
കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും അഴിമതിക്കേസും ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ‘പാതിരാ നടപടികളും’ രാജ്യത്തെയാകെ നാണം കെടുത്തിയിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി ഒരു ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ മുഖ്യപ്രതിയാക്കി എഫ്.ഐ.ആര് തയാറാക്കിയ സി.ബി.ഐ, വരും നാളുകളില്‍ ഏറെ വാഗ്വാദങ്ങളും വിവാദങ്ങളും ഉണ്ടാക്കിയേക്കാവുന്ന സൂചനകളുടെ മൂടിക്കെട്ടിയ കുടമാണു തുറന്നുവിട്ടിരിക്കുന്നത്.
ഉന്നത കുറ്റാന്വേഷണ ഏജന്‍സിയിലെ നാളുകളായി തുടരുന്ന പോര്, മാംസക്കയറ്റുമതിക്കാരനില് നിന്നു കോഴ വാങ്ങിയ സംഭവത്തിലൂടെ മറനീക്കി പുറത്തുവന്നതോടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുടെ കാര്‍മേഘങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ചെറിയ ആക്ഷേപങ്ങള്ക്കുപോലും ഇടവരുത്താന്‍ പാടില്ലെന്ന സംഹിതയുടെ മേശപ്പുറത്ത് ഉപവിഷ്ടമായ രാജ്യത്തെ ഉയര്‍ന്ന കുറ്റാന്വേഷണ ഏജന്‍സിയുടെ തലപ്പത്തുനിന്ന് ഉയര്‍ന്ന അശുഭകരവും ദുര്ഗന്ധപൂരിതവുമായ വാര്‍ത്ത പ്രസ്തുത ഏജന്‍സിയുടെ വിശ്വാസ്യതയ്ക്ക് കളങ്കം ചാര്‍ത്തിയിരിക്കുന്നു.
സി.ബി.ഐ സഹമേധാവിയായ രാകേഷ് അസ്താനക്കെതിരേ ഉയര്‍ന്ന കോഴ ആരോപണം പ്രസ്തുത സംഭവത്തില്‍ മാത്രം ഒതുങ്ങുന്നതോ എളുപ്പം വിരാമമാകുന്നതോ അല്ലെന്നതിന്റെ ദുസ്സൂചനയാണു സി.ബി.ഐ തലപ്പത്തെ പൊടുന്നനെയുള്ള മാറ്റം വിരല്‍ ചൂണ്ടുന്നത്. സി.ബി.ഐ മേധാവി അലോക് വര്‍മ്മയും രാകേഷ് അസ്താനയും തമ്മില്‍ തുടര്‍ന്നുവന്ന ചേരിപ്പോരിന്റെ ഭാഗമാണ് പുതിയ സംഭവ വികാസങ്ങള്‍ക്കു പിന്നിലെന്നു വ്യക്തമായിരിക്കെ പ്രാരംഭഘട്ടത്തില്‍ ഏജന്‍സിയെ ശുദ്ധികലശം നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സത്വര നടപടികളൊന്നും ഉണ്ടായില്ലെന്ന ആരോപണവും ശക്തമാണ്.
കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരം ഏല്ക്കുന്നതിനു മുമ്പ് 2014 ല്‍ മാംസക്കയറ്റുമതിക്കാരനായ മുഈന്‍ ഖുറൈഷിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുകയും ഇതു സംബന്ധിച്ച അന്വേഷണത്തിനിടെ ഖുറൈഷിയുടെ ബ്ലാക്ബെറി സന്ദേശ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ സി.ബി.ഐ മേധാവി എ.പി സിങ് യു.പി.എസ്.സി അംഗത്വം രാജിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്നുവര്‍ഷത്തിനുശേഷം സി.ബി.ഐ ആ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
വിദേശത്തെ ഇടപാടുകാര്‍ക്ക് കുഴല്‍പ്പണം എത്തിച്ചെന്ന ഗുരുതരമായ കണ്ടെത്തലാണ് ഖുറൈഷിക്കെതിരേയുള്ള കേസിന് ആധാരം. നരേന്ദ്രമോദിയുടെ വിശ്വസ്തന് എന്നറിയപ്പെടുന്ന അസ്താനയെ ആണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. സി.ബി.ഐയുടെ ചോദ്യം ചെയ്യലില്‍ നിന്നും തുടര്നടപടിക്രമങ്ങളില് നിന്നും രക്ഷപ്പെടാന്‍ ഇടനിലക്കാരന് വഴി അസ്താന കോടികള്‍ കോഴ വാങ്ങിയെന്നാണ് സി.ബി.ഐയുടെ എഫ്.ഐ.ആറിലെ വെളിപ്പെടുത്തല്‍.
മുംബൈ വ്യവസായിയായ മനോജ് പ്രസാദ് എന്നയാളായിരുന്നു അസ്താനയുടെ മുഖ്യ ഇടനിലക്കാരന്. ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് സി.ബി.ഐ സഹമേധാവിയുടെ കരങ്ങള്‍ കളങ്കിതമാണെന്ന വസ്തുത സി.ബി.ഐ കണ്ടെത്തിയത്. ഇതേ കേസില്‍ രാജ്യത്തെ ഉയര്‍ന്ന രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ) സ്പെഷല്‍ ഡയരക്ടര്‍ സാമന്ത് കുമാര്‍ ഗോയലിനെതിരേയും ആക്ഷേപമുയര്‍ന്നു. ഇക്കാര്യവും സി.ബി.ഐ അന്വേഷണത്തിലാണ്. അസ്താന കോഴ കൈപ്പറ്റിയതായി അറിയാമായിരുന്നു എന്നും ഇടനിലക്കാരുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നു എന്നുമാണ് ഗോയലിനെതിരേയുള്ള ആരോപണം.
