുതണം. 45 മിനുട്ട്.
സെക്ഷൻ 1 ബി: ഓപ്ഷനൽ ഭാഷകൾ. ഫ്രഞ്ച്, സ്പാനിഷ്, ജർമൻ, നേപ്പാളി, പേർഷ്യൻ, ഇറ്റാലിയൻ, അറബിക്, സിന്ധി, കാശ്മീരി, കൊങ്കണി, ബോഡോ, ഡോഗ്രി, മൈഥിലി, മണിപ്പൂരി, സന്താലി, ടിബറ്റൻ, ജാപ്പനീസ്, റഷ്യൻ, ചൈനീസ് എന്നീ ഭാഷകൾ തിരഞ്ഞെടുക്കാം. 50ൽ 40 ചോദ്യങ്ങൾക്കാണ് ഉത്തരം എഴുതേണ്ടത്. 45 മിനുട്ട്. ഒരു വിദ്യാർഥിക്ക് സെക്ഷൻ 1 എ, സെക്ഷൻ 1 ബി എന്നിവയിൽനിന്ന് പരമാവധി 3 ഭാഷകൾ തിരഞ്ഞെടുക്കാം. റീഡിംഗ് കോംപ്രിഹെൻഷൻ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ.
രണ്ടാം സെക്ഷൻ കോർ സബ്ജക്ടുകൾക്കുള്ളതാണ്. ഈ വിഭാഗത്തിൽ 27 വിഷയങ്ങളുണ്ട്- അക്കൗണ്ടൻസി/ ബുക്ക് കീപ്പിംഗ് ,ബയോളജി/ബയോളജിക്കൽ സ്റ്റഡീസ്/ബയോടെക്‌നോളജി/ബയോകെമിസ്ട്രി , ബിസിനസ് സ്റ്റഡീസ് , കെമിസ്ട്രി , കംപ്യൂട്ടർ സയൻസ്/ ഇൻഫോർമാറ്റിക്‌സ് പ്രാക്ടീസ്, എക്കണോമിക്‌സ്/ബിസിനസ് ഇക്കണോമിക്‌സ്, എൻജിനീയറിങ് ഗ്രാഫിക്‌സ് , ഹോം സയൻസ് , വിജ്ഞാന പാരമ്പര്യവും ആചാരങ്ങളും , നിയമപഠനം , പരിസ്ഥിതി ശാസ്ത്രം , ഗണിതം , ഫിസിക്കൽ എജ്യുക്കേഷൻ/ എൻ.സി.സി / യോഗ , ഫിസിക്‌സ് , പൊളിറ്റിക്കൽ സയൻസ് , സൈക്കോളജി , സോഷ്യോളജി , ടീച്ചിംഗ് ആപ്റ്റിറ്റിയൂഡ്, അഗ്രികൾച്ചർ , മാസ് മീഡിയ/ മാസ്സ് കമ്മ്യൂണിക്കേഷൻ , പെയിന്റിംഗ്)/കൊമേഴ്‌സ്യൽ ആർട്ട്‌സ്, , പെർഫോമിംഗ് ആർട്ട്‌സ് (i) നൃത്തം (കഥക്/ ഭരതനാട്യം/ ഒഡിസി/ കഥകളി/ കുച്ചിപ്പുഡി/ മണിപ്പൂരി
(ii) നാടകം തിയേറ്റർ
(iii) മ്യൂസിക് ജനറൽ (ഹിന്ദുസ്ഥാനി/ കർണാടക/ രബീന്ദ്ര സംഗീതം/ താളവാദ്യം), സംസ്‌കൃതം.
ഇതിൽ യു.ജി പഠനം ആഗ്രഹിക്കുന്ന ആറ് വിഷയങ്ങൾ വരെ തിരഞ്ഞെടുക്കാം.
50ൽ 40 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. 12ാം ക്ലാസിലെ എൻ.സി.ആർ.ടി സിലബസ് അനുസരിച്ചായിരിക്കും ചോദ്യങ്ങൾ.
മൂന്നാം സെക്ഷൻ പൊതു അഭിരുചി പരീക്ഷ. സമയ ദൈർഘ്യം 60 മിനിറ്റ്. 75 ചോദ്യങ്ങൾ. പൊതു വിജ്ഞാനം, കറന്റ് അഫയേഴ്‌സ്, മെന്റൽ എബിലിറ്റി, ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസൊണിങ്, മാത്തമെറ്റിക്‌സ്, അരിത്തമെറ്റിക്ക്/ ആൾജിബ്ര തുടങ്ങിയ ഇതിൽ വരുന്നു.
പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്ക് (.25). പരിഗണിക്കാത്ത ചോദ്യങ്ങൾക്ക് മാർക്ക് നഷ്ടപ്പെടില്ല. പത്രങ്ങൾ ഉൾപ്പെടെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ നന്നായി വായിക്കുന്നവർക്ക് മികച്ച രീതിയിൽ സ്‌കോർ നേടാനാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.