2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

സി പി എം പൊരുതേണ്ടത് സ്വന്തം ജീര്‍ണ്ണതയോട്


വര്‍ഗശത്രുക്കളോടും വര്‍ഗവഞ്ചകരോടും സുധീരം പോരാടി ചോരപ്പാടുകളോടെ രണഭൂമി താണ്ടിയ ചരിത്രമാണു സി.പി.എമ്മിന്റേത്. വര്‍ഗശത്രുക്കളെ നേരിടുന്നതിനേക്കാളും അതിതീക്ഷ്ണമായാണു വര്‍ഗവഞ്ചകരെ പാര്‍ട്ടി നേരിട്ടിരുന്നത്. അന്നു വര്‍ഗവഞ്ചകരെ തിരിച്ചറിയാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിരുന്നു. ഇക്കാലത്തു വര്‍ഗവഞ്ചകരെ പാര്‍ട്ടിക്കു തിരിച്ചറിയാനാകുന്നില്ലെന്നതാണു സി.പി.എം നേരിടുന്ന വിപര്യയം.

വര്‍ഗവഞ്ചകര്‍ ക്വട്ടേഷന്‍ സംഘങ്ങളായും മാഫിയാസംഘങ്ങളായും പാര്‍ട്ടിക്കുള്ളില്‍ തിരിച്ചറിയപ്പെടാതെ പതുങ്ങിയിരിപ്പാണ്. അവരാണിപ്പോള്‍ തലപൊക്കി പാര്‍ട്ടിയെയും ഭരണത്തെയും ക്ഷീണിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭരണസാരഥ്യം ഏറ്റെടുത്ത നാളുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഭരണപാടവം തിരിച്ചറിവിന്റെ ഫലശ്രുതികൂടിയായിരുന്നു.

30 വര്‍ഷത്തെ പശ്ചിമബംഗാള്‍ ഭരണം സി.പി.എമ്മിന് എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുത്തിയതിന്റെ അകംപൊരുള്‍ പകര്‍ന്നു നല്‍കിയ തിരിച്ചറിവ്. ബംഗാളില്‍ സി.പി.എമ്മിനുണ്ടായ തകര്‍ച്ച കേരളത്തില്‍ ആവര്‍ത്തിക്കരുതെന്ന പിണറായി വിജയന്റെ ദൃഢനിശ്ചയത്തിന്റെ ഫലവും കൂടിയായിരുന്നു ഭരണമേറ്റയുടനെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഇടതുപക്ഷം വരും എല്ലാം ശരിയാകുമെന്ന മുദ്രാവാക്യം ഇവന്റ് മാനേജ്‌മെന്റിന്റെ കൈപുണ്യമായിരുന്നെങ്കിലും അതു സാര്‍ത്ഥകമാക്കാന്‍ മുഖ്യമന്ത്രിക്ക് ഏകാംഗ പട്ടാളമാകേണ്ടിവന്നു.

മനഃസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെട്ട പി. ജയരാജനെപോലും കൈയൊഴിയുവാനുള്ള ധീരത മുഖ്യമന്ത്രി കാണിച്ചതു പാര്‍ട്ടി കേരളത്തില്‍ നിലനില്‍ക്കണമെന്ന അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹംകൊണ്ടു കൂടിയാകണം. അതിനാല്‍ത്തന്നെ, വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള ബദ്ധവൈരികള്‍ക്കുപോലും ഭരണത്തെ പ്രശംസിക്കേണ്ടി വന്നു.

പക്ഷേ, ഒരാള്‍ വിചാരിച്ചാല്‍ മാത്രം എത്രകാലം ഭരണചക്രത്തെ നേരായ വഴിയില്‍ തിരിക്കാനാകും. സംസ്‌കൃതചിത്തരെന്നും അഭിജാതരാഷ്ട്രീയത്തിന്റെ നേര്‍ചിത്രങ്ങളെന്നും നാം കരുതിപ്പോന്ന സി.പി.എം നേതാക്കളില്‍നിന്നുപോലും പാര്‍ട്ടിക്കുള്ളിലെ ജീര്‍ണതയെ ന്യായീകരിക്കുന്ന വര്‍ത്തമാനങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്. മതേതര ജനാധിപത്യ വിശ്വാസികള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഭരണകൂടത്തിനാണ് ഇങ്ങിനെ തളര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്നത്.