ഇതിനൊക്കെ വ്യക്തമായ തെളിവുകളുണ്ടെന്ന് സി.ബി.ഐ സമര്ഥിക്കുമ്പോള് ഹൈദരാബാദ് വ്യവസായി സതീഷ് സാനയും ചില ആദായ നികുതി, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണു തനിക്കെതിരേയുള്ള എഫ്.ഐ.ആര് എന്നാണ് അസ്താനയുടെ ആരോപണം. സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മയ്ക്കെതിരേ അസ്താന പരസ്യ പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും ഒളിയമ്പുകളിലൂടെ അദ്ദേഹത്തെ കുടുക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. സതീഷ് സാനയെന്ന വ്യവസായി രണ്ടു കോടി രൂപ അലോക് വര്‍മ്മയ്ക്കു കോഴ നല്‍കിയെന്ന് ഒടുവില്‍ അസ്താന വെളിപ്പെടുത്തിയത് ഈ നീക്കത്തിന്റെ ഭാഗമാണ്.
ആറ് കോഴക്കേസുകളാണ് അസ്താനക്കെതിരേയുള്ളത്. അതേസമയം, അലോക് വര്‍മ്മയ്ക്കെതിരേ പത്തോളം അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയ അസ്താന സി.ബി.ഐയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന രീതിയില്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ക്കുള്ള വെടിമരുന്നാണിട്ടിരിക്കുന്നത്. ഈ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞു പ്രതികരിക്കണമെന്ന് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിരുന്നു.
ബി.ജെ.പിക്ക് വിശ്വസ്തനായ അസ്താനക്കെതിരേയാണ് ഗുരുതരമായ കോഴ ആരോപണം എന്നത് മോദിക്ക് തലവേദനയാണ്. കേന്ദ്രസര്‍ക്കാരിന്റെ മൂക്കുകയറില്‍ കഴിയുന്ന സി.ബി.ഐയിലെ അഴിമതിക്കറ ലാഘവത്തോടെ കഴുകിക്കളയാനാവില്ലെന്നു മോദിക്കറിയാം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് മുളയിലേ നുള്ളിയിരുന്നെങ്കില്‍ സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്ന പ്രതിസന്ധി ഉണ്ടാകില്ലായിരുന്നു എന്ന് ബി.ജെ.പി നേതാക്കള്‍ മോദി സമക്ഷം പരിദേവനം ഉയര്‍ത്തിയിട്ടുണ്ട്. കോടതിയെ സമീപിച്ച് അറസ്റ്റ് തടഞ്ഞ അസ്താന കേന്ദ്രസര്ക്കാറിനെയടക്കം മുള്‍മുനയിലാക്കുകയും ചെയ്തതോടെയാണ് അസാധാരണ നടപടികള്‍ക്ക് ബുധനാഴ്ച ഇന്ദ്രപ്രസ്ഥം സാക്ഷ്യം വഹിച്ചത്. അലോക് വര്‍മ്മയെ സി.ബി.ഐ മേധാവി സ്ഥാനത്തുനിന്ന് നീക്കിയ കേന്ദ്രസര്‍ക്കാര്‍ ഇദ്ദേഹത്തോടും അസ്താനയോടും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത് വീണ്ടും ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്.
വര്‍മയ്ക്കും അസ്താനയ്ക്കുമെതിരായ നടപടി അന്വേഷണം സുതാര്യമാക്കുന്നതിന് വേണ്ടിയാണെന്നും കേന്ദ്ര വിജിലന്‍സ് കമ്മിഷന് (സി.വി.സി) മാത്രമേ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കാന്‍ സാധിക്കുകയുള്ളൂ എന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാനുള്ള അലോക് വര്‍മ്മയുടെ ശ്രമമാണ് അദ്ദേഹത്തിനെതിരേയുള്ള നീക്കങ്ങള്‍ക്ക് ഹേതുവെന്ന ഗുരുതരമായ ആരോപണം കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് നയിക്കും.
അഴിമതി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരേയുള്ള ഈ അസാധാരണ നടപടി സി.ബി.ഐയില്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടുള്ള വെല്ലുവിളിയാണ്. റാഫേല്‍ അഴിമതിയില്‍ പ്രതിക്കൂട്ടിലായിരിക്കുന്ന പ്രധാനമന്ത്രിയടക്കം ഇതില്‍നിന്ന് രക്ഷനേടാനുള്ള നടപടികള്‍ ആലോചിക്കുന്ന വേളയിലാണ് സി.ബി.ഐയിലെ ചേരിപ്പോരും അസ്താനയ്ക്കെതിരേയുള്ള കേസും ഉടലെടുത്തത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതാവട്ടെ റാഫേല്‍ കേസില്‍ മുടിയിഴ കീറി പരിശോധന നടത്തി വരുന്ന അലോക് വര്‍മ്മയും. ഇദ്ദേഹത്തെ കൂടുതല്‍ നടപടികളിലേക്ക് നീങ്ങാന്‍ അനുവദിക്കാതെ മൂക്കുകയറിടാനുള്ള ഗൂഢാലോചന കേന്ദ്രത്തില്‍ നടന്നുവരുന്നതിനിടെയാണു മോദിക്കും കൂട്ടര്‍ക്കും ആശ്വാസമായി സി.ബി.ഐയിലെ ചേരിപ്പോര് വീണുകിട്ടിയത്. അലോക് വര്‍മ്മക്കെതിരേ എടുത്ത നടപടി കേന്ദ്ര സര്‍ക്കാരിനു തന്നെ വിനയായിത്തീരുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.