
സ്വന്തം ലേഖകൻ
തിരുവനന്തപുരം
കൊവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാന ജില്ലയിൽ സി.പി.എം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തവരിൽ പലർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ രോഗവ്യാപനം രൂക്ഷമായതിനാൽ പൊതുയോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കിയിരുന്നു. ഇതിനിടെയാണ് പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തവർക്ക് രോഗം സ്ഥി രീകരിച്ചെന്ന വിവരം പുറത്തുവന്നത്.
സമ്മേളനത്തിൽ പങ്കെടുത്ത കാട്ടാക്കട എം.എൽ.എ ഐ.ബി സതീഷ്, നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ ഷിബു എന്നിവർക്ക് കഴിഞ്ഞ ദിവസം തന്നെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ നേതാക്കൾ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
സി.പി.എം സമ്മേളനങ്ങളിലെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനെതിരേ പൊലിസ് കേസെടുക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കൊവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച് നടത്തുന്ന പാർട്ടി സമ്മേളനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന പൊലിസ് ഓരോ ദിവസവും സാധാരണക്കാർക്കെതിരേ കേസെടുക്കുന്നത് എന്തടിസ്ഥാനത്തിലാണ്?
കഴിഞ്ഞ ദിവസം മാത്രം കൊവിഡ് മാനദണ്ഡം ലംഘിച്ചതിനു 3,424 പേർക്കെതിരേയാണ് കേസെടുത്തത്.
ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയാണ് സർക്കാർ സാധാരണക്കാരിൽനിന്ന് പിഴയായി ഈടാക്കുന്നത്.
എന്നാൽ സി.പി.എം സമ്മേളനങ്ങളിൽ നിയമം ലംഘിക്കുമ്പോൾ പൊലിസ് കാഴ്ചക്കാരായി നിൽക്കുകയാണ്. നിയമം എല്ലാവർക്കും ബാധകമാണ്. സാധാരണക്കാരെ മാത്രം ക്രൂശിക്കുന്ന നടപടി പൊലിസ് അവസാനിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.