ജലീൽ അരൂക്കുറ്റി
ആലപ്പുഴ
വിഭാഗീയത ശക്തമായ ആലപ്പുഴയിൽ ഏരിയ സമ്മേളനങ്ങളോടനുബന്ധിച്ചു നടന്ന പ്രവർത്തനങ്ങൾ പരിശോധിക്കാൻ കമ്മിഷനെ നിയോഗിക്കാൻ തീരുമാനം. ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരിക്കാൻ ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച തീരുമാനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്തത്.
പാർട്ടി കോൺഗ്രസിനു മുന്നോടിയായി നടന്ന ജില്ലയിലെ ഏരിയ സമ്മേളനങ്ങളിൽ കടുത്ത വിഭാഗീയ പ്രവർത്തനം നടന്നതായി സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട്, തകഴി ഏരിയ സമ്മേനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഭാഗീയതകളാണ് അന്വേഷിക്കുക. കമ്മിഷനെ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. പാർട്ടിസമ്മേളനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിമർശനം നടത്തിയ യു. പ്രതിഭ എം.എൽ.എയ്‌ക്കെതിരേ അച്ചടക്ക നടപടി വേണ്ടെന്ന് തീരുമാനിച്ചു. വന്നുപോയ പിഴവുകൾ അവർ സമ്മതിച്ചതായും ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയതായും ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റിയിൽനിന്ന് പ്രായപരിധിയുടെ പേരിൽ പുറത്തായ മുൻ മന്ത്രി ജി.സുധാകരനെ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കാൻ തീരുമാനിച്ചു. സുധാകരന്റെ ഘടകം ജില്ലാ കമ്മിറ്റി ഓഫിസിലെ സെൻട്രൽ ബ്രാഞ്ച് കമ്മിറ്റിയായിരിക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. മൂന്നു പേരെ ഉൾപ്പെടുത്തി 12 അംഗജില്ലാ സെക്രട്ടറിയേറ്റിനും രൂപം നൽകി. പടനിലം സ്‌കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റിൽനിന്ന് ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട കെ രാഘവനും ഒരു ഇടവേളയ്ക്ക് ശേഷം എച്ച്.സലാം എം.എൽ.എയും ജില്ലാ സെക്രട്ടേറിയറ്റിൽ തിരിച്ചെത്തി. മഹിളാ അസോസിയേഷൻ നേതാവ് ജി.രാജമ്മയാണ് പുതുമുഖം.
Comments are closed for this post.