
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു മാസത്തിനിടെ അഞ്ചു സി.പി.എം പ്രവര്‍ത്തകര്‍ കൊലക്കത്തിക്കിരകളായ സംഭവങ്ങളില്‍ ഉന്നതരിലേക്കെത്താതെ പൊലിസ് അന്വേഷണം. പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നത് ഉന്നത ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ഓരോ കൊലയും നടക്കുമ്പോള്‍ ആരോപണമുന്നയിക്കുന്ന സി.പി.എം നേതാക്കള്‍ എന്നാല്‍ പൊലിസിന്റെ എഫ്.ഐ.ആര് വരുമ്പോള്‍ അതിനെക്കുറിച്ച് മിണ്ടാറില്ല.
ഈ കൊലപാതകങ്ങളില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ പ്രാദേശിക പ്രശ്നങ്ങളാണ് പല കൊലപാതകങ്ങള്‍ക്കും കാരണമെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. വലിയ വാര്‍ത്തയായ വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച പൊലിസ് ഉന്നത ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നാണ് പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 30ന് തിരുവോണത്തലേന്നാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ സി.പി.എം പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും വെട്ടിക്കൊന്നത്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് യുവാക്കളെ കൊന്നതെന്നും കൊലപാതകത്തിനു മുന്‍പായി കൊലയാളി സംഘം ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ആരോപിച്ചെങ്കിലും അതിലേക്ക് പൊലിസ് അന്വേഷണം പോയില്ല. ഒരു കോണ്‍ഗ്രസ് നേതാവിനേയും ചോദ്യം ചെയ്തതുമില്ല.
ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനത്തിനിടെയാണ് കൊലപാതകം നടന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കൊലയാളികളുടെ പേരു മാത്രമാണ് പൊലിസ് അതില്‍ പറഞ്ഞത്. ഡിസംബര്‍ ആറിന് കൊല്ലം മണ്‍റോ തുരുത്തിലെ മണിലാല്‍ കൊലചെയ്യപ്പെട്ടപ്പോള്‍ അതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് മുഖ്യമന്ത്രി തന്നെ ആരോപിച്ചെങ്കിലും തൊട്ടുപിന്നാലെ പൊലിസിന്റെ എഫ്.ഐ.ആറില്‍ വ്യക്തിവൈരാഗ്യമാണ് കൊലയിലേക്കു നയിച്ചതെന്നാണ് വ്യക്തമാക്കിയത്.
വെഞ്ഞാറമൂട് കൊലപാതകത്തിലെ പൊലിസിന്റെ അന്വേഷണ രീതിയോടൊക്കെ പ്രാദേശിക തലത്തില്‍ വലിയ എതിര്‍പ്പുയര്‍ന്നെങ്കിലും അഭ്യന്തര വകുപ്പിനെ ചോദ്യം ചെയ്യാന്‍ സി.പി.എമ്മിനകത്ത് ആരും ധൈര്യപ്പെടുന്നില്ല. പ്രാദേശിക വിഷയങ്ങളെ തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങളില്‍ ഉന്നത ഗൂഢാലോചന ആരോപിച്ച് സി.പി.എം രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ നേരത്തെ മുതല്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 19നാണ് കായംകുളത്ത് സി.പി.എം നേതാവ് സിയാദിനെ കുത്തിക്കൊന്നത്. കൊവിഡ് സെന്ററിലെ രോഗികള്‍ക്ക് ഭക്ഷണം നല്കി വരുന്നതിനിടെയാണ് സിയാദിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസിന്റ ക്വട്ടേഷന്‍ സംഘമാണെന്ന് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചെങ്കിലും അതു രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു പൊലിസിന്റെ നിഗമനം. ഇതേച്ചൊല്ലി വലിയ രാഷ്ട്രീയ വിവാദമുണ്ടായെങ്കിലും പ്രാദേശിക പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്ന് മന്ത്രി ജി. സുധാകരന് പരസ്യമായി പ്രതികരിച്ചതോടെ വിവാദങ്ങള്‍ക്ക് ശമനമായി.
ഒക്ടോബര്‍ നാലിനാണ് തൃശൂരില്‍ സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും കൊലയാളികള്‍ ആര്.എസ്.എസ്- ബംജ്റംഗ്ദള് പ്രവര്‍ത്തകരാണെന്നും സി.പി.എം ആരോപിച്ചെങ്കിലും ഇരുവിഭാഗം തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നായിരുന്നു പൊലിസിന്റെ കണ്ടെത്തല്‍.
ഇടതു സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ സി.പി.എമ്മുകാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിയും അമര്‍ഷവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനാലാണ് വലിയ പ്രതിഷേധമായി അതൊന്നും പുറത്തേക്കു വരാത്തത്. ഇതുവരെയുണ്ടായ എല്ലാ കൊലപാതകങ്ങളും കൃത്യമായി അന്വേഷിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തെന്ന് പൊലിസ് വ്യക്തമാക്കുന്നു. അപ്പോഴും ചെറിയ തര്‍ക്കങ്ങള്‍ പോലും കൊലപാതകത്തിലേക്കു നീങ്ങുന്ന അവസ്ഥ കേരളത്തിലുണ്ടെന്നത് പൊലിസിനു വെല്ലുവിളിയും പൊതുജനങ്ങള്‍ക്ക് ആശങ്കയും സൃഷ്ടിക്കുന്നു.