തിരുവനന്തപുരം
ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച നിയമഭേദഗതി ഓർഡിനൻസ് പുതുക്കി ഇറക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഓർഡിനൻസിന്റെ കാലാവധി നാളെ അവസാനിക്കുന്നതിനാലാണ് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയത്. ഓർഡിനൻസ് പുതുക്കൽ സാങ്കേതിക നടപടി മാത്രമെന്നു നിയമമന്ത്രി പി.രാജീവ് മന്ത്രിസഭയെ അറിയിച്ചു. അതേ സമയം, ഓർഡിനൻസിന്മേലുള്ള എതിർപ്പ് മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ അറിയിച്ചു.
വിഷയത്തിൽ സി.പി.ഐക്ക് വ്യത്യസ്ത നിലപാടാണുള്ളതെന്നാണ് മന്ത്രി കെ.രാജൻ വ്യക്തമാക്കി. എന്നാൽ നിയമസഭയിൽ ബിൽ വരുമ്പോൾ ചർച്ച ആകാമെന്നായിരുന്നു മുഖ്യമന്ത്രിയും നിയമമന്ത്രിയും നൽകിയ മറുപടി. ഇതിനോട് സി.പി.ഐ യോജിച്ചു. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ഓർഡിനൻസ് ഇറക്കാൻ ആദ്യം മന്ത്രിസഭ തീരുമാനിച്ചപ്പോൾ സി.പി.ഐ മന്ത്രിമാർ എതിർക്കാതിരുന്നത് അവരുടെ പാർട്ടിക്കുള്ളിൽ വിമർശനത്തിനു വഴിയൊരുക്കിയിരുന്നു.
ഭേദഗതിയോടു സി.പി.ഐക്കുള്ള അതൃപ്തി ആഴ്ചകൾക്കു ശേഷമാണ് മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ അറിയിച്ചത്. തർക്കത്തിൽ സി.പി.എം, സി.പി.ഐ ഉഭയകക്ഷി ചർച്ച നടത്തുമെന്നറിയിച്ചെങ്കിലും ചർച്ച നടന്നിട്ടില്ല. ഇന്നലെ വീണ്ടും വിഷയം മന്ത്രിസഭാ പരിഗണനയിൽ വന്നപ്പോഴാണ് സി.പി.ഐ എതിർപ്പ് വ്യക്തമാക്കിയത്.
Comments are closed for this post.