എംപി സ്ഥാനത്തുനിന്നു കാലാവധി കഴിഞ്ഞു പിരിയുന്ന പി. രാജീവിനു ലോക്‌സഭ നല്‍കിയ യാത്രയയപ്പില്‍ ഇതുപോലുള്ള നേതാക്കളെയാണു സി.പി.എം ലോക്‌സഭയിലേയ്ക്ക് അയക്കേണ്ടതെന്നു ബി.ജെ.പി മന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി പോലും പ്രശംസിച്ചിരുന്നു. അതേ രാജീവ് എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്നു സക്കീര്‍ ഹുസൈനെ ന്യായീകരിക്കുകയാണ്.

ആരോഗ്യ മന്ത്രി കെ.കെ ശൈലജയില്‍നിന്നും മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത രാഷ്ട്രീയാപചയത്തിന്റെ വാക്കുകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ കേരളീയ സമൂഹം എങ്ങനെ ഞെട്ടിത്തെറിക്കാതിരിക്കും. തെറ്റു ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഒരു തരത്തിലും സംരക്ഷിക്കുകയില്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം ആവര്‍ത്തിച്ചുവെങ്കിലും വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സി.പി.എം ജില്ലാകമ്മിറ്റിയംഗം സക്കീര്‍ ഹുസൈനുവേണ്ടി പൊലിസ് ഇപ്പോഴും ‘ഇരുട്ടില്‍’തപ്പുകയാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു.

സക്കീര്‍ഹുസൈനാകട്ടെ മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടിയുള്ള ശ്രമത്തിലും. വടക്കാഞ്ചേരി പീഡനക്കേസില്‍ പ്രതിയായ സിപിഎം കൗണ്‍സിലര്‍ ജയന്തനെ ഇപ്പോഴും പൊലിസിന് അറസ്റ്റ് ചെയ്യാനായിട്ടില്ല. അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്തി കെ.രാധാകൃഷ്ണന്‍ തന്റെ മാന്യമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അന്ത്യം കുറിച്ചിരിക്കുന്നു. ഇരകളാകുന്ന പെണ്‍കുട്ടികളുടെ പേരുകള്‍ വെളിപ്പെടുത്തുന്നതില്‍ കുഴപ്പമില്ലെന്നു പറഞ്ഞ്, മഹിളാ അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തിരുന്നു സ്ത്രീകളുടെ അവകാശത്തിനുവേണ്ടി ഘോരഘോരം ശബ്ദിച്ച കെ.കെ ശൈലജ ഇപ്പോള്‍ സ്ത്രീലോകത്തെ ആകമാനം നാണംകെടുത്തിയിരിക്കുന്നു.

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞു പണം തട്ടിയ ഡി.വൈ.എഫ്. ഐ നേതാവ് സിദ്ദീഖ് ഇപ്പോഴിതാ മറ്റൊരു ഗുണ്ടാ ആക്രമണക്കേസിലും പ്രതിയാണെന്നു കണ്ടെത്തിയിരിക്കുന്നു. എണ്‍പതുകള്‍ക്കുശേഷം പാര്‍ട്ടിയില്‍ ചേക്കേറിയവര്‍ക്കൊന്നും പാര്‍ട്ടിയുടെ ചരിത്രം അറിഞ്ഞുകൊള്ളണമെന്നില്ല. ചരിത്രബോധമില്ലാത്തവര്‍ക്കു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിന്റെ കാര്‍ഷികഭൂമികയിലും തൊഴില്‍മേഖലകളിലും ചോരപ്പുഴ താണ്ടിയതിന്റെ ചരിത്രം അറിഞ്ഞുകൊള്ളണമെന്നില്ല.

സല്‍ഭരണമുണ്ടാകുമെന്ന കേരളീയരുടെ പ്രതീക്ഷകള്‍ക്കാണ് ഇവര്‍ ചിതയൊരുക്കിയിരിക്കുന്നത്. ഇവരെ നിഷ്‌കരുണം പുറത്തു കളയുന്നില്ലെങ്കില്‍ കേരളം സി.പി.എമ്മിനു മറ്റൊരു പശ്ചിമബംഗാളാകുന്ന കാലം വിദൂരമായിരിക്കില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.